‘സ്വര്‍ണക്കടത്തിലൂടെ ശിവശങ്കര്‍ പണമുണ്ടാക്കിയിട്ടില്ല’; മന്ത്രിമാരുടെ പങ്കും കണ്ടെത്താനായില്ലെന്ന് കസ്റ്റംസ് കുറ്റപത്രം

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് കസ്റ്റംസ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രട്ടറി എം ശിവങ്കറിന് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നെന്നാണ് കസ്റ്റംസ് കുറ്റപത്രത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നത്. ശിവശങ്കര്‍ ഇക്കാര്യം നിഷേധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന നിര്‍ണായക തെളിവുകളുണ്ടെന്നാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ക്തമാക്കിയിരിക്കുന്നത്.

മൂവായിരം പേജുള്ള കുറ്റപത്രത്തില്‍ സരിത്താണ് ഒന്നാംപ്രതി. ശിവശങ്കറിനെ 29-ാം പ്രതിയായാണ് ചേര്‍ത്തിരിക്കുന്നത്. ഒരു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കസ്റ്റംസ് കുറ്റപത്രം സമര്‍പ്പിച്ചത്.

നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് സാധ്യത ആദ്യം മനസിലാക്കിയത് റമീസും സന്ദീപുമാണ്. പിന്നീട് ഇതിനായി മലപ്പുറം, കോഴിക്കോട് ജില്ലകളിലുള്ളവര്‍ പണം മുടക്കി. 2019 ജൂണില്‍ ആദ്യ കടത്ത് നടത്തി. ഇതിനെക്കുറിച്ച് ശിവശങ്കറിന് അറിയുമായിരുന്നില്ല, പിന്നീട് 21 തവണയായി 161 കിലോ സ്വര്‍ണം കടത്തി. ഈ ഘട്ടത്തിലാണ് ശിവശങ്കറിന് വിവരം ലഭിച്ചിരുന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

ഗൗരവകരമായ ഈ കുറ്റകൃത്യത്തെക്കുറിച്ച് അറിഞ്ഞിട്ടും ശിവശങ്കര്‍ അത് മറച്ചുവെച്ചത് ഗുരുതരമായ തെറ്റാണ്. എന്നാല്‍, ശിവശങ്കര്‍ സ്വര്‍ണക്കടത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കസ്റ്റംസ് പറയുന്നു.

സ്വര്‍ണക്കടത്തിലൂടെയുണ്ടാക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നെന്ന എന്‍.ഐ.എയുടെ കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിട്ടില്ല. മന്ത്രിമാര്‍ക്കോ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കോ സ്വര്‍ണക്കടത്തില്‍ പങ്കുള്ളതായും കണ്ടെത്തിയിട്ടില്ല.