ഡേവിഡ് ഫിഞ്ചര്‍ സര്‍പ്രൈസ് പുറത്തുവിട്ട് നെറ്റ്ഫ്ളിക്സ്; ഒരുങ്ങുന്നത് ‘വ്വാഹ്’

ഡേവിഡ് ഫിഞ്ചറുമായി ചേര്‍ന്ന് നെറ്റ്ഫ്ളിക്സ് ഒരുക്കുന്നത് ഡോക്യുമെന്ററി ഫിലിം സീരീസ്. ‘വ്വാഹ്’ എന്ന് പേരിട്ടിരിക്കുന്ന പരമ്പര സിനിമയെ ആഘോഷിക്കുന്ന ഒന്നായിരിക്കുമെന്ന് നെറ്റ്ഫ്ളിക്സ് ട്വീറ്റ് ചെയ്തു. ‘കാണുക, കാണിക്കുക’ എന്നീ അര്‍ത്ഥങ്ങളുള്ള ഫ്രഞ്ച് വാക്കാണ് ‘വ്വാഹ്'(Voir). അണിയറയില്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ റോളാണ് ഫിഞ്ചറിന്. പരമ്പര അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഫെസ്റ്റില്‍ പ്രീമിയര്‍ ചെയ്യുമെന്നും നെറ്റ്ഫ്ളിക്സില്‍ ഉടനെത്തുമെന്നും ഒടിടി പ്ലാറ്റ്ഫോം അറിയിച്ചു.

ആധുനിക സിനിമയുടെ മാസ്റ്റേഴ്സിലെ ഒരാളുടെ മനസിലൂടെ സിനിമയെ ആഘോഷിക്കുന്ന ഒരു പുതിയ ഡോക്യുമെന്ററി സീരീസാണ് വ്വാഹ്.

നെറ്റ്ഫ്ളിക്സ്

ലോസ് ആഞ്ചലസില്‍ വെച്ച് എ.എഫ്.ഐ ഫെസ്റ്റിന്റെ ഭാഗമായി നവംബര്‍ 13നാണ് വ്വാഹിന്റെ പ്രീമിയര്‍. നെറ്റ്ഫ്ളിക്സില്‍ എന്ന് എത്തുമെന്ന കാര്യം പുറത്തുവിട്ടിട്ടില്ല.

ഡേവിഡ് ഫിഞ്ചറില്‍ നിന്ന് സ്പെഷ്യലായി ഒന്ന് പുറത്തുവരാനുണ്ടെന്ന നെറ്റ്ഫ്‌ളിക്‌സിന്റെ പ്രഖ്യാപനം ലോകമെമ്പാടുമുള്ള ആരാധകരില്‍ ആകാംഷ ഉയര്‍ത്തിയിരുന്നു. ഫിഞ്ചറിന്റെ ഏതെങ്കിലും സിനിമയുടെ രണ്ടാം ഭാഗമാകുമെന്ന അനുമാനങ്ങളും പിന്നാലെയെത്തി. നെറ്റ്ഫ്‌ളിക്‌സുമായി ചേര്‍ന്നൊരുക്കിയ ‘മാങ്ക്’ന് തുടര്‍ച്ചയുണ്ടായേക്കുമെന്നും വാര്‍ത്തയുണ്ടായി. ഫിഞ്ചര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ മൈന്‍ഡ് ഹണ്ടറിന്റെ മൂന്നാം സീസണായിരിക്കും വരുന്നതെന്ന പ്രതീക്ഷയിലായിരുന്നു വലിയൊരു വിഭാഗം പ്രേക്ഷകര്‍. സൈക്കോളജിക്കല്‍ ക്രൈം ത്രില്ലറായ മൈന്‍ഡ് ഹണ്ടര്‍ ഏറെ ഫാന്‍ബേസും നിരൂപക പ്രശംസയും നേടിയെങ്കിലും രണ്ടാം സീസണോടെ നിര്‍മ്മാണം അവസാനിപ്പിച്ചിരുന്നു. മുടക്കുമുതലിന് അനുസരിച്ചുള്ള സ്വീകാര്യത കിട്ടാത്തതുകൊണ്ടാണ് സീരീസ് മുടങ്ങിയതെന്ന് ഫിഞ്ചര്‍ തന്നെ തുറന്നടിക്കുകയുണ്ടായി. മൈന്‍ഡ് ഹണ്ടറിന് വേണ്ടി വലിയ സമയവും അധ്വാനവും ചെലവഴിക്കേണ്ടി വരുന്നെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

മൈന്‍ഡ് ഹണ്ടര്‍ ഷൂട്ടിനിടെ ജൊനാഥന്‍ ഗ്രോഫ്, ഹോള്‍ട് മക്കല്ലനി എന്നിവര്‍

‘ഫൈറ്റ് ക്ലബ്ബ്’, ‘സോഡിയാക്’, ‘സോഷ്യല്‍ നെറ്റ് വര്‍ക്ക്’, ‘സെവന്‍’, ‘ദ ഗേള്‍ വിത്ത് ദ ഡ്രാഗന്‍ ടാറ്റൂ’, ‘ദ ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിന്‍ ബട്ടന്‍’, ‘ഗോണ്‍ ഗേള്‍’ എന്നിങ്ങനെ നിരവധി ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് ഡേവിഡ് ഫിഞ്ചര്‍. വിഖ്യാത ഗായിക മഡോണയുടെ ‘വോഗ്’ മ്യൂസിക് വീഡിയോയും ഏറെ ശ്രദ്ധേയമായി. നെറ്റ്ഫ്‌ളിക്‌സുമായി നാല് വര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പിട്ടിരിക്കുകയാണ് ഫിഞ്ചര്‍ ഇപ്പോള്‍. മൈന്‍ഡ് ഹണ്ടര്‍ കൂടാതെ ‘ഹൗസ് ഓഫ് കാര്‍ഡ്‌സ്’ സീരീസിന് വേണ്ടിയും നെറ്റ്ഫ്‌ളിക്‌സുമായി ഫിഞ്ചര്‍ കൈ കോര്‍ത്തിരുന്നു. ഹൗസ് ഓഫ് കാര്‍ഡ്‌സിന്റെ പൈലറ്റ് എപ്പിസോഡ് സംവിധാനം ചെയ്തത് ഫിഞ്ചറാണ്.

നെറ്റ്ഫ്‌ളിക്‌സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘കില്ലര്‍’ന്റെ പണിപ്പുരയിലാണ് സംവിധായകന്‍. മൈക്കള്‍ ഫാസ്‌ബെന്‍ഡര്‍, ടില്‍ഡ സ്വിന്റണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന അസാസിന്‍ ഡ്രാമയാണ് കില്ലര്‍. സിനിമകളുടെ തിയേറ്റര്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രമുഖ സംവിധായകരില്‍ നിന്നുള്‍പ്പെടെ നെറ്റ്ഫ്‌ളിക്‌സ് വിമര്‍ശനം നേരിടുന്ന സമയത്താണ് ഒടിടി പ്ലാറ്റ്‌ഫോമുമായി പൂര്‍ണമായി സഹകരിച്ച് ഫിഞ്ചര്‍ മുന്നോട്ട് പോകുന്നത്. ‘നെറ്റ്ഫ്‌ളിക്‌സില്‍ വര്‍ക് ചെയ്ത അത്ര സന്തോഷത്തോടെ മറ്റൊരിടത്തും ജോലി ചെയ്തിട്ടില്ല’ എന്നായിരുന്നു സംവിധായകന്റെ പ്രതികരണം.