ഉപരോധം, അവഗണന, ദാരിദ്ര്യം; എല്ലാം മറികടന്ന് കാസ്‌ട്രോയുടെ ക്യൂബയിലെ അഞ്ച് വാക്‌സിനുകള്‍ ലോകത്തിന് ആശ്ചര്യം

കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് മരുന്നിനും ഭക്ഷണത്തിനുമടക്കം ലോകംമുഴുവന്‍ കടുത്ത ക്ഷാമം നേരിടുമ്പോഴും, അടിപതറാതെ, രാജ്യത്തിനകത്തും പുറത്തും വാക്‌സിന്‍ വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ക്യൂബ എന്ന കമ്മ്യൂണിസ്റ്റ് രാജ്യം. ഈ വര്‍ഷം അവസാനമാവുന്നതോടെ വിവിധ രാജ്യങ്ങളിലേക്ക് സ്വന്തമായി നിര്‍മ്മിച്ചെടുത്ത വാക്‌സിന്‍ വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് ക്യൂബ. ഇതിനോടകം തന്നെ രാജ്യം സ്വന്തം നിര്‍മ്മിച്ചെടുക്കുന്ന അഞ്ച് വാക്‌സിനുകള്‍ രാജ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. ഇവയില്‍ മൂന്നെണ്ണം അവസാനഘട്ട ട്രയിലിലുമാണ്.

വാക്‌സിന്‍ നിര്‍മ്മാണങ്ങളുടെ ചരിത്രവും അതിശയകരമാംവിധം ശ്രദ്ധേയമായ ക്യൂബയുടെ ആരോഗ്യമേഖലയുടെ വളര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍, മഹാമാരിയെ നേരിടാനുള്ള ക്യൂബയുടെ സ്വപ്‌നങ്ങള്‍ അതിവിദൂരമല്ലെന്ന് വ്യക്തമാണ്. തങ്ങള്‍ നിര്‍മ്മിച്ചെടുത്ത സൊബരാന 2 വാക്‌സിന്‍ ഫലപ്രദമാണെന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്നും അവസാന ഘട്ട ക്ലിനിക്കല്‍ ട്രയലിലേക്ക് കടന്നുകഴിഞ്ഞെന്നും ഹവാന ഫിന്‍ലേ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ മാര്‍ച്ചില്‍ അറിയിച്ചിരുന്നു. ഈ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍, കൊറോണ വൈറസ് വാക്‌സിന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഏക ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായി ക്യൂബ മാറും.

മഹാമാരിയില്‍നിന്നും സ്വന്തം ജനതയെ രക്ഷിക്കുന്നതിനോടൊപ്പംതന്നെ, കൊവിഡ് പ്രതിസന്ധിയിലും കഴിഞ്ഞ വര്‍ഷംമുതല്‍ നിലച്ചുപോയ ടൂറിസത്തിലും താറുമാറായ ക്യൂബന്‍ സമ്പദ്ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിലേക്കും വാക്‌സിന്‍ ഗവേഷണം സഹായിക്കുമെന്ന പ്രതീക്ഷയും ക്യൂബയ്ക്കുണ്ട്.

ക്യൂബന്‍ വാക്‌സിന്‍ നിര്‍മ്മാണം

നിലവില്‍ അഞ്ച് വാക്‌സിനുകളാണ് ക്യൂബന്‍ ലാബുകളുകളില്‍ പരീക്ഷണങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ചില രാഷ്ട്രീയ സന്ദേശങ്ങളടങ്ങിയ പേരുകളാണ് വാക്‌സിനുകള്‍ക്ക് നല്‍കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ‘പരമാധികാരം’ എന്നര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കായ ‘സൊബരാന’, ക്യൂബന്‍ വിപ്ലവകാരി ജോസ് മാര്‍ട്ടിയുടെ കവിത ‘അബ്ദാല’, സ്പാനിഷ് സാമ്രാജിത്വത്തിനെതിരെ നടത്തിയ ഗറില്ല പോരാട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന ആഫ്രിക്കന്‍ വാക്കായ ‘മംബീസ’ എന്നിങ്ങനെയാണ് ക്യൂബ നിര്‍മ്മിക്കുന്ന വാക്‌സിനുകളുടെ പേരുകള്‍. സൊബരാന ഒന്നും രണ്ടും പ്ലസുമുണ്ട്. സൊബെറാന 2 അവസാന ഘട്ട ക്ലിനിക്കല്‍ ട്രയലിലാണ്. 44000 ആളുകളാണ് അവസാനഘട്ട ട്രയലിന് തയ്യാറെടുക്കുന്നതെന്ന് ക്യൂബന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് ട്രയലുകളും പൂര്‍ത്തിയാക്കിയ ക്യൂബയിലെയും ലാറ്റിന്‍ അമേരിക്കയിലേയും ആദ്യ വാക്‌സിനാണ് സൊബറാന 2 എന്നാണ് ഫിന്‍ലെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിസര്‍ച്ച് ഡയറക്ടര്‍ ഡാഗ്മാര്‍ ഗാര്‍സിയ രിവേറ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. വേനല്‍ അവസാനിക്കുന്നതോടെ രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തങ്ങള്‍ക്കുണ്ടെന്ന് ക്യൂബന്‍ ഭരണാധികാരികളും ആവര്‍ത്തിക്കുന്നു.

ഇറാന്‍, വെനിസ്വേല ഉള്‍പ്പെടെയുള്ള സഖ്യരാജ്യങ്ങളിലും ക്യൂബന്‍ വാക്സിന്റെ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. ഏറ്റവും അതിശയകരമായ കാര്യമെന്തെന്ന് വെച്ചാല്‍, നിലവിലെ കൊറോണ വൈറസിനെതിരെ ഇതുവരെ കുത്തിവയ്പ്പ് ആരംഭിക്കാത്ത ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ക്യൂബ.

ക്യൂബന്‍ നിര്‍മ്മിത വാക്‌സിന് വേണ്ടി നിരവധി രാഷ്ട്രങ്ങള്‍ ഇതിനോടകം തന്നെ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നാണ് ക്യൂബന്‍ അധികാരികള്‍ വ്യക്തമാക്കുന്നത്. അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങള്‍ നിര്‍മ്മിക്കുന്ന വാക്‌സിന്‍ വാങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്ത ദരിദ്ര രാഷ്ട്രങ്ങള്‍ ക്യൂബയുടെ സഹായമാണ് തേടുന്നത്. മെക്‌സിക്കോയും അര്‍ജന്റീനയും വെനസ്വലയും ക്യൂബന്‍ വാക്‌സിനില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അമേരിക്കന്‍ ഉപരോധവും ക്യൂബയും

ക്യൂബന്‍ ജനതയെ പതിറ്റാണ്ടുകളായി അടിമകളാക്കി വെച്ച് പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ഉടമസ്ഥതയിലുള്ള വ്യവസായങ്ങളെയും പഞ്ചസാര തോട്ടങ്ങളെയും ദേശസാല്‍ക്കരിച്ച് കൃഷിക്കാര്‍ക്കും തൊഴിലാളികള്‍ക്കും മെച്ചപ്പെട്ട ജീവിതം നല്‍കുമെന്നായിരുന്നു ഫിദല്‍ കാസ്‌ട്രോയുടെ ഏറ്റവും നിര്‍ണായകയമാ വാഗ്ദാനവും നീക്കവും. തുടര്‍ന്ന് വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം തുടങ്ങിയ സാമൂഹിക സേവനങ്ങളും അദ്ദേഹം ദേശസാല്‍ക്കരിച്ചു. ഇത് ദ്വീപിലെ അമേരിക്കന്‍ താല്‍പ്പര്യങ്ങളെ പ്രകോപിപ്പിച്ചു. അത് കലാശിച്ചത് ബേ ഓഫ് പിഗ്‌സ് ആക്രമണത്തിലാണ്. തുടര്‍ന്ന് 1962 ല്‍ അമേരിക്ക ക്യൂബയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം ഇന്നും തുടരുന്നു.

ക്യൂബയെ സംബന്ധിച്ചിടത്തോളം കൊവിഡ് വാക്‌സിന്റെ ഗവേഷണവും വിതരണവും പൊതു ആരോഗ്യകാര്യം മാത്രമല്ല. മറിച്ച്, ആറ് പതിറ്റാണ്ടായുള്ള അമേരിക്കന്‍ ഉപരോധം നിലനില്‍ക്കെത്തന്നെ വളരെ ചെറിയ കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ തങ്ങളുടെ സാങ്കേതിക വിദ്യകള്‍ എത്രത്തോളം വിപുലവും ശക്തവുമായെന്ന് ലോകത്തിന് കാണിച്ചുകൊടുക്കല്‍ക്കൂടിയാണ്. ഇതുതന്നെയാണ് മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍നിന്ന് വാക്‌സിന്‍ വാങ്ങാത്തതിനും ലോകാരോഗ്യ സംഘടനയുടെ വാക്‌സിന്‍ പങ്കിടല്‍ കരാറില്‍ ഒപ്പുവെക്കാത്തതിനും പിന്നിലെ ക്യൂബന്‍ കാരണം.

ലോകത്തിലെ പല രാജ്യങ്ങളാലും മാറ്റിനിര്‍ത്തപ്പെട്ട ക്യൂബയില്‍, ശക്തമായ ആരോഗ്യസംവിധാനം കെട്ടിപ്പെടുക്കുമെന്ന് മുന്‍ ക്യൂബന്‍ നേതാവ് ഫിദല്‍ കാസ്‌ട്രോ പ്രതിജ്ഞയെടുത്തു. തുടര്‍ന്നിങ്ങോട്ട് നടത്തിയ പരിശ്രമങ്ങള്‍ക്കൊടുവില്‍ കമ്മ്യൂണിസ്റ്റ് ക്യൂബ വാക്‌സിന്‍, മരുന്ന് നിര്‍മ്മാണ രംഗങ്ങളില്‍ അതിദൂരം മുന്നോട്ടുപോയി. ജൈവ സാങ്കേതിതക വിദ്യയ്ക്കും രോഗപ്രതിരോധ ശേഷിയെക്കുറിച്ചുള്ള പഠനത്തിനും വേണ്ടി കാസ്‌ട്രോ വളരെയധികം കഠിനാധ്വാനം ചെയ്തു. 1980കളില്‍ ഹവാനയിലെ ഒരു ചെറിയ ലാബില്‍നിന്നാരംഭിച്ച പ്രവര്‍ത്തനം 40 വര്‍ഷങ്ങള്‍ക്കിപ്പുറം വെന്നിക്കൊടി പാറിച്ച് ഉയര്‍ന്നുനില്‍ക്കുന്നു. സ്വന്തമായി വാക്‌സിനുകള്‍ നിര്‍മ്മിക്കാനും കയറ്റുമതി ചെയ്യാനുമുള്ള കഴിവുള്ള വികസ്വര രാജ്യങ്ങളില്‍ ഒന്നാണ് ഇന്ന് ക്യൂബ.

സ്വേച്ഛാധിപത്യവും ഏകപക്ഷീയ സംവിധാനവും അടിച്ചമര്‍ത്തലാണെന്ന വിമര്‍ശനം പേറുന്ന ഭരണകൂടമായിരുന്നിട്ട് കൂടിയും ആരോഗ്യ മേഖലയില്‍ നടത്തിയ ആദ്യകാല നിക്ഷേപങ്ങള്‍ ചെറുകിട വികസ്വര രാജ്യങ്ങളള്‍ക്ക് വിചിത്രവും നൂതനവുമെന്ന് തോന്നാവുന്ന ബയോടെക്‌നോളജി മേഖല കെട്ടിപ്പടുക്കാന്‍ ക്യൂബയെ സഹായിച്ചു.

ക്യൂബയുടെ ആരോഗ്യ രംഗത്തെ ചരിത്ര മുന്നേറ്റങ്ങള്‍

മെനിഞ്ചൈറ്റിസ് ബിയെ ചെറുക്കാനുള്ള ആദ്യ വാക്‌സിനും ഗുരുതരമായ പ്രമേഹ അള്‍സറിനുള്ള ഫലപ്രദമായ ചികിത്സയും ഉള്‍പ്പെടെ നിരവധി മുന്നേറ്റങ്ങളുടെ പേരില്‍ത്തന്നെ ക്യൂബന്‍ ആരോഗ്യ സംവിധാനത്തിന് കീര്‍ത്തിയേറെയുണ്ട്. ഡെങ്കിപ്പനിക്കുള്ള വാക്‌സിന്‍ 30 രാജ്യങ്ങളിലേക്കാണ് ക്യൂബ കയറ്റുമതി ചെയ്യുന്നത്. കൊവിഡ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ത്തന്നെ ക്യൂബ പ്രതിരോധപ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരുന്നു. കൊവിഡ് ലക്ഷണങ്ങളെ ചികിത്സിക്കാനുള്ള 13 വ്യത്യസ്ത മരുന്നുകളുമായിട്ടായിരുന്നു തുടക്കം. പിന്നീട് തങ്ങളുടെ ആരോഗ്യ പ്രവര്‍ത്തകരെ കൊവിഡ് ബാധിത രാജ്യങ്ങളിലെ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കായി അയച്ച് വാര്‍ത്തകളില്‍ ഇടംനേടി.

ക്യൂബയ്ക്ക് ഒരു സ്വപ്നമുണ്ട് – സ്വന്തം രാജ്യത്തിന് മാത്രമല്ല, സൗഹൃദ രാജ്യങ്ങള്‍ക്കും സഖ്യ രാഷ്ട്രങ്ങള്‍ക്കും വാക്‌സിന്‍ നല്‍കണം. ഹവാനയിലെ വിമാനത്താവളത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വാതക്‌സിന്‍ സൗജന്യമായി നല്‍കണം.

ഒരു പുതിയ വാക്‌സിന്‍ കണ്ടുപിടുത്തത്തിന് സാധാരണ ഗതിയില്‍ ഒരുദശകമെങ്കിലും കാലത്താമസമുണ്ടാവാറുണ്ട്. എന്നാല്‍, വേനലിന്റെ അവസാനത്തോടെ രാജ്യം മുഴുവന്‍ വാക്‌സിന്‍ വിതരണം നടന്നുകഴിഞ്ഞിട്ടുണ്ടാവുമെന്നാണ് ക്യൂബന്‍ സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ ഇമ്മ്യുണോജിയുടെ തലവന്‍ എഡ്വാര്‍ഡോ ഒജിത്തോ അവകാശപ്പെടുന്നത്. ക്യൂബന്‍ വാക്‌സിനുകള്‍ അവസാന ഘട്ട ക്ലിനിക്കല്‍ ട്രയലുകളും പൂര്‍ത്തിയാക്കി നിയമപരമായ അംഗീകാരത്തിലേക്ക് എത്തുമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളിലുള്ളത്. ഒരോ മാസവും പത്തുമുതല്‍ ഇരുപത് ലക്ഷം ഡോസുകള്‍ നിര്‍മ്മിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഒജിത്തോ പറയുന്നു.

ക്യൂബന്‍ വിപ്ലവത്തിന്റെ ഹൃദയമാണ് ആരോഗ്യ സുരക്ഷയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ എന്നുപറയാം. അമേരിക്കന്‍ ഉപരോധം ക്യൂബന്‍ പൊതുജനാരോഗ്യത്തെ സാരമായി ബാധിച്ചതിനാല്‍, മെഡിക്കല്‍ സേവനങ്ങള്‍ ദേശസാല്‍ക്കരിച്ചുകൊണ്ട് ക്യൂബയിലെ വിപ്ലവ സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയതും ആരോഗ്യ മേഖലയ്ക്ക് തന്നെയായിരുന്നു. അര്‍ജന്റീനയില്‍ ജനിച്ച ക്യൂബന്‍ വിപ്ലവകാരിയും ഡോക്ടറുമായ ചെ ഗുവേര തന്റെ ‘ഓണ്‍ റെവല്യൂഷണറി മെഡിസിന്‍’ എന്ന ലേഖനത്തില്‍ ഇങ്ങനെ പ്രസ്താവിച്ചു: ‘ആരോഗ്യ മന്ത്രാലയത്തെയും സമാന സംഘടനകളെയും ചുമതലപ്പെടുത്തിയിരിക്കുന്നത് ആളുകള്‍ക്ക് പൊതുജനാരോഗ്യ സേവനങ്ങള്‍ പരമാവധി നല്‍കുന്നതിനായാണ്. അതിനായി പ്രിവന്റീവ് മെഡിസിന്‍ പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും ശുചിത്വ രീതികളിലേക്ക് പൊതുജനങ്ങളെ നയിക്കുക’.