ദീപ പി മോഹനന്റെ സമരത്തില്‍ നടപടി; നന്ദകുമാര്‍ കളരിക്കലിനെ നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കി

കോട്ടയം: എംജി സര്‍വ്വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥി ദീപ പി മോഹനന്റെ സമരത്തില്‍ നടപടി. ദീപ ഗുരുതര ആരോപണങ്ങളുന്നയിച്ച നന്ദകുമാര്‍ കളരിക്കലിനെ നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റി. സിന്‍ഡിക്കേറ്റ് യോഗമാണ് നന്ദകുമാറിനെ മാറ്റാനുള്ള തീരുമാനമെടുത്തത്. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് നടപടി.

നന്ദകുമാര്‍ വിദേശത്തായതിനാലാണ് ചുമതലയില്‍നിന്ന് നീക്കുന്നതെന്നാണ് വിശദീകരണം. വൈസ് ചാന്‍സിലര്‍ സാബു ജേക്കബിനാണ് പകരം ചുമതല.

ആരോപണവിധേയനായ അധ്യാപകനെ മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ സര്‍വ്വകലാശാലയുടെ തീരുമാനം നീണ്ടാല്‍, അധ്യാപകനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടാന്‍ സര്‍വ്വകലാശാലാ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു അറിയിച്ചിരുന്നു. ദീപയോട് നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രിയുടെ ഉറപ്പില്‍ സന്തോഷമുണ്ടെങ്കിലും അധ്യാപകനെതിരെ നടപടി സ്വീകരിക്കാതെ സമരത്തില്‍നിന്നും പിന്മാറില്ലെന്ന് ദീപ പി മോഹനന്‍ അറിയിച്ചിരുന്നു. ചട്ട വിരുദ്ധമായി നന്ദകുമാറും വിസി സാബു തോമസും പലതും ചെയ്തിട്ടുണ്ടെന്നും ഇത് പുറത്തുവരുമെന്ന് ഭയന്നാണ് നന്ദകുമാറിനെ മാറ്റാന്‍ സാബു തോമസ് തയ്യാറാവാത്തതെന്നും ദീപ ആരോപിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനിലയില്‍ സര്‍ക്കാരിന് ഉത്ക്കണ്ഠയുണ്ടെന്നായിരുന്നു മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. വ്യക്തിപരമായും ആകുലതയുണ്ട്. വിദ്യാര്‍ത്ഥിനിയ്ക്ക് നീതി ഉറപ്പാക്കാന്‍ വേണ്ടത് സര്‍വ്വകലാശാലയുടെ വിശദീകരണം കിട്ടിയ ഉടനെ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കൊവിഡ് ബാധിതയായി ആശുപത്രിയിലായതിനാലാണ് ദീപയെ നേരിട്ട് കാണാന്‍ എത്താത്തത്. ആരോപണവിധേയനായ അധ്യാപകന്റെ കാര്യത്തില്‍ ദീപ ആവശ്യപ്പെട്ട നടപടിയെടുക്കാന്‍ സര്‍വ്വകലാശാല തടസ്സമുന്നയിച്ച സാഹചര്യത്തിലാണ് സമരം നീണ്ടുപോയത്. നേരത്തെ തന്നെ ദീപയുടെ പരാതിയില്‍ ഹൈക്കോടതിയും പട്ടികവര്‍ഗ്ഗ കമ്മീഷനും ഇടപെട്ടിട്ടുള്ളതാണ്. ഇവകൂടി പരിഗണിച്ച് വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വ്വകലാശാല എത്രയും പെട്ടെന്നു തീര്‍പ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആരോപണവിധേയനായ അധ്യാപകനെ പദവിയില്‍നിന്ന് മാറ്റിനിര്‍ത്തി പരാതി അന്വേഷിക്കാന്‍ എന്താണ് സര്‍വ്വകലാശാലയ്ക്ക് തടസ്സമെന്ന് ആരാഞ്ഞിട്ടുണ്ട്. അതിന് സാങ്കേതികതടസ്സമുണ്ടെങ്കില്‍ അതിനാധാരമായ രേഖകള്‍ എന്തെല്ലാമാണെന്ന് അറിയിക്കാനും സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് മന്ത്രി അറിയിച്ചത്.

എം ജി സര്‍വകലാശാല അധികൃതര്‍ പുലര്‍ത്തുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നാനോ സയന്‍സ് ഗവേഷക ദീപ പി മോഹനന്‍ നടത്തുന്ന നിരാഹാര സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നു. ഹൈക്കോടതി വിധിയുണ്ടായിട്ടും ഗവേഷണം പൂര്‍ത്തിയാക്കാന്‍ നടപടിയില്ലെന്ന് ദീപ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പത്തു വര്‍ഷമായി പഠനാവസരങ്ങള്‍ നിഷേധിച്ചും വ്യക്തിപരവും ജാതീയവുമായി അവഹേളിച്ചും സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവച്ചും തന്നെ ഗവേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് ദീപയുടെ പരാതി. ദീപയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധി വന്നിട്ടും പട്ടിക വര്‍ഗ്ഗ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടുംസര്‍വ്വകലാശാലയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല. നാനോ സയന്‍സ് ഡയറക്ടര്‍ നന്ദകുമാറിന്റെ നേതൃത്വത്തിലാണ് വിവേചനമെന്ന് ദീപ പറയുന്നു.

2011-12ലാണ് ദീപ എംജിയു ഇന്റര്‍നാഷണല്‍ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സില്‍ എം ഫില്‍ പ്രവേശനം നേടിയത്. തനിക്കൊപ്പം അഡ്മിഷനെടുത്ത രണ്ട് ദളിത് വിദ്യാര്‍ത്ഥികള്‍ ജാതി വിവേചനം കാരണം കോഴ്സ് ഉപേക്ഷിച്ചെന്ന് ദീപ പറയുന്നു. പ്രൊജക്ട് ചെയ്യാന്‍ അനുവദിക്കാതെയും ടി സി തടഞ്ഞുവെച്ചും നന്ദകുമാര്‍ കളരിക്കല്‍ പഠനം തടസപ്പെടുത്തി. ദീപയ്ക്ക് പിഎച്ച്ഡി പ്രവേശനം നല്‍കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും അര്‍ഹതയുള്ളതുകൊണ്ട് തടയാനായില്ല. 2012ല്‍ പൂര്‍ത്തിയാക്കിയ എം ഫില്‍ സര്‍ട്ടിഫിക്കറ്റ് 2015ലാണ് ദീപയ്ക്ക് ലഭിക്കുന്നത്. സ്വന്തം ഗവേഷണ ഫലങ്ങള്‍ ദീപ മോഷ്ടിച്ചതാണെന്ന് ആരോപണമുയര്‍ന്നു. മറ്റൊരു വിദ്യാര്‍ത്ഥിയുടെ പേരില്‍ ദീപയുടെ പഠനം പ്രസിദ്ധീകരിക്കപ്പെട്ടു. 2015ല്‍ ദീപ നല്‍കിയ പരാതിയേത്തുടര്‍ന്ന് സര്‍വ്വകലാശാല രണ്ട് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അടങ്ങുന്ന സമിതിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ദീപയുടെ പരാതികളില്‍ പലതും ശരിവെയ്ക്കുന്നതായിരുന്നു ഡോ. എന്‍ ജയകുമാര്‍, ഇന്ദു കെ എസ് എന്നിവരുടെ കണ്ടെത്തലുകള്‍. 2018ലും 2019ലും ദീപയ്ക്ക് അനുകൂലമായ കോടതിവിധിയുണ്ടായെങ്കിലും സര്‍വ്വകലാശാല അവ അവഗണിച്ചു. ആരോപണവിധേയനായ നന്ദകുമാര്‍ കളരിക്കലിനെ ഹൈക്കോടതി വിളിപ്പിച്ച് ശാസിച്ചെങ്കിലും സംരക്ഷിക്കുന്ന നിലപാടാണ് സര്‍വ്വകലാശാല സ്വീകരിച്ചത്.

നിരാഹാര സമരത്തിനിടെ നവംബര്‍ രണ്ടിന് സര്‍വ്വകലാശാല അധികൃതരുമായി ദീപ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. നന്ദകുമാര്‍ കളരിക്കലിനെ റിസേര്‍ച്ച് സെന്ററില്‍ നിന്ന് മാറ്റണമെന്ന ദീപയുടെ ആവശ്യം വൈസ് ചാന്‍സലര്‍ തള്ളി. നന്ദകുമാറിനെ ഐഐയുസിഎന്‍എന്നില്‍ നിലനിര്‍ത്താന്‍ ഹൈക്കോടതി ഉത്തരവുണ്ടെന്ന എം ജി വി സി സാബു തോമസിന്റെ വാദം കള്ളമാണെന്ന് ദീപ ചൂണ്ടിക്കാട്ടുന്നു. നിയമപരമായി നീങ്ങിയതോടെ ഡയറക്ടര്‍ കൂടുതല്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുകയാണെന്നും നന്ദകുമാറിന്റെ കീഴില്‍ തനിക്ക് ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും ദീപ പി മോഹനന്‍ പറയുന്നു.