രണ്ടാം പിണറായി മന്ത്രിസഭാ രൂപീകരണത്തില്‍ ദേവസ്വം വകുപ്പ് ചേലക്കരയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുന്‍ മന്ത്രി കെ രാധാകൃഷ്ണനെ ഏല്പിച്ചത് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കേരള ചരിത്രത്തില്‍ ആദ്യമായി ദളിത് പശ്ചാത്തലത്തില്‍ നിന്നെത്തി ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്ന ആദ്യ മന്ത്രിയെന്ന വിശേഷണങ്ങള്‍ക്കൊപ്പം കെ രാധാകൃഷ്ണന്റെ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. പല മാധ്യമങ്ങളും ഇത് വാര്‍ത്തയുമാക്കി. എന്നാല്‍ കേരളത്തില്‍ ആദ്യമായി ദളിത് വിഭാഗത്തില്‍ നിന്നെത്തി ദേവസ്വം മന്ത്രിയായ വ്യക്തി കെ രാധാകൃഷ്ണന് അല്ല. വെള്ള ഈച്ചരന്‍ എന്ന കോണ്‍ഗ്രസ് നേതാവാണ്.
1970ല്‍ സംവരണ മണ്ഡലമായ തൃത്താലയില്‍നിന്ന് നിയമസഭയിലെത്തിയ വെള്ള ഈച്ചരന്‍ (197077), സി. അച്യുതമേനോന് മന്ത്രിസഭയില്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നാക്കക്ഷേമ വകുപ്പിന്റെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. 1980 ഫെബ്രുവരി 11-ന് അന്തരിച്ചു.
1977-78ല്‍ കെ കരുണാകരന് മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കെകെ ബാലകൃഷ്ണന് ഹരിജന്‍ ക്ഷേമത്തിന്റെയും ജലവിഭവ വകുപ്പിന്റെയും ചുമതലയോടൊപ്പം ദേവസ്വം വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്നു.
പികെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായ തൊട്ടടുത്ത മന്ത്രിസഭയില്‍ ദേവസ്വം വകുപ്പിന്റെ ചുമതല കോണ്‍ഗ്രസിന്റെ മുന്‍ നിര നേതാവായിരുന്ന ദാമോദരന്‍ കാളാശ്ശേരിക്കായിരുന്നു.

ആരാണ് ദാമോദരന്‍ കാളാശ്ശേരി
1970ലും 1977-ലും പന്തളത്തുനിന്ന് എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1978-ല്‍ പി കെ വാസുദേവന്‍ നായര്‍ മന്ത്രിസഭയില്‍ പട്ടികജാതി, ദേവസ്വം, സാമൂഹികക്ഷേമ വകുപ്പ് മന്ത്രിയായി. പട്ടികജാതി വിഭാഗത്തിന് പിഎസ്സി അപേക്ഷ സൗജന്യമാക്കിയതും തിരുവനന്തപുരം വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമ സ്ഥാപിക്കാന്‍ സ്ഥലം ഏറ്റെടുത്തതും കാളാശ്ശേരി മന്ത്രിയായിരിക്കുമ്പോഴാണ്.

പട്ടികജാതി വര്‍ഗ കോര്പ്പറേഷന് ചെയര്മാന്, കേന്ദ്രത്തിനുകീഴിലുള്ള ഡോ. അംബേദ്കര്‍ ഫൗണ്ടേഷന് ബോര്‍ഡ് അംഗം, കെപിസിസി ജനറല്‍ സെക്രട്ടറി, എഐസിസി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരത് ധ്വനി ആഴ്ചപ്പതിപ്പിന്റെയും രാഷ്ട്രശബ്ദം ദ്വൈവാരികയുടെയും പ്രിന്ററും പബ്ലിഷറുമായിരുന്നു. 2019 ജൂലൈ 13ന് 88-ാം വയസിലാണ് അദ്ദേഹം അന്തരിച്ചത്.

2016ല്‍ കെപിസിസി വക്താവ് അനില്‍ ബോസ് ദാമോദരന്‍ കാളാശ്ശേരിയെ വീട്ടില്‍ സന്ദര്‍ശിച്ച ശേഷമെഴുതിയ ബ്ലോഗ്
ദാമോദരന്‍ കാളാശ്ശേരി ഒരു പൊന്‍താരകം
കേട്ടിട്ടുണ്ടോ ഈ പേര് കേരളത്തില്‍ മൂന്നു തവണ എംഎല്‍എ ആയ വ്യക്തി. പന്തളം മാവേലിക്കര മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി, നിരവധി സര്‍ക്കാര്‍ കമ്മറ്റികളില്‍ അംഗം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാന്‍ ഇന്നും മതിയായ തലത്തില്‍ സാധ്യമാകാത്ത ദളിത് വിഭാഗത്തില്‍ നിന്നും ഉയര്‍ന്ന് വന്ന പൊന്‍താരകം. അഴിമതി അലങ്കാരമായി കാണുന്ന പല രാഷട്രീയക്കാരും പഠിക്കേണ്ടുന്ന വ്യക്തിത്വം. അതായിരുന്നു ദാമോദരന്‍ കാളാശേരി എന്ന മഹാ മനുഷ്യന്.
.
ഇന്ത്യയില്‍ നടന്നിട്ടുള്ള ഒരു പാട് നിയമനിര്‍മ്മാണങ്ങള്‍ക്ക് കാരണ ഭൂതനായി പ്രത്യേകിച്ച് ദളിത് സമൂഹത്തിന്റെ, ഒരു കാലഘട്ടത്തില്‍ കേരളത്തിലെ ദളിത് വിഭാഗത്തെ കോണ്‍ഗ്രസിലേക്കു ചേര്‍ത്ത് നിര്‍ത്തിയ പഴയകാല ഭാഷയില്‍ പറഞ്ഞാല്‍ മുന്‍ ഹരിജന ഗിരി ജന ക്ഷേമ വകുപ്പ് മന്ത്രി. ഇന്ന് ഭാഷാപ്രയോഗത്തില്‍ മാറ്റം വന്നിട്ടുണ്ട്.
അത്രമാത്രം ….ഇപ്പോഴും അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നമുക്ക് ആവേശം തോന്നും വര്‍ത്തമാനകാല രാഷ്ട്രീയത്തെ കുറിച്ച് ,കോണ്‍ഗ്രസിന്റെ ദൗര്‍ബല്യത്തെ കുറിച്ച്, നേതാക്കളുടെ സ്വാര്‍ത്ഥതയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം വാചാലനാകും. ദളിത് വിഭാഗത്തില്‍ പെട്ടതുകൊണ്ട് ആണോ? നാട്യം വശമില്ലാത്തതുകൊണ്ടോ, ഉറച്ച നിലപാടുകളും ,ആരുടെയും മുഖത്ത് നോക്കി തന്റെടത്തോടെ നിലപാടുകളെടുത്തത് കൊണ്ടോ പലപ്പോഴും അദ്ദേഹം അര്ഹമായയിടങ്ങളില് നിന്നും മാറ്റിനിര്ത്തപ്പെട്ടിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യം.
കേരളത്തിലെ ഒരു വ്യക്തിക്ക് ,നേതാവിന് ഉപയോഗിക്കാന്‍ ജീപ്പ് അതും യശഃശരീരനായ രാജീവ്ഗാന്ധിയുടെ സ്വന്തം പേരിലുള്ള പുതിയ വാഹനം അദ്ദേഹം കാളാശേരിക്കാണ് നല്‍കിയത് .കാരണമറിയുമ്പോഴാണ് കാളാശേരിയുടെ ലാളിത്യവും രാജീവിന്റെ മനസ്സിന്റെ നൈര്‍മ്മല്യവും മനസിലാകും ‘ ഒരിക്കല്‍ എയര്‍പോര്‍ട്ടില്‍ വച്ച് രാജീവ് ഗാന്ധിയെ കാണാന്‍ നേതാക്കള്‍ക്ക് അവസരം നല്കുന്നു. എല്ലാവരും കാലേകൂട്ടിയെത്തി, രാജീവ്ജി എല്ലാവരെയും കണ്ട് വിമാനത്തിലേക്ക് കയറാന്‍ നീങ്ങുമ്പോള്‍ ഒരാള്‍ ഓടിക്കിതച്ചെത്തുന്നു ആ മനുഷ്യന് കാളാശേരി ആയിരുന്നു. രാജീവ്ജി തിരിഞ്ഞു നിന്നു ഉടന്‍ അദ്ദേഹത്തില്‍ നിന്ന് ചോദ്യംവന്നു ..എന്തേ വൈകി ? ഞാന്‍ ബസിലാണ് വന്നത് ഇങ്ങോട്ടേക്ക് ഓട്ടോയിലും ..അടുത്ത് ചേര്‍ത്ത് നിര്‍ത്തി ആലിംഗനം ചെയ്ത് അടുത്ത ചോദ്യം കാറില്ലേ? ഇല്ല… മൂന്ന് തവണ എം.എല്‍.എയും മന്ത്രിയുമായ ആള്‍ക്ക് കാറില്ലേ? വാത്സല്യത്തോടെ ചേര്‍ത്ത് നിര്‍ത്തി ഡല്‍ഹിയിലേക്ക് വരണം എന്ന് പറഞ്ഞു അവിടെ കാണാം എന്ന് പറഞ്ഞ് രാജീവ് ഗാന്ധി മടങ്ങി.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്തിന്റെ സഹായത്താല്‍ വിമാനത്തില്‍ ഡല്‍ഹിയിലെത്തി രാജീവ്ജിയെ കണ്ടു. സ്വകാര്യ ആവശ്യങ്ങള്‍ പറയും എന്ന് കരുതിയ അദ്ദേഹത്തെ അതിശയിപ്പിച്ചു കൊണ്ട് തന്റെ സമുഹത്തെ സാമ്പത്തിക, തൊഴില്‍ ,വിദ്യാഭ്യാസ മേഖലകളില്‍ കൊണ്ടുവരാനും അവര്‍ക്കായി ഒരു നിയമ സംവിധാനമടക്കമുള്ള ആവശ്യങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ ഇവ ആയിരുന്നു സമര്‍പ്പിക്കപ്പെട്ടത്.
1 ഇന്ന് കാണുന്ന പട്ടികജാതി – പട്ടികവര്‍ഗ്ഗ കമ്മീഷനുകള്‍.
2 പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് സൗജ്ന്യമായി സ്വയം തൊഴിലിനായി പെട്രോള്‍ പമ്പുകള്‍ നല്കുവാന് തീരുമാനിച്ചത് അങ്ങനെയെത്രയോ നേട്ടങ്ങള്‍
കേരളത്തില്‍ മടങ്ങിയെത്തിയപ്പോള്‍ തനിക്ക് സഞ്ചരിക്കാന്‍ വാഹനവുമെത്തി രാജീവ് ഗാന്ധിയുടെ ഉടമസ്ഥതയിലുള്ളത്. ഇത്രയും മഹിമയുള്ള രാഷ്ട്രീയ മാന്യത ജീവിതത്തില്‍ സൂക്ഷിക്കുന്ന ആളുകളെ ആദരിക്കണ്ടെ, അവരെക്കുറിച്ച് പഠിക്കണ്ടേ, വേണ്ട മിനിമം വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതെയെങ്കിലുമിരിക്കണ്ടെ?
അതു കൊണ്ട് ദാമോദരന്‍ കാളാശേരിയെ പോലുള്ളവരുടെ പ്രവര്‍ത്തന ചരിത്രങ്ങള്‍ പുതിയ തലമുറ അറിയണം. പഠിക്കണം അതിനായുള്ള പരിപാടികള്‍ വേണം. അതിനായി എളിയ പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യണം ഒപ്പം ബഹു: കെപിസിസി, അതു പോലെ ആലപ്പുഴ ഡിസിസി ഈ തലങ്ങളില്‍ ഇതിനായുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയും വേണം.