ഡല്‍ഹി കലാപ ഗൂഢാലോചനാകേസ്; ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ മുന്‍ ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി. 2020-ല്‍ അറസ്റ്റിലായ ഖാലിദ് യുഎപിഎ നിയമം ചുമത്തപ്പെട്ട് രണ്ട് വര്‍ഷമായി ജയിലിലാണ്. ജാമ്യം നല്‍കാന്‍ തക്ക ഒരു ‘മെറിറ്റും’ കേസില്‍ കാണുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സിദ്ധാര്‍ഥ് മൃദുല്‍, ജസ്റ്റിസ് രജ്‌നീഷ് ഭട്‌നാഗര്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ജാമ്യാപേക്ഷ തള്ളിയത്.

മാര്‍ച്ച് 24 ന് വിചാരണക്കോടതിയായ കര്‍ക്കര്‍ദൂമ കോടതി ഖാലിദിന് ജാമ്യം നിഷേധിച്ച് വിധി പുറപ്പെടുവിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതാരായ പ്രതിഷേധത്തിന്റെ ഭാഗമായ നിരവധി വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍, 2019- മുതല്‍ 2020-ലെ കലാപം വരെയുള്ള കാലയളവില്‍ ഉമർ ഖാലിദിന്റെ സാന്നിധ്യമുണ്ടായിരുന്നു എന്ന ഡല്‍ഹി പൊലീസിന്റെ കുറ്റപത്രം ചൂണ്ടിക്കാട്ടിയാണ് വിചാരണ കോടതി ജാമ്യം നിഷേധിച്ചത്.

ഇതിന് പുറമെ കേസിലെ ഭൂരിഭാഗം പ്രതികളുമായും ഉമർ ഖാലിദിന് ബന്ധമുണ്ടെന്നും ഉത്തരവ് ചൂണ്ടിക്കാട്ടി. ഈ വിധി ചോദ്യം ചെയ്താണ് ഉമര്‍ ഖാലിദ് ഹൈക്കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ 9ന് ജാമ്യാപേക്ഷയില്‍ അന്തിമ വാദം കേട്ട കോടതി വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു.

ഉമര്‍ ഖാലിദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പയസ് ഏപ്രില്‍ 22 മുതല്‍ ജൂലൈ 28 വരെയും പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷ്യല്‍ പ്രോസിക്യൂട്ടർ അമിത് പ്രസാദ് ഓഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ ഏഴുവരെയുമാണ് വാദം നടത്തിയത്. ഗൂഢാലോചനയുടെ ഭാഗമായി 2019 ഡിസംബര്‍ മുതല്‍ 2020 ഫെബ്രുവരി വരെയുള്ള കാലയളവില്‍ വിവിധ യോഗങ്ങളില്‍ ഉമര്‍ ഖാലിദ് പങ്കെടുത്തിരുന്നതായി വാദത്തില്‍ പ്രോസിക്യൂഷന്‍ ആരോപിച്ചു.

2020 സെപ്റ്റംബര്‍ 13നാണ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് അറസ്റ്റിലായത്. കേസില്‍ 59-ാം പ്രതിയായ ഖാലിദിന്റെതായിരുന്നു കേസില്‍ അവസാനമായി സമർപ്പിച്ച കുറ്റപത്രങ്ങളിലൊന്ന്. 2020 ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലെ അമരാവതിയില്‍ ഉമർ ഖാലിദ് നടത്തിയ പ്രസംഗത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രെമ്പിന്റെ സന്ദർശനം പരാമർശിച്ചതടക്കം ഈ കുറ്റപത്രത്തില്‍ ചേർത്തിരുന്നു.

ഖാലിദിനൊപ്പം അറസ്റ്റിലായ ദേവാംഗന കലിത, നടാഷ നർവാള്‍ എന്നിവർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതേസമയം, കഴിഞ്ഞ 765 ദിവസമായി ഉമർ ഖാലിദ് ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിലാണ്. യുഎപിഎ നിയമത്തിലെ 13, 16,17, 18 വകുപ്പുകള്‍ക്ക് പുറമെ, ആയുധ നിയമത്തിലെ 25,27 വകുപ്പുകളും, 1984-ലെ പൊതുമുതല്‍ നശിപ്പിക്കല്‍ നിയമത്തിലെ 3,4 വകുപ്പുകളിലുമാണ് ഡല്‍ഹി പൊലീസ് ഉമര്‍ ഖാലിദിനെതിരെ കേസെടുത്തിരിക്കുന്നത്.