‘ഡോക്ടറെ ആക്രമിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്’; ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ആരോഗ്യമന്ത്രി

മാവേലിക്കരയില്‍ ഡ്യൂട്ടിയിലായിരുന്ന ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ഒരു കാരണവശാലും അംഗീകരിക്കാനോ ന്യായീകരിക്കാനോ കഴിയില്ല. ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാര്‍ അതിശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡോ. രാഹുലിന്റെ വിഷമം മനസിലാക്കുന്നു. അദ്ദേഹത്തിനൊപ്പമാണുള്ളത്.

ആരോഗ്യമന്ത്രി

പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നുതന്നെ നല്‍കിയിട്ടുണ്ട്. ഡിജിപിയുമായും എസ്പിയുമായും ഞാന്‍ പലതവണ സംസാരിച്ചിരുന്നു.

ആരോഗ്യപ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന തരത്തിലുള്ള ഒരു സംഭവങ്ങളും അംഗീകരിക്കില്ല. പ്രതിയെ ഒരു കാരണവശാലും സര്‍ക്കാര്‍ സംരക്ഷിക്കില്ല. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഘം തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തുകയാണ്. ആരോഗ്യപ്രവര്‍ത്തകരുടെ വിഷമം ഉള്‍ക്കൊള്ളുന്നു. ഈ പകര്‍ച്ചവ്യാധിയുടെ കാലത്ത് വലിയ കഠിനാധ്വാനമാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്നതെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഡോ. രാഹുല്‍ മാത്യു

തന്നെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് രാജിവെയ്ക്കുകയാണെന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. രാഹുല്‍ മാത്യു പ്രഖ്യാപിച്ചിരുന്നു. ഇടതുപക്ഷ പ്രവര്‍ത്തകനായിട്ടുപോലും തനിക്ക് നീതി കിട്ടിയില്ല. 40 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും രാഹുല്‍ മാത്യു ചൂണ്ടിക്കാട്ടി. അറസ്റ്റ് ഉടനുണ്ടായേക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ഡോക്ടര്‍ രാജി വെയ്ക്കുമെന്ന നിലപാട് മയപ്പെടുത്തിയിട്ടുണ്ട്.

ഉമ്പര്‍നാട് സ്വദേശിയും സിവില്‍ പൊലീസ് ഓഫീസറുമായ അഭിലാഷ് ആണ് രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമ്മ ലാലി മരിച്ചതിന് പിന്നാലെ അഭിലാഷ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മര്‍ദ്ദിക്കുകയായിരുന്നു. അഭിലാഷിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഒഎംഒയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയ അഭിലാഷ് അമ്മയെ നഷ്ടമായി, ജാമ്യം നിഷേധിച്ചാല്‍ ജോലിയും കൂടി നഷ്ടമാകുമെന്നാണ് വാദിച്ചത്. പ്രതിക്ക് മുന്‍കൂര്‍ജാമ്യം നല്‍കരുതെന്ന കര്‍ശനനിലപാടാണ് ഡോക്ടര്‍ക്ക് വേണ്ടി വാദിച്ച കെജിഎംഒഎ അഭിഭാഷന്‍ സ്വീകരിച്ചത്. പ്രതിക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് മോശം സന്ദേശം നല്‍കുമെന്നും രാജ്യത്ത് പല സ്ഥലങ്ങളിലും സമാനതരത്തില്‍ ഡോക്ടര്‍മാര്‍ ആക്രമണത്തിന് ഇരയാകുകയാണെന്നും ഡോക്ടര്‍മാരുടെ സംഘടന വാദിച്ചു. കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു.