ലോകത്താദ്യമായി രണ്ട് വയസിന് മുകളിലുള്ള കുട്ടികള്‍ക്കും വാക്‌സിന്‍; ക്യൂബ തുടക്കമിട്ടു

ഹവാന: ലോകത്താദ്യമായി രണ്ട് വയസ് മുതലുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ച് ക്യൂബ. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വാക്‌സിനാണ് തിങ്കളാഴ്ച മുതൽ രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് നൽകിത്തുടങ്ങിയത്. 12 വയസിന് മുകളിലുള്ളവർക്ക് വെളിയാഴ്ച മുതൽ കുത്തിവെയ്പ്പ് ആരംഭിച്ചിട്ടുണ്ട്. ചൈനയും, യുണൈറ്റഡ് അറബ് എമിറേറ്റ്സും വെനിസ്വലെയും ഉൾപ്പടെയുള്ള രാജ്യങ്ങൾ ചെറിയ കുട്ടികൾക്കുള്ള കുത്തിവെയ്പ്പ് ഉടൻ ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ആ നേട്ടം ആദ്യമായി ക്യൂബ സ്വന്തമാക്കിയിരിക്കുകയാണ്.

അമേരിക്കയിലെ നോവാവാക്‌സ്, ഫ്രാൻസിലെ സനോഫി വാക്‌സിനുകളിൽ ഉപയോഗിച്ചിരിക്കുന്ന പ്രോട്ടീൻ പുന:സംയോജന സാങ്കേതികവിദ്യയാണ് ക്യൂബൻ വാക്‌സിനുകളായ അബ്ഡലയിലും സോബെറാനയിലും ഉപയോഗിച്ചിരിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ആദ്യം വികസിപ്പിച്ച ക്യൂബൻ വാക്സിനുകൾക്ക് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചിട്ടില്ല. കുട്ടികളിൽ ക്ലിനിക്കൽ ട്രയലുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് 12 വയസിന് മുകളിലുള്ളവർക്ക് വെള്ളിയാഴ്ചയും രണ്ട് മുതൽ 12 വയസ് വരെയുള്ളവർക്ക് തിങ്കളാഴ്ചയും കുത്തിവെയ്പ്പ് നൽകിത്തുടങ്ങിയത്. 92 ശതമാനത്തിന് മുകളിലാണ് ഈ വാക്‌സിനുകളുടെ ഫലപ്രാപ്‌തി എന്നാണ് അധികൃതർ അവകാശപ്പെടുന്നത്. മുതിർന്നവരേക്കാൾ കൂടുതൽ പ്രതിരോധം കുത്തിവെയ്‌പ്പെടുത്ത കുട്ടികളിൽ കണ്ടിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു.

കഴിഞ്ഞ വർഷം മാർച്ച് മുതൽ അടഞ്ഞുകിടക്കുന്ന സ്‌കൂളുകൾ ഒക്ടോബർ അവസാനത്തോടെ തുറക്കാനാണ് ക്യൂബൻ അധികൃതർ പദ്ധതിയിടുന്നത്. അതിന് മുൻപായി മുഴുവൻ കുട്ടികൾക്കും വാക്‌സിൻ നൽകാനാണ് അധികൃതരുടെ തീരുമാനം.

ALSO READ: ഉപരോധം, അവഗണന, ദാരിദ്ര്യം; എല്ലാം മറികടന്ന് കാസ്‌ട്രോയുടെ ക്യൂബയിലെ അഞ്ച് വാക്‌സിനുകള്‍ ലോകത്തിന് ആശ്ചര്യം

അമേരിക്ക ക്യൂബക്കുമേൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിനും അന്താരാഷ്ട്ര വിലക്കുകൾക്കും മധ്യേയാണ് ക്യൂബയുടെ ആരോഗ്യ രംഗത്തെ നേട്ടങ്ങൾ എന്നത് ശ്രദ്ധേയമാണ്. ലോകത്ത് വാക്‌സിൻ ഉത്പാദനം ആരംഭിച്ച ഘട്ടത്തിൽ തന്നെ സ്വന്തമായി വാക്‌സിനുകൾ വികസിപ്പിക്കുകയും മറ്റ് രാജ്യങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്‌ത്‌ ക്യൂബ ശ്രദ്ധ നേടിയിരുന്നു. രാജ്യത്ത് വിവിധ രോഗങ്ങൾക്കായി ആവശ്യമുള്ള മരുന്നുകളിൽ 60-70 ശതമാനവും ആഭ്യന്തരമായി ഉത്പാദിപ്പിക്കുകയാണ്‌ ക്യൂബ. കൊവിഡ് കൂടാതെയുള്ള 13 രോഗങ്ങൾക്കുള്ള വാക്‌സിനുകളിൽ 11 എണ്ണവും ഈ കരീബിയൻ രാജ്യം സ്വന്തമായി വികസിപ്പിച്ചവയാണ്. വാക്‌സിനുകൾ ഇറക്കുമതി ചെയ്യാതെ തദ്ദേശീയമായി നിർമ്മിക്കാമെന്നും ലോകത്തിന് വിതരണം ചെയ്യാമെന്നുമുള്ള കമ്മ്യൂണിസ്റ്റ് ക്യൂബയുടെ തീരുമാനം രാജ്യത്തെ സാമ്പത്തികമായും സഹായിക്കുന്നെന്നാണ് വിലയിരുത്തൽ.

അർജന്റീന, ജമൈക്ക, മെക്‌സിക്കോ, വിയറ്റ്നാം, വെനിസ്വേല, ഇറാൻ ഉൾപ്പടെയുള്ള രാജ്യങ്ങൾ ക്യൂബൻ വാക്‌സിനുകൾ ഉപയോഗിക്കുന്നുണ്ട്. ക്യൂബയിൽ നിന്നുള്ള ഡോക്ടർമാരുടെ വിവിധ സംഘങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലുണ്ട്.

1959-ലെ കമ്യൂണിസ്റ്റ് വിപ്ലവത്തെ തുടർന്ന് രാജ്യത്തെ പകുതിയിലധികം ഡോക്ടർമാരും രാജ്യമുപേക്ഷിച്ചു പോയിരുന്നു. എന്നാൽ ആരോഗ്യ പരിപാലന രംഗത്തും മരുന്ന് ഗവേഷണ മേഖലയിലും ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളും സാമ്പത്തിക നിക്ഷേപങ്ങളും രാജ്യത്തെ ആരോഗ്യ വ്യവസ്ഥയെ ശക്തമായി പുനഃസൃഷ്ഠിക്കുകയായിരുന്നു.