കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ ചെയ്യുന്നു? ഉറവിടം വ്യക്തമാക്കണം; ബിവി ശ്രീനിവാസിനെ ചോദ്യം ചെയ്ത് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ യൂത്ത് കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ ബിവി ശ്രീനിവാസിനെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ സാമ്പത്തിക ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാണ് ചോദ്യം ചെയ്തത്.

ക്രിക്കറ്റില്‍നിന്നും രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആശുപത്രി ബെഡ്ഡ് വിതരണം, പ്ലാസ്മ വിതരണം, തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചുകൊടുക്കല്‍ തുടങ്ങിയ കാര്യങ്ങളാണ് ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ചെയ്യുന്നത്. ഇതിനെ പ്രശംസിച്ച് പലരും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യല്‍.

അനധികൃതമായി കൊവിഡ് ചികിത്സാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു എന്നാരോപിച്ച് ശ്രീനിവാസിനെതിരെ നേരത്തെ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിരുന്നു.

പൊലീസ് നടപടിയില്‍ ഭയപ്പെടില്ലെന്നും പിന്നോടുപോവില്ലെന്നും ചോദ്യം ചെയ്യലിന് പിന്നാലെ ശ്രീനിവാസ് പ്രതികരിച്ചു. താന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.