‘വിമര്‍ശനം വര്‍ഗീയ എതിര്‍പ്പാകരുത്, ക്ലബ്ബ് ഹൗസിലെ ക്രിസ്തീയ യുവത്വത്തിനും ഈ മാനദണ്ഡം ബാധകമാണ്’; സമുദായ നേതാക്കള്‍ ഒന്നിച്ച് ചെറുക്കണമെന്ന് സ്റ്റാന്‍ലി ജോണി

കഴിഞ്ഞ ദിവസം കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ പേരില്‍ ക്രിസ്തീയ യുവത്വമേ ഇതിലെ വരൂ എന്ന വിഷയത്തില്‍ ക്ലബ്ബ് ഹൗസില്‍ നടന്ന ചര്‍ച്ച വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. മുസ്ലീം വിഭാഗക്കാര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങളും ലവ് ജിഹാദ് ആരോപണങ്ങളും പ്രചരിപ്പിക്കാന്‍ ചര്‍ച്ച ഉപയോഗിച്ചെന്ന് വിമര്‍ശനമുയര്‍ന്നു. എല്ലായിടത്തും വര്‍ഗീയമായ ഭിന്നതയും ചേരിതിരിവും ശക്തിപ്പെട്ട് വരുകയാണെന്നും രാഷ്ട്രീയ-സമുദായ നേതൃത്വങ്ങള്‍ ഒന്നിച്ച് നിന്ന് ഇതിനെ ചെറുക്കണമെന്നും ‘ദ ഹിന്ദു’ ഫോറിന്‍ എഡിറ്റര്‍ സ്റ്റാന്‍ലി ജോണി പറയുന്നു.

“ഇസ്ലാമിസ്റ്റ് തീവ്രവാദത്തെ പറ്റിയുള്ള ഒരു വാദം അത് സാമ്രാജ്വത്വത്തിന്റെ സൃഷ്ടിയാണെന്നാണ്. അല്ലെങ്കില്‍ സാമ്രാജ്യത്വമോ, അധിനിവേശമോ ഉണ്ടാക്കിയ ഒബ്‌ജെക്റ്റീവ് റീയാലിറ്റിയില്‍ നിന്നാണു ഇസ്ലാമിസ്റ്റ് തീവ്രവാദം ഉണ്ടായത് എന്ന്. ഈ വാദത്തിന്റെ വകഭേദങ്ങള്‍ മറ്റു പലയിടത്തും കാണാം. ഉദാഹരണത്തിനു ഇന്ത്യയില്‍ ഹിന്ദുത്വ വര്‍ഗീയത ശക്തിപ്പെടുന്നതിനു ഇസ്ലാമിസ്റ്റുകള്‍ വളം വച്ചു കൊടുക്കുന്നുണ്ടെന്നും, ഹിന്ദുത്വ വര്‍ഗീയതയോടുള്ള പ്രതികരണം എന്ന നിലയ്ക്കാണു ഇസ്ലാമിസ്റ്റ് സംഘങ്ങള്‍ ഇന്ത്യയിലും വിശിഷ്യാ കേരളത്തിലും ശക്തിപ്പെട്ടത് എന്നും കേള്‍ക്കാം.

ഇതേ വാദം ക്രിസ്ത്യന്‍ വര്‍ഗീയതയുടെ സാഹചര്യത്തിലും ഉയര്‍ന്നു വരുന്നുണ്ട്. അതായത് ജോസഫ് മാഷുടെ കൈ വെട്ട്, ഐസിസിലേക്ക് കേരളത്തില്‍ നിന്നുള്ള ഏതാനും പേരുടെ പലായനം, ഹായ സോഫിയാ വിഷയത്തില്‍ ലീഗ് നേതാക്കളടക്കമുള്ളവര്‍ എടുത്ത നിലപാട് എന്നിവ മുതല്‍ മുന്നോക്ക സംവരണത്തോടുള്ള നിലപാടു വരെ ക്രിസ്ത്യന്‍ വര്‍ഗീയതയെ സഹായിക്കുന്നുവെന്ന് ഈ വിഷയത്തെ സാന്ദര്‍ഭീകരിച്ചു കൊണ്ട് പലരും പറയുന്നുണ്ട്. ഈ വാദത്തില്‍ സാംഗത്യമുണ്ടാകാം.

ഒബ്ജക്ടീവ് സാഹചര്യങ്ങള്‍ നമുക്ക് പൂര്‍ണമായും അവഗണിക്കാന്‍ കഴിയില്ല. പക്ഷേ അതോടൊപ്പം തന്നെ സബ്ജക്ടിവിറ്റി (കര്‍തൃത്വം) എന്നൊരു സംഗതി കൂടിയുണ്ട്. അതായത് ഇസ്ലാമിസം വളരാനുള്ള ആഗോള, പ്രാദേശിക കാരണങ്ങള്‍ എന്തോ ആകട്ടെ, അറുപതു വയസാവാറായ ഒരു അധ്യാപകന്റെ കൈ അറുത്തുമാറ്റുന്നവന്റെ കര്‍തൃത്വമുണ്ടല്ലോ? അതു കൂടി മനസിലാക്കിയാലേ നമ്മുടെ വിമര്‍ശനം പൂര്‍ത്തിയാവൂ. ഏത് വര്‍ഗീയവാദിക്കും, ഹിന്ദുത്വയാവട്ടേ, ക്ലബ്ഹൗസിലെ ‘ക്രിസ്തീയ യുവത്വ’മാവട്ടെ, ഇതേ മാനദണ്ഡം ബാധകമാണ്.

ഈ ക്ലബ്ഹൗസ് ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തില്ല. ടൈറ്റില്‍ കണ്ടപ്പോള്‍ ആ ഭാഗത്തേക്കു പോകാനേ തോന്നിയില്ല. ഇന്ന് രാവിലെ സുഹൃത്തും അധ്യാപകനുമായ ഒരാള്‍ പത്തു മിനറ്റ്‌സ് ആ ഗ്രൂപ്പില്‍ ചിലവഴിച്ച കഥ വിവരിച്ചിരുന്നു. ക്രിസ്ത്യന്‍ ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ഗീയതയും, മുസ്ലിം വിരുദ്ധതയും ശക്തമായി വരുന്നു എന്നത് വാസ്തവമാണു. അതിന്റെ പ്രതികരണങ്ങള്‍ നമുക്ക് പലയിടത്തും കാണാം. അനെക്‌ഡോട്ടല്‍ ഉദാഹരണങ്ങള്‍ ധാരാളമാണ്.

എന്റെ കൂടെ കോളേജില്‍ പഠിച്ച ഒരാള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നെ ഫെയ്‌സ്ബുക്കില്‍ നിരന്തരമായി അധിക്ഷേപിക്കുമായിരുന്നു. എനിക്കും ഈ മനുഷ്യനും തമ്മില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളൊന്നും തന്നെയില്ല. മറ്റു സുഹൃത്തുക്കള്‍ പറയുമ്പോഴാണു ഈ പോസ്റ്റുകള്‍ ഞാന്‍ കാണുന്നതു തന്നെ. കടുത്ത മുസ്ലിം വിരുദ്ധ പോസ്റ്റുകളായിരുന്നു ടിയാന്റേത്. ഞാന്‍ ഒരിക്കല്‍ പോലും മറുപടി പറഞ്ഞിട്ടില്ല. വിമര്‍ശനങ്ങളോട് മറുപടി പറയാം. അവഹേളനങ്ങളെ അവഗണിക്കുകയോ ബ്ലോക്ക് ചെയ്യുകയോ മാത്രമേ ചെയ്യാന്‍ പറ്റൂ. ഞാനതങ്ങ് അവഗണിച്ചു.

ഇരിങ്ങാലക്കുട ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥി ഏതോ ഒരു ജേക്കബ് ആയിരുന്നല്ലോ. ഏനിക്കറിയാവുന്ന പലരും, ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും, ബിജെപിക്ക് വോട്ടാവശ്യപ്പെട്ടു കൊണ്ട് മുന്നോട്ട് വന്നിരുന്നു. ഏറ്റവും പുതിയ ഉദാഹരണം ഇസ്രയേല്‍-പലസ്തീന്‍ വിഷയമാണ്. വന്‍തോതിലുള്ള സെക്‌റ്റേറിയന്‍ കാമ്പയിനാണു നടന്നത്. അതും യാതൊരു ചരിത്രബോധവുമില്ലാത്ത ആളുകള്‍ വസ്തുതകളെ വളച്ചൊടിച്ചും, അറിവില്ലായ്മ ആഘോഷമാക്കിയും നടത്തിയ കാമ്പയിന്‍. ഇങ്ങനെ സെക്‌റ്റേറിയനിസം പതുക്കേ ശക്തിപ്പെട്ടു വരുന്നുണ്ട്, എല്ലായിടത്തും.

ഇതിനെ സമൂഹം ഒന്നടങ്കം ഒന്നിച്ച് നേരിടേണ്ട വിഷയമാണ്. ഒരു ഭാഗത്ത് വര്‍ഗീയതയ്ക്കനുകൂലമായുണ്ടാവുന്ന നരേറ്റീവിനെ എല്ലാ സമുദായങ്ങളിലുമുള്ള ഉത്തരവാദിത്വപ്പെട്ടവര്‍ (രാഷ്ട്രീയ നേതൃത്വവും) ഒന്നിച്ച് നിന്നാണു ചെറുക്കേണ്ടത്. ക്ലബ്ഹൗസ് ചര്‍ച്ചയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് കെസിവൈഎം പറഞ്ഞിട്ടുണ്ട്. അത്രയും നല്ലത്.

മറുഭാഗത്ത് വര്‍ഗീയതയുടെ പാത തെരഞ്ഞെടുക്കുന്നവരെ നേരത്തേ പറഞ്ഞ സന്ദര്‍ഭത്തിന്റെ പേരില്‍ പരോക്ഷമായി പോലും ന്യായീകരിക്കാന്‍ മതേതരപക്ഷത്തുള്ളവര്‍ തയ്യാറാവരുത്. പകരം രാഷ്ട്രീയമായി നേരിടുക, തിരുത്താന്‍ തയ്യാറാവുന്നവരെ തിരുത്തുക, ഒറ്റപ്പെടുത്തേണ്ടവരെ ഒറ്റപ്പെടുത്തുക. എര്‍ദോവാന്‍ ഹായ സോഫിയാ വീണ്ടും പള്ളിയാകുന്നതിനെ വിമര്‍ശിക്കാം. ആര്‍ക്കും. പക്ഷേ ആ വിമര്‍ശനം നാട്ടിലുള്ള മുസ്ലിങ്ങളോടുള്ള എതിര്‍പ്പായി മാറുന്നിടത്താണു പ്രശ്‌നം. ഇസ്ലാമിസത്തോട് സന്ധി ചെയ്യാത്ത നിലപാടാവാം. പക്ഷേ, അത് ഇസ്ലാമോഫോബിയ ആകുന്നുണ്ടോ എന്നതാണു ചോദ്യം. ഇങ്ങനെയൊരു ജാഗ്രത കാത്തുസൂക്ഷിച്ചു കൊണ്ടേ നമുക്ക് സാഹോദര്യം നിലനിര്‍ത്താന്‍ പറ്റൂ. ശത്രുക്കള്‍ വര്‍ഗീയവാദികളാണ്, വിശ്വാസികളല്ല.”