‘കൊലയാളിയെ ഇങ്ങനെ മഹത്വവല്‍കരിക്കണോ?’; വിമര്‍ശനങ്ങളേത്തുടര്‍ന്ന് ‘കുറുപ്പ്’ ടീ ഷര്‍ട്ട് പോസ്റ്റ് ദുല്‍ഖര്‍ പിന്‍വലിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് സിനിമയുടെ പ്രമോഷന്‍ രീതികള്‍ക്കെതിരെ വിമര്‍ശനം. ചാക്കോ വധവും സുകുമാരക്കുറുപ്പിന്റെ തിരോധാനവും പശ്ചാത്തലമായൊരുക്കുന്ന ചിത്രത്തിന്റെ പ്രചാരണ രീതികള്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് നീതികേട് കാണിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സിനിമാസ്വാദകര്‍ രംഗത്തെത്തി. കുറുപ്പ് പ്രമോഷന്റെ ഭാഗമായി ടീഷര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ‘കുറുപ്പ്: വാണ്ടഡ് സിന്‍സ് 1984’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് നടി സാനിയ ഇയ്യപ്പന്‍ പോസ് ചെയ്ത ചിത്രങ്ങള്‍ ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തു. വിമര്‍ശനങ്ങള്‍ രൂക്ഷമായതിനേത്തുടര്‍ന്ന് ‘കുറുപ്പ് മെര്‍ച്ചന്‍ഡൈസ്’ പോസ്റ്റ് നടന്‍ പിന്‍വലിച്ചു. ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഒക്ടോബര്‍ 31ന് ട്വീറ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും നടന്‍ നിലനിര്‍ത്തിയിട്ടുണ്ട്.

ദുല്‍ഖര്‍ പിന്‍വലിച്ച ഫേസ്ബുക്ക് പോസ്റ്റ്

ചിത്രത്തിലെ ‘പകലിരവുകള്‍’ എന്ന ഗാനത്തിന്റെ ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ടുള്ള ദുല്‍ഖറിന്റെ പോസ്റ്റിന് കീഴിലും വിമര്‍ശനങ്ങളെത്തുന്നുണ്ട്. കമന്റ് ബോക്‌സിലെ ചില പ്രതികരണങ്ങള്‍ ഇങ്ങനെ:

‘കൊലയാളിയായി അറിയപ്പെട്ട കുറുപ്പിനെ നിങ്ങള്‍ അങ്ങനെ നായക കഥാപാത്രമാക്കി. പ്രണയവും എന്ത് പണ്ടാരം വേണമെങ്കിലും ആയിക്കോട്ടെ. ഇന്‍ഷുറന്‍സ് കിട്ടാന്‍ ഒരു പാവത്തിനെ കൊന്നതിന്റെ യഥാര്‍ത്ഥ കഥ അതില്‍ ഉണ്ടായാല്‍ മതിയായിരുന്നു.’

‘ഒരാളെ പച്ചക്ക് കത്തിച്ച ആളെ ഹീറോ ആക്കരുത്.’

‘കുറുപ്പിനെ ഇത്രയും വൈറ്റ് വാഷ് ചെയ്യേണ്ടായിരുന്നു.’

‘പറഞ്ഞുവരുന്നത് സുകുമാര കുറുപ്പ് പുണ്യാളന്‍ ആയിരുന്നു എന്നാണോ?’

‘അവനവന്റെ ആര്‍ത്തിക്കുവേണ്ടി മറ്റൊരു മനുഷ്യനെ ബലയാടാക്കിയ ക്രൂരതയെ ഗ്ലോറിഫൈ ചെയ്യുന്നത് ആസ്വദിക്കാന്‍ എളുപ്പമല്ല.. കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും ഈ സിനിമയെ എങ്ങനെയാവും കാണുക എന്നാണ് പോസ്റ്റര്‍ കണ്ടപ്പോഴെല്ലാം ഓര്‍ത്തത്.. ‘സിനിമയാണ്’ ശരിയാണ്.. പക്ഷേ അവനവന്റെ പണാര്‍ത്തിയുടെ മുന്നില്‍ മനുഷ്യജീവന്‍ നിസാരമെന്ന് കരുതിയ ക്രിമിനല്‍ ബുദ്ധിയെ ഗ്ലോറിഫൈ ചെയ്യുന്നതില്‍ ചില പ്രശ്‌നങ്ങളുണ്ട്.’

‘പടം ഇറങ്ങട്ടെ, സുകുമാരക്കുറുപ്പിനെ ഗ്‌ളോറിഫൈ ചെയ്താല്‍ മലയാളികള്‍ ബഹിഷ്‌കരിക്കണം. സംവിധായകനേയും അഭിനേതാക്കളേയും എഴുത്തുകാരേയും ഉള്‍പ്പെടെ.’

ദുല്‍ഖര്‍ സല്‍മാന്‍, കുറുപ്പ്

കൊല്ലപ്പട്ട ചാക്കോയുടെ മകന്‍ ജിതിന്‍ മൂന്ന് മാസം മുന്‍പ് നടത്തിയ പ്രതികരണവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. കുറുപ്പ് ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ഫേസ്ബുക്ക് സ്റ്റോറികളിലും ഇന്‍സ്റ്റഗ്രാം റീലുകളിലും ഇടംപിടിക്കുകയും ചെയ്ത സമയത്ത് ജിതിന്‍ പറഞ്ഞതിങ്ങനെ.

‘ചിത്രത്തിന്റെ ടീസര്‍ കണ്ടപ്പോള്‍ മനസ്സിലെനിക്ക് വല്ലാത്ത വേദന തോന്നി. ഞാനത് അമ്മയെയും കാണിച്ചു. അമ്മയും തകര്‍ന്നുപോയി. കഥാപാത്രമായ സുകുമാരക്കുറുപ്പിന്റെ ‘ഇനി ഞാന്‍ വിചാരിക്കണം എന്നെ പിടിക്കാന്‍’-എന്ന സംഭാഷണം കൂടി കേട്ടപ്പോള്‍ ആകെ തകര്‍ന്നു. എന്റെ അപ്പനെ കൊന്നയാളെ മഹത്വവല്‍ക്കരിക്കുകയാണെന്ന് എനിക്ക് തോന്നി. അപ്പന്റെ മരണ വാര്‍ത്തയറിഞ്ഞതിന്റെ അന്ന് അമ്മയുടെ അപ്പന്‍ ഹൃദയാഘാതം വന്ന് മരിച്ചു. അപ്പന്റെ അമ്മ കിടപ്പിലായി.

ചാക്കോയുടെ മകന്‍ ജിതിന്‍ അമ്മ ശാന്തമ്മയോടൊപ്പം

പിന്നീട് അമ്മ എന്നെ പ്രസവിച്ചതും ഒറ്റയ്ക്ക് വളര്‍ത്തിയതും ഒരുപാട് യാതനകള്‍ അനുഭവിച്ചായിരുന്നു. അമ്മയ്ക്ക് ഇപ്പോള്‍ അതൊന്നും ഓര്‍ക്കാനോ അതെക്കുറിച്ച് സംസാരിക്കാനോ ഇഷ്ടമല്ല. പക്ഷേ മാധ്യമങ്ങളിലൂടെയും സിനിമകളിലൂടെയും അപ്പനെ കൊന്നയാളുടെ പേര് കേള്‍ക്കുമ്പോള്‍ മനസ്സ് വല്ലാതെ അസ്വസ്ഥമാകും. ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ എന്റെ അപ്പനെ കൊന്നവന്‍ പൊതുജനത്തിന് മുന്നില്‍ ഹീറോ ആയി തീരുമോ എന്ന ഭയം എനിക്കുണ്ട്. അയാളുടെ ക്രൂരതയുടെ പരിണിതഫലം അനുഭവിച്ച ഞങ്ങള്‍ക്ക് അതൊരിക്കലും താങ്ങാനാകില്ല.’ തെറ്റായ സന്ദേശം നല്‍കരുതെന്നാവശ്യപ്പെട്ട് ദുല്‍ഖറിന് ചാക്കോയുടെ കുടുംബം വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

ദുല്‍ഖറിനെ ഹീറോയാക്കിയാണ് ചിത്രീകരിക്കുന്നതെന്ന വാദങ്ങള്‍ തിടുക്കപ്പെട്ടുള്ളതാണന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇത്തരം മുന്‍വിധികള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് ചില സിനിമാസ്വാദകര്‍ പരാതിപ്പെടുന്നു. ‘കുറുപ്പ്’ റിലീസ് ചെയ്ത് സിനിമ മുഴുവനായി കാണാതെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ അനാവശ്യമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.