അതിതീവ്ര ചുഴലിയായി യാസ്; ബംഗാളില്‍ ഒമ്പത് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കുന്നു, കനത്ത നാശം വിതച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റ് ദുരന്തം വിതയ്ക്കുമെന്ന മുന്നറിയിപ്പുകളെത്തുടര്‍ന്ന് ഒമ്പത് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ച് പശ്ചിമബംഗാള്‍. ഒഡീഷയില്‍നിന്ന് രണ്ട് ലക്ഷം പേരെയും മാറ്റിത്താമസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മെയ് 26ന് യാസ് ഒഡീഷ തീരം തൊടുമെന്നാണ് കാലാവസ്ഥാന നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ അതിശക്തമായ ചുഴലിയായി യാസ് രൂപാന്തരപ്പെടുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഒഡീഷയുടെ പരാദിപ് തീരം മുതല്‍ ബംഗാളിന്റെ സാഗര്‍ ഐലന്റുവരെ വീശിയടിക്കുന്ന യാസ് ഇരുസംസ്ഥാനങ്ങളിലുമായി എട്ട് ജില്ലകളെ ഗുരുതരമായി ബാധിച്ചേക്കും. യാസിന്റെ തീവ്രത പരിഗണിച്ച് തീരപ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ ദ്രുതഗതിയിലാക്കിയിരിക്കുകയാണ് ഇരുസംസ്ഥാനങ്ങളും.

Cyclone Yaas

ചുഴലിക്കാറ്റ് മുന്നറിയിപ്പുകള്‍ പരിഗണിച്ച് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ പല ട്രെയിന്‍ സര്‍വ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രധാന ഓക്‌സിജന്‍ നിര്‍മ്മാണ പ്ലാന്റുകള്‍ സ്ഥിതിചെയ്യുന്നത് ഒഡീഷയിലും പശ്ചിമബംഗാളിലുമാണ്. ഇവയുടെ പ്രവര്‍ത്തങ്ങള്‍ നിരീക്ഷിക്കാനും നിയന്ത്രിക്കാനും ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ കര-നാവിക-വ്യോമസേനകളെയും സജ്ജമാക്കിയിട്ടുണ്ട്. കോസ്റ്റ്ഗാര്‍ഡും സജീവ പ്രവര്‍ത്തനങ്ങളിലാണ്.

ദക്ഷിണ കൊല്‍ക്കത്തയില്‍നിന്ന് 411 കിലോമീറ്റര്‍ അകലെനിന്നും മണിക്കൂറില്‍ 17 കിലോമീറ്റര്‍ വേഗതയില്‍ വടക്കോട്ടാണ് യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാരപാത. ചുഴലിക്കാറ്റിന്റെ ഏകദേശ രൂപം വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങള്‍ ലഭ്യമായിട്ടുണ്ട്.

മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗതയോടെ ചുഴലിക്കാറ്റ് നാളെ വൈകുന്നേരത്തോടെ കരതൊടുമെന്നാണ് കരുതുന്നത്.

How India is bracing for another 'severe cyclonic storm' Yaas | Latest News  India - Hindustan Times