‘പ്രിയപ്പെട്ട വിരാട്, അവര്‍ വിദ്വേഷത്താല്‍ നിറഞ്ഞവരാണ്, വിട്ടേക്കുക’; ഭീഷണികള്‍ക്കിടെ കോഹ്ലിക്ക് രാഹുല്‍ ഗാന്ധിയുടെ ഐക്യദാര്‍ഢ്യം

ഇന്ത്യന്‍ പേസര്‍ ഷമിക്കെതിരെയുള്ള വിദ്വേഷ ക്യാംപെയ്‌നെ ശക്തമായ ഭാഷയില്‍ അപലപിച്ച ക്യാപ്റ്റന്‍ കോഹ്ലിയെ പിന്തുണച്ച് രാഹുല്‍ ഗാന്ധി. ‘പ്രിയപ്പെട്ട വിരാട്’ എന്ന് കോഹ്ലിയെ അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് നേതാവ് ‘ടീമിനെ സംരക്ഷിക്കൂ’ എന്ന് ട്വീറ്റ് ചെയ്തു. ആരാലും സ്‌നേഹിക്കപ്പെടാത്തവരുടെ മനസ് വെറുപ്പ് കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അവരോട് ക്ഷമിച്ചേക്കുകയെന്നും രാഹുല്‍ പറഞ്ഞു.

കോഹ്ലി-അനുഷ്‌ക ദമ്പതികളുടെ മകളായ വാമികയ്‌ക്കെതിരെ ബലാത്സംഗ ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം. ഒമ്പത് മാസം മാത്രം പ്രായമുളള കുട്ടിക്കെതിരെയുണ്ടായ ഓണ്‍ലൈന്‍ അധിക്ഷേപത്തില്‍ നടപടിയാവശ്യപ്പെട്ട് ഡല്‍ഹി വനിതാകമ്മീഷന്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. ആത്യന്തം അപമാനകാരമാണിതെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മാലിവാള്‍ ട്വീറ്റ് ചെയ്തു.

ആയിരക്കണക്കിന് തവണ നമ്മെ അഭിമാനം കൊള്ളിച്ചവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. തോല്‍ക്കുമ്പോള്‍ ഈ അല്‍പത്തരമെന്തിനാണ്?

സ്വാതി മാലിവാള്‍

അന്വേഷണത്തിന്റെ വിവരങ്ങളും എഫ്‌ഐആറും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്‌തെങ്കില്‍ അവരുടെ വിവരങ്ങളും പങ്കുവെയ്ക്കണമെന്ന് വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ എട്ടിനകം വിവരങ്ങള്‍ നല്‍കാമെന്നാണ് ഡല്‍ഹി പൊലീസ് നല്‍കിയിരിക്കുന്ന മറുപടി.

ദുബായില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്താനോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ബോളര്‍ മുഹമ്മദ് ഷമിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെ മതത്തിന്റെ പേരില്‍ ഒരാളെ ആക്രമിക്കുന്നതാണ് ഒരു മനുഷ്യന് ചെയ്യാവുന്നതില്‍ വെച്ചേറ്റവും ഹീനമായ കാര്യമെന്ന് ചൂണ്ടിക്കാട്ടി ക്യാപ്റ്റന്‍ കോഹ്ലി രംഗത്തെത്തി. മുഹമ്മദ് ഷമിക്കൊപ്പം തന്നെയാണ് നില്‍ക്കുകയെന്ന് നിലപാട് വ്യക്തമാക്കിയതോടെ സൈബര്‍ അക്രമികള്‍ വിരാട് കോഹ്ലിയെ ലക്ഷ്യമിടുകയായിരുന്നു.