ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി, രാത്രിയോടെ ടൗട്ടേ ശക്തിപ്രാപിക്കും; വടക്കന്‍ ജില്ലകളില്‍ അതിതീവ്ര ജാഗ്രത

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ടൗട്ടേ ചുഴലിക്കാറ്റായി മാറി. കണ്ണൂരിന്റെ തീരപ്രദേശത്തുനിന്നും 290 കിമീ അകലെയാണ് ടൗട്ടേയുടെ സഞ്ചാര പാത. 24 മണിക്കൂറില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും. വടക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലും റെഡ് അലെര്‍ട്ടാണ്.

മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കാറ്റും മഴയും ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. മധ്യകേരളത്തില്‍ ഓറഞ്ച് അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂരില്‍ ശക്തിയായ മഴ തുടരുകയാണ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതീവ ജാഗ്രതയുണ്ടാവണമെന്ന് നിര്‍ദ്ദേശമുണ്ട്.

ഗുജറാത്ത് തീരത്തേക്കാണ് ടൗട്ടേ നീങ്ങുന്നത്. മെയ് 18 ഓടുകൂടി ഗുജറാത്ത് തീരത്തിന് അടുത്തെത്തും. ഇന്ന് രാത്രിയോടെ അതിതീവ്ര ചുഴലിക്കാറ്റായി രൂപം മാറും. മണിക്കൂറില്‍ 130 കിമീ വേഗതയില്‍ കാറ്റിന് സാധ്യതയുണ്ട്. കര്‍ണാടക, ഗോവ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗുജറാത്ത് തീരത്തുനിന്നും ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് കടന്നേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കപ്പല്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. ചുഴലിക്കാറ്റ് ശക്തമാവുന്നതോടെ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെക്കുറിച്ച് വിലയിരുത്താന്‍ പ്രധാനമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.