ന്യൂഡല്‍ഹി: കേരള തീരത്തുവെച്ച് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ നിയമനടപടികള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ച് സുപ്രീം കോടതി. ഒമ്പത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവിലാണ് കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തീരുമാനമെടുത്തത്.
ഇന്ത്യയിലെ കേസുകളാണ് അവസാനിപ്പിച്ചത്. ഇറ്റലി ഉടന്‍ ക്രിമിനല്‍ നടപടികള്‍ തുടങ്ങണമെന്നും ഇന്ത്യയും കേരളവും അന്വേഷത്തോട് സഹകരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
നഷ്ടപരിഹാര തുകയായ 10 കോടി രൂപ കേരള ഹൈക്കോടതിക്ക് കൈമാറാന്‍ ഉത്തരവിട്ടാണ് തീരുമാനം. നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ ഒരു ജഡ്ജിയെ നിയോഗിക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും ധനസഹായം നല്‍കും. സുപ്രീംകോടതി രജിസ്ട്രിയില്‍ പണം എത്തിയാല്‍ മാത്രമേ കേസ് ഔദ്യോഗികമായി അവസാനിക്കുകയുള്ളു.
2012 ഫെബ്രുവരി 15നാണ് സെയ്ന്റ് ആന്റണി ബോട്ടില്‍ മത്സ്യബന്ധനത്തിന് പോയ ജെലസ്റ്റിന്‍, അജീഷ് പിങ്ക് എന്നിവര്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിക്കുന്നത്. എന്റിക്ക ലെക്സി എന്ന എണ്ണ കപ്പലിലെ ഉദ്യോഗസ്ഥരാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവച്ചത്. അടുത്ത ദിവസം വെടിവച്ച സാല്‍വത്തോറെ ജെറോണിനെയും മാസിമിലാനോ ലത്തോറെയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.