‘ഓണ്‍ലൈന്‍ ആള്‍ക്കൂട്ടത്തിന്റെ മനസിലല്ല ഷമിയുടെ ഹൃദയത്തിലാണ് ഇന്ത്യ’; തോല്‍വിക്ക് ശേഷം ഷമിയെ ആക്രമിക്കുന്നതിനെതിരെ ചാഹലും സെവാഗും ഇര്‍ഫാനും

ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തില്‍ പാക് ടീമിനോട് ഇന്ത്യന്‍ സ്‌ക്വാഡ് തോറ്റതിന്റെ പേരില്‍ ഇന്ത്യന്‍ ബോളര്‍ മുഹമ്മദ് ഷമിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തോട് പ്രതികരിച്ച് സഹതാരങ്ങളും മുന്‍ താരങ്ങളും. മൊഹമ്മദ് ഷമിക്കെതിരെ നടക്കുന്ന ഓണ്‍ലൈന്‍ ആക്രമണം ഞെട്ടിക്കുന്നതാണെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വിരേന്ദര്‍ സെവാഗ് പറഞ്ഞു. ഞങ്ങള്‍ ഷമിക്കൊപ്പമാണ് നില്‍ക്കുന്നത്. അദ്ദേഹം ഒരു ചാംപ്യനാണ്. ഓണ്‍ലൈന്‍ ആള്‍ക്കൂട്ടത്തേക്കാള്‍ ഇന്ത്യന്‍ ജേഴ്‌സിയണിയുന്ന ഏതൊരാളും ഇന്ത്യയെ നെഞ്ചിലേറ്റുന്നുണ്ടെന്നും സെവാഗ് ട്വീറ്റ് ചെയ്തു.

വിദ്വേഷപ്രചാരകര്‍ക്കെതിരെ രൂക്ഷപ്രതികരണമാണ് മുന്‍ ബോളര്‍ ഇര്‍ഫാന്‍ പഠാന്‍ നടത്തിയത്. മൈതാനത്തെ ഇന്ത്യ, പാകിസ്താന്‍ പോരാട്ടങ്ങളില്‍ നമ്മള്‍ തോറ്റപ്പോഴൊക്കെ ഞാനും ടീമിലുണ്ടായിരുന്നിട്ടുണ്ട്. പാകിസ്താനിലേക്ക് പോകാന്‍ എന്നോടൊരിക്കലും പറഞ്ഞിട്ടില്ലെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി.

കുറച്ചുവര്‍ഷം മുന്‍പത്തെ ഇന്ത്യയേക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഈ വൃത്തികേട് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

ഇര്‍ഫാന്‍ പഠാന്‍

മൊഹമ്മദ് ഷമിയെ ഓര്‍ത്ത് ഏറെ അഭിമാനിക്കുന്നെന്ന് ഇന്ത്യന്‍ ടീമംഗം യൂസ്‌വേന്ദ്ര ചാഹല്‍ ട്വീറ്റ് ചെയ്തു. അനാരോഗ്യകരമായ വിമര്‍ശനങ്ങളെ അപലപിച്ച് മുന്‍ ഇന്ത്യന്‍ താരം യൂസഫ് പഠാനും ട്വിറ്ററിലൂടെ പ്രതികരിച്ചു.

മൊഹമ്മദ് ഷമി

പാകിസ്താനോട് പത്ത് വിക്കറ്റിന് തോറ്റതിന് ശേഷം ഒരു വിഭാഗമാളുകള്‍ മൊഹമ്മദ് ഷമിയെ ലക്ഷ്യമിടുകയായിരുന്നു. ടീമിന്റെ മൊത്തം പ്രകടനത്തെ ആരോഗ്യപരമായി വിമര്‍ശിക്കുന്നതിനേക്കാള്‍ ഷമിയെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനാണ് ഇക്കൂട്ടര്‍ താല്‍പര്യം കാണിച്ചത്. ഷമിയുടെ മതം ചൂണ്ടിയുള്ള അധിക്ഷേപങ്ങളായിരുന്നു കൂടുതലും. ഷമി പാകിസ്താന്റെ പണം വാങ്ങിയാണ് കളിക്കുന്നതെന്നും പാകിസ്താനിലേക്ക് പോകണമെന്നും ബോളറുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ക്ക് കീഴെ ആക്രോശങ്ങളുയര്‍ന്നു.

ഞായറാഴ്ച്ച നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് ബാബര്‍ അസം നയിച്ച പാക് ക്രിക്കറ്റ് ടീം ഇന്ത്യന്‍ ടീമിനെ പരാജയപ്പെടുത്തിയത്. ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്താന്‍ ഇന്ത്യക്കെതിരെ നേടുന്ന ആദ്യ ജയമാണിത്. മൊഹമ്മദ് റിസ്വാനും (79 റണ്‍സ്) ബാബര്‍ അസമും (68 റണ്‍സ്) 17-ാം ഓവറില്‍ വിജയലക്ഷ്യം കണ്ടു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ വരിഞ്ഞുകെട്ടിയത് പാക് പേസര്‍ ഷഹീന്‍ അഫ്രീദിയുടെ ബോളിങ്ങാണ്. 31 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് അഫ്രീദി വീഴ്ത്തിയത്. ഓപ്പണിങ്ങിന് ഇറങ്ങിയ രോഹിത് ശര്‍മ്മയേയും കെ. എല്‍ രാഹുലിനേയും അഫ്രീദി പറഞ്ഞയച്ചതോടെ ഇന്ത്യന്‍ ബാറ്റിങ്ങ് നിര പരുങ്ങി. കോഹ്ലിയുടെ അര്‍ധസെഞ്ചുറിയാണ് (57) 2007ലെ ജേതാക്കളായ ഇന്ത്യയെ 151ലെത്തിച്ചത്.