‘മകന് 18 വയസായാല്‍ അച്ഛന്റെ ഉത്തരവാദിത്വം തീരുന്നില്ല’, എല്ലാ ഭാരവും അമ്മയുടെ ചുമലില്‍ വെക്കാമെന്ന് കരുതരുതെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മകന് 18 വയസാകുന്നതോടെ അച്ഛന്റെ ഉത്തരവാദിത്വം പൂര്‍ത്തിയായെന്ന് കരുതരുതെന്ന് ഡല്‍ഹി ഹൈക്കോടതി. അതിന് ശേഷമുള്ള മകന്റെ പഠനത്തിനും മറ്റുമുള്ള വലിയ സാമ്പത്തിക ബാധ്യത പൂര്‍ണമായും അമ്മയുടെ ചുമലില്‍ വെക്കാന്‍ പറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചനം നേടിയ ശേഷം മക്കളുടെ പഠനം പൂര്‍ത്തിയാകുന്നതുവരെ പ്രതിമാസം 15,000 രൂപ വീതം നല്‍കണമെന്നും കോടതി പറഞ്ഞു.

വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം തനിക്കും മക്കള്‍ക്കും ജീവനാംശം നല്‍കേണ്ടതില്ലെന്ന കുടുംബക്കോടതി വിധിക്കെതിരെ സ്ത്രീ നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. ജീവിതനിലവാരത്തിനുള്ള ചെലവ് വര്‍ദ്ധിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. എല്ലാ ചെലവും അമ്മ ഒറ്റയ്ക്ക് വഹിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വിലയിരുത്തി.

1997ല്‍ വിവാഹം കഴിഞ്ഞ ഹരജിക്കാരിക്ക് രണ്ട് മക്കളാണുള്ളത്. 2011 നവംബറിലായിരുന്നു വിവാഹമോചനം. ആണ്‍കുട്ടിക്ക് 20 ഉം പെണ്‍കുട്ടിക്ക് 18ഉം വയസ് പ്രായമുണ്ട് ഇപ്പോള്‍. ആണ്‍കുട്ടിക്ക് 18 വയസും പെണ്‍കുട്ടി വിവാഹിതയും ആവുന്നതുവരെ ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്നായിരുന്നു കുടുംബക്കോടതിയുടെ വിധി.

Also Read: സിആര്‍ മഹേഷില്‍ നിന്നും പഠിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നേതാക്കള്‍ക്ക് അതത് മണ്ഡലത്തിന്റെ ചുമതല നല്‍കും

18 വയസില്‍ ഒരാള്‍ക്ക് വിദ്യാഭ്യാസം പൂര്‍ത്തിയാവില്ലെന്നതും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയില്ലെന്നുള്ളതും പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. 18 വയസില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാവുകയേ ഉള്ളു. അതുകൊണ്ടുതന്നെ തുടര്‍ന്നുള്ള പഠനത്തിനും മറ്റുമുള്ള വലിയ തുക അമ്മ ഒറ്റയ്ക്ക് കണ്ടത്തേണ്ടതായി വരും. അതുകൊണ്ട് 18ാം വയസില്‍ അച്ഛന് മകന് മേലുള്ള ഉത്തരവാദിത്വം പൂര്‍ത്തിയാവുന്നില്ല. മകന്‍ പഠനം പൂര്‍ത്തിയാക്കുന്നതുവരെയോ മകന് സമ്പാദ്യമാകുന്നത് വരെയോ അച്ഛന്‍ പ്രതിമാസം 15,000 രൂപ നല്‍കണമെന്നും കോടതി വിലയിരുത്തി.