സംസ്ഥാനത്ത് മഴ ഇന്ന് അതിതീവ്രം; ഞായറാഴ്ച ചുഴലിക്കാറ്റ് തീരംതൊടും, മൂന്ന് ജില്ലകളില്‍ റെഡ് അലെര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദ്ദമായി ഞായറാഴ്ചയോടെ ടൗട്ടേ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തമാവും, നാളെ അതിതീവ്രമാവും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടാണ്.

ഞായറാഴ്ചയോടെ ടൗട്ടേ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവും. ചുഴലിക്കാറ്റിന്റെ സഞ്ചാരപദം കേരള തീരത്തോട് ചേര്‍ന്നാണ്. അതുകൊണ്ട് കടല്‍ പ്രക്ഷുബ്ധമാവാനും കാറ്റ് ശക്തമാവാനും സാധ്യതയുണ്ട്. അറബിക്കടലിലെ ഈ വര്‍ഷത്തെ ആദ്യത്തെ ചുഴലിക്കാറ്റാണ് ടൗട്ടേ.

തീരമേഖലയില്‍ മഴയും കടലാക്രമണവും തുടരുന്നതിനാല്‍, തീരദേശത്തുള്ളവരെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ക്യാമ്പുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

ദേശീയ ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ട്. വയനാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കൊല്ലം ജില്ലകളിലായി ഇവരെ വിന്യസിപ്പിച്ചിട്ടുണ്ട്.

അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴയായി കണക്കാക്കുന്നത്. ന്യൂനമര്‍ദത്തിന്റെ രൂപീകരണവും വികാസവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിരീക്ഷിച്ചു വരികയാണ്.