പസഫിക്കില്‍ ‘കോമ്പസു’, അറബിക്കടലില്‍ ചക്രവാതച്ചുഴി, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് മഴ ശനിയാഴ്ച്ച വരെ തുടര്‍ന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ നാല് ദിവസം കൂടി തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. അറബിക്കടലില്‍ ചക്രവാതച്ചുഴി അടുത്ത രണ്ട് ദിവസംകൂടി നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലെ കോമ്പസു ചുഴലിക്കാറ്റിന്റെ സ്വാധീനം അറബിക്കടലില്‍ തുടരുകയാണ്.

അറബിക്കടലില്‍ നിന്ന് ഇന്നലെ വരെ തെക്കന്‍ കേരളത്തില്‍ ശക്തമായിരുന്ന പടിഞ്ഞാറന്‍ കാറ്റ് വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കുന്നു. അതിനാല്‍ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴ തുടരാനാണ് സാധ്യത. കേരളത്തില്‍ 16 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിച്ചു.

കോമ്പസു ചുഴലിക്കാറ്റ്

ചൊവ്വാഴ്ച്ച ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഇന്ത്യന്‍ മീറ്റീരിയോളജിക്കല്‍ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം ഒക്ടോബര്‍ ഒന്ന് മുതല്‍ 12 വരെ മുന്‍ വര്‍ഷത്തേക്കാള്‍ കനത്ത മഴയാണ് സംസ്ഥാനത്ത് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ കഴിഞ്ഞ 12 ദിവസത്തിനിടെ 117 ശതമാനം മഴ അധികമായി പെയ്തു. കോഴിക്കോട് 218 ശതമാനം വര്‍ധനവുണ്ടായി. പാലക്കാട്, പത്തനംതിട്ട (177 ശതമാനം) മലപ്പുറം (166), കണ്ണൂര്‍ (145), കൊല്ലം (110), വയനാട് (103), കോട്ടയം (100), തിരുവനന്തപുരം (87), എറണാകുളം (83), ഇടുക്കി (66), ആലപ്പുഴ (64). തൃശൂര്‍ (39) ഒഴികെയുള്ള ജില്ലകളിലെല്ലാം മുന്‍പത്തേക്കാള്‍ 60 ശതമാനത്തിലധികം മഴ ലഭിച്ചു.

മഴയുടെ ലഭ്യത-താരതമ്യ പഠനം

സംസ്ഥാനത്ത് മഴക്കെടുതിയേത്തുടര്‍ന്ന് ഇതിനോടകം മൂന്ന് പേര്‍ മരിച്ചു. മലപ്പുറം കരിപ്പൂരില്‍ വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി. മതാകുളം സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ മക്കളായ ലിയാന ഫാത്തിമ (എട്ട്), ലുബാന ഫാത്തിമ (ഏഴ് മാസം) എന്നിവരാണ് മരിച്ചത്. വീടിന്റെ പിന്‍ഭാഗത്തെ ചെങ്കല്‍ മതില്‍ കുട്ടികള്‍ കിടന്ന മുറിയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കൊല്ലത്ത് വയോധികന്‍ തോട്ടില്‍ വീണുമരിച്ചു. തെന്മല നാഗമല സ്വദേശി ഗോവിന്ദരാജാണ് (65) മരിച്ചത്. തോട് കര കവിഞ്ഞ് റോഡ് മുങ്ങിപ്പോയതിനേത്തുടര്‍ന്നാണ് അപകടമുണ്ടായത്.

കോമ്പസു ചുഴലിക്കാറ്റ് തെക്ക് കിഴക്കന്‍ ഏഷ്യയിലെ ദ്വീപ് രാജ്യമായ ഫിലിപ്പീന്‍സില്‍ കനത്ത നാശം വിതയ്ക്കുകയാണ്. മണ്ണിടിച്ചിലിലും പ്രളയത്തിലും ഒമ്പത് പേര്‍ കൊല്ലപ്പെട്ടെന്നും 16 പേരെ കാണാതായെന്നും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടായിരത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. കോമ്പസു തീരത്തോട് അടുക്കുന്നതിനേത്തുടര്‍ന്ന് ഹോങ്കോങ്ങ് കടുത്ത ജാഗ്രതയിലാണ്.