ബിജെപിയുടെ എല്ലാ ചീട്ടും കീറി, ദളിത് വോട്ടുകളില്‍ 16 ശതമാനം ഇടിവ്; ക്രിസ്ത്യന്‍, ദളിത്, മുസ്ലിം വോട്ടുകള്‍ ഇടതുപക്ഷത്തേക്ക്; സിഎസ്ഡിഎസ് സര്‍വ്വെ

കേരളത്തിലെ ദളിത് ജനവിഭാഗങ്ങളും ക്രിസ്ത്യാനികളും ബിജെപിയോട് അടുക്കുന്നു എന്ന് നിങ്ങള്‍ കരുതിയിരുന്നോ? തെരഞ്ഞെടുപ്പിന് ശേഷമുള്ള ദ ഹിന്ദു സിഎസ്ഡിഎസ്-ലോക്‌നീതി പോസ്റ്റ് പോള്‍ സര്‍വ്വെ ഫലം തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് നല്‍കുന്നത്. സംസ്ഥാനത്തെ ദളിത് ജനവിഭാഗങ്ങളില്‍ 69 ശതമാനവും ഇത്തവണ എല്‍ഡിഎഫിന് വോട്ട് ചെയ്‌തെന്നാണ് സര്‍വ്വെ പറയുന്നത്.

2016ലെ തെരഞ്ഞെടുപ്പില്‍ 51 ശതമാനം ദളിത് വോട്ടുകളായിരുന്നു എല്‍ഡിഎഫിന് ലഭിച്ചത്. 18 ശതമാനത്തിന്റെ വര്‍ധന ഇത്തവണയുണ്ടായി. ദളിത് വോട്ടുകളുടെ എല്‍ഡിഎഫിലേക്കുള്ള ഈ ഒഴുക്കില്‍ നഷ്ടം സംഭവിച്ചത് ബിജെപിക്കാണ്. 16 ശതമാനത്തിന്റെ ഇടിവ് ബിജെപിക്കുണ്ടായി.

മലബാറിലും മധ്യകേരളത്തിലും തെക്കും ക്രിസ്ത്യന്‍ വോട്ടുകള്‍ വ്യാപകമായി എല്‍ഡിഎഫ് പെട്ടിയിലെത്തി. ഏറ്റവും കൗതുകകരമായ വസ്തുതയായി സിഎസ്ഡിഎസ് സര്‍വ്വെയില്‍ രേഖപ്പെടുത്തിയിരിക്കുന്ന കാര്യം, ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഉറപ്പിച്ചിരുന്ന ക്രിസ്ത്യന്‍ വോട്ടാണ് എല്‍ഡിഎഫിലേക്കും യുഡിഎഫിലേക്കും എത്തിയതെന്നാണ്.

2016ലെ തെരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ സമുദായങ്ങളില്‍നിന്നും 10 ശതമാനം വോട്ടായിരുന്നു ബിജെപി നേടിയത്. ഇത്തവണ അത് രണ്ട് ശതമാനമായി കുറഞ്ഞു. ക്രിസ്ത്യന്‍ വോട്ടുകളില്‍ നോട്ടമിട്ട് തെരെഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ലൗ ജിഹാദ്, ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കം എന്നിവ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഇവയൊന്നും വോട്ടായി പരിണമിച്ചില്ലെന്ന് മാത്രമല്ല, നേരത്തെ വോട്ട് രേഖപ്പെടുത്തിയിരുന്ന രീതിയില്‍നിന്ന് ഓര്‍ത്തഡോക്‌സ്-യക്കോബായ വിഭാഗങ്ങള്‍ക്കിടയില്‍ എവിടെയും യാതൊരു ഇളക്കവും സംഭവിച്ചിട്ടില്ലെന്നും സര്‍വ്വെ പറയുന്നു.

മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുകളുടെ 39 ശതമാനം ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ലഭിച്ചെന്നാണ് സര്‍വ്വെ. 2016ലെ തെരഞ്ഞെടുപ്പില്‍ ഇത് 35 ശതമാനമായിരുന്നു. അതായത്, അഞ്ചില്‍ രണ്ട് മുസ്ലിങ്ങള്‍/ക്രിസ്ത്യാനികള്‍ എല്‍ഡിഎഫിന് വോട്ട് ചെയ്തു. കഴിഞ്ഞ തവണ ഇത് മൂന്നില്‍ ഒന്നായിരുന്നു.

യുഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിന് സമാനമായി 58 ശതമാനം മുസ്ലിം വോട്ടുകളും 57 ശതമാനം ക്രിസ്ത്യന്‍ വോട്ടുകളും ലഭിച്ചു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി തുലനം ചെയ്യുമ്പോള്‍ യുഡിഎഫിന് ഈ രണ്ട് വിഭാഗങ്ങളുടെയും വോട്ടുകളില്‍ ഇടിവുണ്ടായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മുസ്ലിം വിഭാഗത്തില്‍നിന്ന് ഒമ്പതും ക്രിസ്ത്യാനികളില്‍നിന്നും 14 ഉം ശതമാനം അധികം വോട്ടാണ് എല്‍ഡിഎഫിന് ലഭിച്ചത്.

പ്രാദേശിക തലത്തില്‍ നോക്കുകയാണെങ്കില്‍ മലബാറില്‍ മുസ്ലിം വോട്ട് യുഡിഎഫിനൊപ്പം തന്നെ ഉറച്ച് നില്‍ക്കുകയും കഴിഞ്ഞ തവണത്തേതിനേക്കാള്‍ നേരിയ ഉയര്‍ച്ച ഉണ്ടാക്കുകയും ചെയ്തു. എന്നാല്‍, മധ്യകേരളത്തിലെ സ്ഥിതി നാടകീയമാം വിധം വ്യത്യസ്തമാണ്. കഴിഞ്ഞ തവണയുണ്ടായിരുന്നതില്‍ പകുതിയോളം മുസ്ലിം വോട്ടുകള്‍ യുഡിഎഫില്‍നിന്നും എല്‍ഡിഎഫിലേക്ക് മറിഞ്ഞു. മധ്യകേരളത്തിലെ മുസ്ലിം വോട്ടുബാങ്കുകളില്‍ എല്‍ഡിഎഫ് യുഡിഎഫിനുമേല്‍ വലിയ ആധിപത്യമാണുണ്ടാക്കിയതെന്ന് സര്‍വ്വെ പറയുന്നു.

ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങളില്‍നിന്നും ഇത്തവണ എല്‍ഡിഎഫിലേക്കുണ്ടായ ഒഴുക്ക് വ്യക്തമാണ്. ഇത്തരത്തില്‍ ഇരുവിഭാഗത്തില്‍നിന്നുമുണ്ടായ ഇടതുചായവ് എന്തുകൊണ്ടുണ്ടായതാണെന്ന് സര്‍വ്വെ പരിശോധിക്കുന്നുണ്ട്. ഇതിന് കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത് വര്‍ഗപരമായ തലമാണ്. മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ദരിദ്രര്‍ 2016നെ അപേക്ഷിച്ച് ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ് നിന്നത്. 2016ലെ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍, സാമ്പത്തികമായി താഴെത്തട്ടിലുള്ളതും പാവപ്പെട്ടവരുമായ മുസ്ലിങ്ങളുടെ വോട്ട് 35 ല്‍നിന്ന് 46 ശതമാനം കൂടുതല്‍ എല്‍ഡിഎഫിനുണ്ടായി. ക്രിസ്ത്യാനികളില്‍ ഇത് 36ല്‍ നിന്ന് 44 ശതമാനത്തിലേക്കാണ് വളര്‍ന്നത്.

ദളിത് ക്രിസ്ത്യാനികളും പിന്തുണച്ചത് എല്‍ഡിഎഫിനെയാണെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.

ഒബിസി വോട്ടാണ് എല്‍ഡിഎഫിന് നേട്ടമായ മറ്റൊന്ന്. 49 ശതമാനമായിരുന്ന ഈഴവരലല്ലാത്ത ഒബിസി വിഭാഗങ്ങളുടെ ഇടത് പിന്തുണ ഇക്കുറി 61 ശതമാനമായി ഉയര്‍ന്നു. ഇവയില്‍ ഭൂരിഭാഗവും വന്നത് യുഡിഎഫില്‍നിന്നാണ് എന്നതാണ് പ്രധാനപ്പെട്ടകാര്യം. ജനസംഖ്യയുടെ 20 ശതമാനമുള്ള ഈഴവര്‍ പൊതുവേയുണ്ടായിരുന്ന വോട്ടിങ് രീതിയില്‍ മാറ്റം വരുത്തിയിട്ടില്ല. അവര്‍ പരമ്പരാഗതമായി എല്‍ഡിഎഫിനൊപ്പമാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഇത്തവണയും അത് ആവര്‍ത്തിച്ചു.

ഈഴവര്‍ക്കിടയില്‍ ബിജെപിയും നേരിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. യുഡിഎഫിനെ പിന്തുണച്ചിരുന്ന ഈഴവ വോട്ടര്‍മാരാണ് ബിജെപിയിലേക്ക് ചാഞ്ഞതെന്നാണ് സിഎസ്ഡിഎസ് സര്‍വ്വെ പറയുന്നത്.

യുഡിഎഫിനെ സംബന്ധിച്ചിടത്തോളം അവര്‍ക്കൊപ്പം മാറ്റമില്ലാതെ തുടര്‍ന്നത് നായര്‍ വിഭാഗമാണ്. 2016ല്‍ അഞ്ചില്‍ ഒന്നായിരുന്ന നായര്‍ പിന്തുണ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന് അഞ്ചില്‍ രണ്ടായി ഉയര്‍ന്നു. നായര്‍ അടക്കമുള്ള സവര്‍ണ വിഭാഗം മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം അത്ര പോര എന്ന് വിലയിരുത്തിയത്.