ബുദ്ധദേബിനെ മാതൃകയാക്കണോ ഗുലാം നബി ആസാദ്? കോൺഗ്രസിൽ ചൂടുപിടിച്ച് ‘അകത്തോ പുറത്തോ’ ചർച്ചകൾ

കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെയും സിപിഐഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയുടെയും പദ്മഭൂഷൺ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. മുതിർന്ന നേതാവിന് ലഭിച്ച ആദരത്തെക്കാൾ കോൺഗ്രസ് വൃത്തങ്ങൾ ആഘോഷിക്കുന്നത് പദ്മഭൂഷൺ നിരസിച്ച കമ്യൂണിസ്റ്റ് നേതാവ് ബുദ്ധദേബ് ഭട്ടാചാര്യയെയും. ബുദ്ധദേബിനെ പ്രശംസിച്ചു രംഗത്തുവന്ന ജയ്‌റാം രമേശിന്റെ വാക്കുകൾ ചർച്ചകൾ കൊഴുപ്പിച്ചു. ബുദ്ധദേവിന് സ്വതന്ത്ര്യമാണ് വേണ്ടത് (ആസാദ്‌) അടിമത്തമല്ല (ഗുലാം) എന്ന് ജയ്‌റാം രമേശ് തുറന്നെഴുതി. കപിൽ സിബലാകട്ടെ ഗുലാം നബി ആസാദിന്റെ സംഭാവനകൾ രാജ്യം അംഗീകരിക്കുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തിനെ സേവനം ആവശ്യമില്ല എന്നത് വിരുദ്ധോക്തിയാണെന്ന് അഭിപ്രായപ്പെട്ടു.

പദ്‌മ ഭൂഷൺ പുരസ്കാരത്തെക്കുറിച്ച് താൻ അറിഞ്ഞിട്ടില്ലെന്നും അങ്ങനെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നിരസിക്കുന്നുവെന്നും മുൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി കൂടിയായ ബുദ്ധദേബ് വ്യക്തമാക്കിയത്. പുരസ്‌കാരവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥാരാരും തന്നെ വിളിക്കുകയോ സന്ദർശിക്കുകയോ ചെയ്യേണ്ടതില്ല എന്നും കൂട്ടിച്ചേർത്തു.

പാർട്ടി വൃത്തങ്ങളുമായി ചേർന്നെടുത്ത തീരുമാനമാണ് ഇതെന്ന് ബുദ്ധദേബ് പറയുന്നു. ഭരണകൂടം നൽകുന്ന ഇത്തരം പുരസ്‌കാരങ്ങൾ നിരസിക്കുകയെന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ നയമാണ്. പുരസ്കാരത്തിന് വേണ്ടിയല്ല ജനങ്ങൾക്ക് വേണ്ടിയാണ് തങ്ങളുടെ പ്രവർത്തനം എന്ന് സിപിഐഎം വിശദമാക്കുന്നു. നരസിംഹറാവു സർക്കാർ 1990ൽ നൽകിയ പദ്‌മ പുരസ്കാരം ഇ.എം.എസ് നമ്പൂതിരിപ്പാടും നിരസിച്ചിരുന്നു.

അതേസമയം പദ്മഭൂഷൺ പുരസ്കാരം സ്വീകരിക്കുന്നതായി ഗുലാം നബി ആസാദ് പ്രഖ്യാപിച്ചു.

ബുദ്ധദേബ് ഭട്ടാചാര്യ

ഗുലാം നബി ആസാദിനെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 2019ൽ കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ വിശേഷാധികാരം എടുത്തുകളഞ്ഞ് സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കീഴ്മേൽ മറിഞ്ഞ അവസരത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി ആസാദിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാശ്മീരിൽ അങ്ങനെ നേതൃത്വം നൽകാനും മാത്രം കോൺഗ്രസ് നിലവിലില്ലെന്ന് അഭിപ്രായപ്പെട്ട് അദ്ദേഹം ആ ആവശ്യം നിരസിച്ചു. അനുച്ഛേദം 370 റദ്ദാക്കിയതിനെതിരെ പാർലമെന്റിൽ ശക്തമായി സംസാരിച്ചിരുന്നുവെങ്കിലും കശ്‌മീരിലെ പൊതുപരിപാടികളിലോ മീറ്റിംഗുകളിലോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അമിത് ഷായെയോ നേരിട്ട് ആക്രമിക്കാൻ ആസാദ് മുതിർന്നിരുന്നില്ല. വിഷേധദികാരം റദ്ദാക്കാതിരിക്കാൻ താൻ എന്തൊക്കെ ചെയ്‌തു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ ഊന്നൽ.

ഗാന്ധി നേതൃത്വത്തിനെതിരെ ഗുലാം നബി ആസാദിന്റെ നിലപാടുകളും ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഗന്ധികളോട് നോ പറഞ്ഞാൽ പിന്നെ കോൺഗ്രസിൽ ആരുമല്ലാതായിമാറുമെന്ന് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. കോൺഗ്രസ് പാർട്ടി വിടുമോ എന്ന ചോദ്യത്തിന് അങ്ങനെ പാർട്ടി വിടാനോ സ്വന്തം പാർട്ടി രൂപീകരിക്കാനോ യാതൊരു ഉദ്ദേശവുമില്ല എന്ന് പറഞ്ഞ ആസാദ് എന്നാൽ രാഷ്ട്രീയത്തിൽ തൊട്ടടുത്ത ചുവടുവെപ്പ് എന്താണെന്ന് മുൻകൂട്ടി പറയാനാവില്ലല്ലോ എന്നും പ്രതികരിച്ചിരുന്നു. പാർട്ടിയിൽ സമ്പൂർണ അഴിച്ചുപണി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ കൂട്ടത്തിലെ മുതിർന്ന നേതാവായിരുന്നു ആസാദ്.

രാജ്യസഭയിൽ നിന്നും തന്റെ വിരമിക്കൽ കോൺഗ്രസ് താത്പര്യപ്പെട്ടിരുന്നതായിരുന്നു എന്ന് ആസാദ് കരുതുന്നു. വിരമിക്കലിന് മുൻപ് തന്നെ,തന്നെ മാറ്റി മല്ലികാർജ്ജുൻ ഖാർഗെയെ രാജ്യസഭാ പ്രതിപക്ഷ നേതാവായി നിയമിക്കാൻ രാഹുൽ ഗാന്ധി ആലോചിക്കുന്നതായും ആസാദ് വിശ്വസിച്ചിരുന്നു. അത് തന്നെയാണ് പിന്നീട് സംഭവിച്ചതും. വിരമിക്കാൻ അനുവദിക്കാതെ ആസാദിനെ സഭയിൽ നിലനിർത്തണം എന്ന രാഷ്ട്രീയ ആവശ്യങ്ങൾ കോൺഗ്രസ് പരിഗണിച്ചതുമില്ല.

ഗുലാം നബി ആസാദിനുള്ള വിരമിക്കൽ പ്രസംഗത്തിനിടെ കണ്ണീരണിഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി പാർലമെന്റിൽ പ്രസംഗിച്ചത്. ശ്രീനഗറിൽ വെച്ച് ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരികൾ അക്രമിക്കപ്പെട്ടപ്പോൾ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഗുലാം നബി ആസാദ് എങ്ങനെ പ്രവർത്തിച്ചു എന്നത് ഓർത്തെടുക്കവെയാണ് മോഡി വികാരാധീനനായത്. സ്വന്തം പാർട്ടിയുടെ താത്പര്യങ്ങൾ മാത്രമല്ല രാജ്യത്തിൻറെ താൽപര്യങ്ങളും ഉയർത്തിപ്പിടിച്ച നേതാവാണ് ആസാദ് എന്ന് മോഡി പ്രശംസിച്ചു. ‘താങ്കളെ വിരമിക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ വാതിലുകൾ എന്നും താങ്കൾക്കുമുന്നിൽ മലർക്കെത്തുറന്നിരിക്കും’ എന്ന് മോഡി പറഞ്ഞു. മറുപടി പറയവേ ആസാദും കരഞ്ഞു.

ബി.എൽ സന്തോഷ് ഉൾപ്പടെയുള്ള ബിജെപി വൃത്തങ്ങൾ ആസാദിനെ വാനോളം പുകഴ്ത്തിയപ്പോഴും കോൺഗ്രസ് നേതാക്കൾ മോഡിയുടെ കണ്ണീരിനെക്കുറിച്ചും ആസാദിന്റെ മറുപടിപ്രസംഗത്തെക്കുറിച്ചുമൊക്കെ പൊതുവെ നിശബ്ദരാകുകയായിരുന്നു.

ഇന്ദിരാ ഗാന്ധിയും ഗുലാം നബി ആസാദും

അൻപത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം കോൺസ് രാഷ്ട്രീയമായിരുന്നു ഗുലാം നബി അസാദ് ഉയർത്തിപ്പിടിച്ചിരുന്നത്. മഹാരാഷ്ട്രയിൽ നിന്നും ലോക്‌സഭയിലേക്ക് ജയിച്ച് രണ്ടാം വർഷം ഇന്ദിരാ ഗാന്ധി സഹമന്ത്രിയാക്കിയത് മുതൽ എല്ലാ യുപിഎ മന്ത്രിസഭയിലും അംഗമായിരുന്നു ആസാദ്. കശ്‌മീർ മുഖ്യമന്ത്രിയായിരുന്ന മൂന്ന് വർഷക്കാലം ഒഴിച്ചാൽ 1990 മുതൽ 2021 വരെ രാജ്യസഭാ അംഗമായിരുന്നു. 1987 മുതൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു.

നേതൃമാറ്റം ആവശ്യപ്പെട്ട് കത്തെഴുതി ഒരു മാസം കഴിഞ്ഞപ്പോൾ എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി. ആറുമാസം കഴിഞ്ഞപ്പോൾ രാജ്യസഭായിൽ നിന്നും വിരമിക്കൽ. പിന്നീട് പാർട്ടിയുടെ ഡിസിപ്ളിനറി കമ്മിറ്റിയിൽ നിന്നും പുറത്ത്.

പ്രത്യക്ഷ സൂചനകൾ ഒന്നുമില്ല ഇതുവരെയെങ്കിലും മറ്റൊരു അമരീന്ദർ സിങ്ങായി ജമ്മു കശ്മീരിലെ ബിജെപി മുഖമാകുമോ ഗുലാം നബി ആസാദ് എന്നാണ് രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്. ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പിൽ കാമ്പയിനറായി ഉൾപ്പെടുത്തി എന്നതിനപ്പുറം ആസാദിനെ കൂട്ടിപ്പിടിക്കാൻ കോൺഗ്രസ് നേതൃത്വം എന്തുചെയ്യുമെന്നതും നിർണായകമാണ്.