‘കൊറോണ ഇവിടെ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്’; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ നീട്ടി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മെയ് അഞ്ചുവരെയാണ് ലോക്ഡൗണ്‍ നിയമന്ത്രണങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാവാത്ത പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.

‘കൊറോണ വൈറസ് നഗരത്തില്‍ നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. ലോക്ഡൗണ്‍ നീട്ടണമെന്നാണ് പൊതുജനാഭിപ്രായം. അതുകൊണ്ട് ഒരാഴ്ചത്തേക്ക് ലോക്ഡൗണ്‍ നീട്ടുകയാണ്’, കെജ്‌രിവാള്‍ അറിയിച്ചു.

36 ശതമാനം മുതല്‍ 37 ശതമാനം വരെയാണ് ഡല്‍ഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതുവരെ ഇത്തരമൊരു അവസ്ഥയുണ്ടായിട്ടില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഡല്‍ഹിയില്‍ ഏറ്റവും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കായ 36.24 ശതമാനം റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പ്രതിസന്ധിയുണ്ടായതിന് ശേഷമുണ്ടാവുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ചില സ്ഥലങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും മറ്റ് ചിലയിടങ്ങളില്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടുമാണ് കെജ് രിവാള്‍ അവകാശപ്പെടുന്നത്. വരും ദിവസങ്ങളില്‍ എല്ലാം നിയന്ത്രണ വിധേയമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ഡല്‍ഹിയിലേക്കുള്ള ഓക്‌സിജന്‍ ക്വാട്ട 480ല്‍ നിന്നും 490 മെട്രിക് ടണ്ണിലേക്ക് കേന്ദ്രം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതിസന്ധിയില്‍ അയവൊന്നും വന്നിട്ടില്ല. 700 മെട്രിക് ടണ്ണാണ് ആവശ്യമെന്നിരിക്കെ, 330 മുതല്‍ 335 വരെ മാത്രമേ ലഭ്യമാവുന്നുള്ളു എന്നും കെജ്‌രിവാള്‍ പറയുന്നു.

‘ഓക്‌സിജന്‍ ലഭ്യതയുണ്ടെങ്കില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും ഞാന്‍ കത്ത് നല്‍കിയിട്ടുണ്ട്. ചില സംസ്ഥാനങ്ങളുമായി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. എന്തെങ്കിലും പ്രതീക്ഷാവഹമായ വാര്‍ത്ത ലഭിച്ചാല്‍ ഞാന്‍ നിങ്ങളെ അറിയിക്കും’, കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.