‘നിലപാടില്‍ ശ്രദ്ധക്കുറവ്, ബോധപൂർവ്വമല്ലാതെ ഫാസിസ്റ്റായതില്‍ വേദന’; ‘കുഴിമന്തി’യില്‍ ഖേദം തുടരുന്നു

കോഴിക്കോട്: നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്റെ ‘കുഴിമന്തി’ പരാമർശത്തിന് പിന്തുണ നല്‍കിയ നിലപാടില്‍ ഖേദമറിയിച്ച് പ്രതികരണങ്ങള്‍ തുടരുന്നു. പോസ്റ്റിനെ അനുകൂലിച്ച സുനില്‍ പി ഇളയിടവും ശാരദകുട്ടിയും കമന്റ് പിന്‍വലിച്ച് ഖേദമറിയിച്ചു. മലയാള ഭാഷയെ മാലിന്യത്തില്‍നിന്ന് മോചിപ്പിക്കാന് ‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കണമെന്നായിരുന്നു വി. കെ. ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ചർച്ച ശക്തിപ്പെടുന്നതിനിടെയാണ് തിരുത്ത്.

നിലപാടില്‍ ശ്രദ്ധക്കുറവുണ്ടായെന്നും നിർവ്യാജം മാപ്പുപറയുന്നതായും സുനില്‍. പി. ഇളയിടം വ്യക്തമാക്കി.

തന്റെ പ്രതികരണം പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങളെയും, ഭാഷയെക്കുറിച്ചുള്ള വിഭാഗീയ വീക്ഷണങ്ങളെയും ശരിവയ്ക്കുന്നു എന്ന തോന്നലുണ്ടാക്കിയെന്നും ഒരു തരത്തിലും ഈ ആശയങ്ങളെ അനുകൂലിക്കുന്നില്ല എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. കമന്റ് പിന്‍വലിച്ചതായും അറിയിച്ചു.

ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ആശയങ്ങൾക്ക് ന്യായമാകുന്നില്ല. ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങൾ ഒട്ടുമേ സ്വീകാര്യവുമല്ല.

സുനില്‍. പി. ഇളയിടം

വ്യക്തിപരമായി ഇഷ്ടം തോന്നിയിട്ടില്ലാത്ത ഒരു പേരാണതെന്നും, വളരെ മികച്ച ഒരു ഭക്ഷണത്തിന് കുറച്ചുകൂടി കുറച്ചുകൂടി തെളിച്ചമുള്ള മലയാള പദം ആകാമെന്നുമാണ് താന്‍ ഉദ്ദേശിച്ചതെന്ന് പുതിയ പോസ്റ്റ് വിശദീകരിക്കുന്നു. വി. കെ. ശ്രീരാമന്റെ വിവാദ പ്രയോഗങ്ങള്‍ അതിശയോക്തിപരമായി ഉപയോഗിച്ചതാവാം എന്നും സുനില്‍. പി. ഇളയിടം പോസ്റ്റില്‍ പറയുന്നു.

ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാല്‍ ആദ്യം ചെയ്യുക ‘കുഴിമന്തി’ എന്ന് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കുമെന്നാണ് വി. കെ. ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്. പിന്നാലെ സുനില്‍. പി. ഇളയിടം, എഴുത്തുകാരി എസ്. ശാരദക്കുട്ടി എന്നിവർ പോസ്റ്റിനെ പിന്തുണച്ച് കമന്റുചെയ്തിരുന്നു.

`തംസപ്പ് ഇമോജി’ നല്‍കിക്കൊണ്ടായിരുന്നു സുനില്‍. പി. ഇളയിടം നിലപാടിനെ അനുകൂലിച്ചത്. എന്നാലിതിന് പിന്നാലെ ഇളയിടത്തിന്റെ തന്നെ പ്രസംഗങ്ങൾ ചൂണ്ടികാണിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വിമർശനം ശക്തമായി.

‘കുഴിമന്തി എന്നു കേള്‍ക്കുമ്പോള്‍ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പന്‍ ജീവിയെ ഓര്‍മ്മ വരും. ഞാന്‍ കഴിക്കില്ല. മക്കള്‍ പക്ഷേ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകള്‍ മാറി മാറി പരീക്ഷിക്കും. എനിക്ക് പേരും കൂടി ഇമ്പ്രസീവ് ആയാലേ കഴിക്കാന്‍ പറ്റൂ,’ എന്നായിരുന്നു ശാരദകുട്ടിയുടെ കമന്റ്.

ഈ കമന്റ് ശാരദകുട്ടിയും പിന്‍വലിച്ചിട്ടുണ്ട്. ‘ഏതു രൂപത്തിലായാലും ഫാസിസം എന്നെ ഭയപ്പെടുത്തുന്നതു കൊണ്ടാണതെന്ന് ശാരദകുട്ടി വ്യക്തമാക്കി. ‘ഞാൻ എന്റെ ഭാഷയിൽ തീർത്തും ബോധപൂർവ്വമല്ലാതെ ഒരു ഫാസിസ്റ്റായെങ്കിൽ, അതാരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ വേദനയുണ്ട്. അതു തിരുത്തി മുന്നോട്ടു പോകുന്നതായിരിക്കും’ എന്നായിരുന്നു ഖേദമറിയിച്ചുകൊണ്ടുള്ള ശാരദകുട്ടിയുടെ പ്രതികരണം.

അതേസമയം, സുനില്‍ പി ഇളയിടത്തിന്റെ പിന്തുണയോടെ ശ്രദ്ധയാർജിച്ച ചർച്ചയില്‍ നിരവധി സാംസ്കാരിക പ്രവർത്തകരാണ് പ്രതികരണവുമായി എത്തിയത്.

കുറിപ്പിനെ വിമർശിച്ചാണ് കവി കീഴൂർ വിത്സന്‍ പ്രതികരിച്ചത്. `വേറിട്ട കാഴ്ച്ചകള്‍ കണ്ട ഒരാളുടെ കുറിപ്പാണിതല്ലോ എന്നോർക്കുമ്പോള്‍ ഒരു ഞെട്ടല്‍ . കഷ്ടം തന്നെ മുതലാളീ . ഞങ്ങടെ നാട്ടില്‍ പോത്തിന്റെ അകത്തണ്ടി ഫ്രൈ ഒക്കെ കിട്ടുന്ന കടകളുണ്ട് . എല്ലാ ഹോട്ടലുകൾക്കും ഞാറ്റുവേല എന്ന് പേരിടാന്‍ പറ്റുമോ മാഷേ . തിന്നുന്നതില്‍ തൊട്ട് കളിച്ചാല്‍ വിവരമറിയുമെന്ന് തോന്നുന്നു​​​​’, എന്നായിരുന്നു പ്രതികരണം.

കുഴിമന്തി എന്ന പേരിനെ വ്യഖ്യാനിച്ചായിരുന്നു മുരളി തുമ്മാരുക്കുടിയുടെ പ്രതികരണം.

‘യെമനിൽ നിന്നു വന്ന ഒരു ഭക്ഷണമാണ് മന്തി. മണ്ണിൽ കുഴിയുണ്ടാക്കി മരക്കരിയിൽ മണിക്കുറുകൾ എടുത്ത് വേവിച്ചാണ് മന്തി ഉണ്ടാക്കുന്നത്. അതീവ രുചികരമാണ്. കുഴിയിൽ ഉണ്ടാക്കുന്നതിനാലാണ് കേരളത്തിൽ ഇത് കുഴിമന്തി ആയത്. ഇത്രയും വേഗത്തിൽ മലയാളികളുടെ രുചിയെ കീഴടക്കിയ മറ്റൊരു വിഭവമില്ല. കേരളത്തിൽ ഗ്രാമങ്ങളിൽ പോലും ഇപ്പോൾ മന്തി കടകൾ ഉണ്ട്. യെമനിൽ പോലും ഇപ്പോൾ ഇത്രയും മന്തിക്കടകൾ ഉണ്ടോ എന്ന് സംശയമാണ്. കെ.എഫ്.സിയും പിസാ ഹട്ടും ഒക്കെ വന്നിട്ടും കുഴിമന്തി കേരളത്തിലെ പുതിയ തലമുറയുടെ ഹരമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അടക്കമുള്ളവരും പ്രതികരിച്ചിട്ടുണ്ട്.

അതേസമയം, സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്ത വിഷയത്തില്‍ വലിയ പൊതുവിമർശനമാണ് വി.കെ. ശ്രീരാമനും സുനില്‍. പി. ഇളയിടവും നേരിടുന്നത്. പ്രതികരിക്കേണ്ടതായ പല പ്രശ്നങ്ങള്‍ ലോകത്തുള്ളപ്പോള്‍ കുഴിമന്തിക്ക് പിന്നാലെ പോകുന്നതിന് പിന്നില്‍ വെറുപ്പിന്റെ രാഷ്ട്രീയമാണ് എന്നാണ് പ്രധാന വിമർശനം. ബ്രാഹ്മണിക്കല്‍ ഭാഷാവാദമാണ് കുഴിമന്തി വിരോധത്തിന് പിന്നിലെന്നും വിമർശനമുണ്ട്. മാംസാഹാരത്തെ പരാമർശിച്ച് തെറ്റായ രീതിയിലുള്ള ഭക്ഷണക്രമം ഉപേക്ഷിക്കണമെന്ന് പറഞ്ഞ ആർ.എസ്.എസ് മേധാവി മോഹൻ ഭ​ഗവതിന്റെ ആഹ്വാനത്തോടൊപ്പം വി.കെ. ശ്രീരാമന്റെ പോസ്റ്റിനെ ചേർത്തുവച്ചും വിമർശകർ പ്രതികരിക്കുന്നുണ്ട്.