മത്സ്യത്തൊഴിലാളികളുടെ 15 വർഷത്തെ നിയമപോരാട്ടം; ഒടുവില്‍ കാപ്പിക്കോ റിസോര്‍ട്ട് പൊളിച്ചുതുടങ്ങി

തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മ്മിച്ച ആലപ്പുഴയിലെ കാപ്പിക്കോ റിസോര്‍ട്ട് ഒടുവില്‍ പൊളിച്ചുതുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ രാവിലെ ജെസിബികളെത്തി പൊളിക്കല്‍ നടപടി ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ റിസോര്‍ട്ടിന്റെ മതിലുകളും പുറംഭാഗത്തെ തൂണുകളും മറ്റും ആണ് പൊളിച്ചുമാറ്റുന്നത്. പ്രാഥമിക നടപടികളുടെ ഭാഗമായി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 12 ന് ജില്ലാ ഭരണകൂടം റിസോര്‍ട്ട് ഏറ്റെടുത്തു. പിന്നാലെ ആലപ്പുഴ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നേരിട്ടെത്തി റിസോര്‍ട്ട് അനധികൃതമായി കൈയ്യേറിയ 2.9 ഹെക്ടര്‍ ഭൂമിയും തിരിച്ചുപിടിച്ചിരുന്നു.

2020-ലെ സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് 7 സ്റ്റാര്‍ ആഡംബര റിസോര്‍ട്ടായ കാപ്പിക്കോ പൊളിക്കുന്നത്. 24 ഏക്കറിലായി 54 വില്ലകള്‍ അടക്കം 72 കെട്ടിടങ്ങളുണ്ട് റിസോർട്ടില്‍. ഇതില്‍ സർക്കാർ ഭൂമിയിലുള്ള രണ്ട് വില്ലകളാണ് ആദ്യം പൊളിച്ചുമാറ്റുക. റിസോർട്ടിന്റെ മധ്യഭാഗത്തെ കെട്ടിടങ്ങളുടെ തൂണുകള്‍ക്ക് 40 അടിയോളം താഴ്ചയുണ്ട്. ഈ നിർമ്മിതികളെല്ലാം പൊളിച്ചുനീക്കി പ്രദേശം പഴയ സ്ഥിതിയിലാക്കണമെന്നാണ് സുപ്രിംകോടതി ഉത്തരവ്. റിസോര്‍ട്ട് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് പാണാവള്ളിയിലെ മത്സ്യത്തൊഴിലാളികള്‍ ദീര്‍ഘകാലമായി നടത്തിയ നിയമപോരാട്ടം കൂടിയാണ് വിജയം കാണുന്നത്.

അതേസമയം, അനധികൃത നിർമ്മാണത്തിന് ഒത്താശ ചെയ്ത പഞ്ചായത്ത് അധികൃതർക്കെതിരെ അന്വേഷണമുണ്ടാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.

2005-ലാണ് ആലപ്പുഴ നെടിയംത്തുരുത്തില്‍ വേമ്പനാട്ടുകായലിന്റെ തീരത്ത് 200 കോടിയിലധികം ചിലവില്‍ കാപ്പിക്കോ റിസോര്‍ട്ട് നിര്‍മ്മാണം ആരംഭിച്ചത്. കുവൈറ്റ് ആസ്ഥാനമായ കാപ്പിക്കോ ഗ്രൂപ്പ്, മുത്തൂറ്റ് മിനി ഗ്രൂപ്പ് ഉടമ റോയി എം മാത്യുവുമായി ചേര്‍ന്ന് കാപ്പിക്കോ കേരള റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തായിരുന്നു റിസോര്‍ട്ട് നിര്‍മ്മാണം.

തദ്ദേശവാസികളില്‍ നിന്ന് കുറഞ്ഞവിലയ്ക്ക് സ്ഥലമേറ്റെടുത്തായിരുന്നു റിസോര്‍ട്ടിന് ഭൂമി കണ്ടെത്തിയത്. നിര്‍മ്മാണത്തിനായി അനധികൃതമായി സ്ഥലം കൈയ്യേറുകയും ചെയ്തു. തീരദേശ പരിപാലന നിയമം, മാനേജ്‌മെന്റ് ചട്ടങ്ങള്‍, 2006-ലെ പരിസ്ഥിതി ആഘാത നോട്ടിഫിക്കേഷന്‍ എന്നിവയെല്ലാം കാറ്റില്‍ പറത്തിയായിരുന്നു റിസോര്‍ട്ട് നിര്‍മ്മാണം. 2011-ല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയ റിസോര്‍ട്ട് സ്ഥാപിക്കപ്പെട്ടു. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കിടെ പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ചീനവലകളും മറ്റും നശിപ്പിക്കപ്പെട്ട സംഭവമാണ് നിര്‍ണ്ണായകമായ നിയമപോരാട്ടത്തിന് തുടക്കമിട്ടത്.

ആറോളം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റിസോര്‍ട്ട് അധികാരികളെ സമീപിച്ചു. ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം രൂപയായിരുന്നു മത്സ്യത്തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ നഷ്ടപരിഹാരം നല്‍കാന്‍ റിസോര്‍ട്ട് തയ്യാറായില്ല. ഇതോടെ 2007-ല്‍ റിസോര്‍ട്ടിനെതിരെ മത്സ്യത്തൊഴിലാളികള്‍ മുന്‍സിഫ് കോടതിയെ സമീപിച്ചു. പിന്നീട് നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ 2013-ല്‍ ഹൈക്കോടതി റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടു. 2020 ജനുവരില്‍ സുപ്രിംകോടതിയും ഈ ഉത്തരവ് ശരിവെച്ചു. എന്നാല്‍ പാണാവള്ളി പഞ്ചായത്തിന് പൊളിക്കല്‍ നടപടിക്ക് ആവശ്യമായ ഫണ്ടില്ലാത്തതും കൊവിഡും കാരണം സുപ്രിംകോടതി ഉത്തരവില്‍ ഒരു വര്‍ഷത്തോളം വൈകിയാണ് നടപടികള്‍ ആരംഭിക്കുന്നത്.

കഴിഞ്ഞ മാസം ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ വി.ആര്‍. കൃഷ്ണ തേജയുടെ ഇടപെടല്‍ നടപടികള്‍ക്ക് ഊര്‍ജം പകര്‍ന്നു. ഉദ്യോഗസ്ഥരോടൊപ്പം കളക്ടര്‍ നേരിട്ടെത്തിയാണ് കയ്യേറ്റ ഭൂമി തിരിച്ചുപിടിച്ചത്. എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം, മലിനീകരണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ എന്നിവരെ പൊളിക്കല്‍ നടപടി സംബന്ധിച്ച പഠനത്തിനായി ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുകയായിരുന്നു. റിസോര്‍ട്ട് പൊളിക്കുമ്പോള്‍ ഉണ്ടാകാവുന്ന പരിസ്ഥിതിക ആഘാതം സംബന്ധിച്ച പഠന റിപ്പോര്‍ട്ടും വിവിധ വകുപ്പുകള്‍ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്.

ജില്ലാഭരണ കൂടത്തിന്റെ മേല്‍നോട്ടത്തില്‍ റിസോര്‍ട്ട് ഉടമകള്‍ തന്നെയാണ് കെട്ടിടം പൊളിച്ചുനീക്കുന്നത്. റിസോര്‍ട്ട് പൊളിച്ചുനീക്കുന്നതിനുള്ള ചിലവ് അടക്കം ആക്ഷന്‍ പ്ലാന്‍ റിസോര്‍ട്ട് അധികൃതര്‍ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ ഭരണകൂടത്തിനും കൈമാറിയിട്ടുണ്ട്. റിസോര്‍ട്ടിന്റെ ഒരുഭാഗം സ്വമേധയാ പൊളിച്ചുനീക്കാമെന്നും റിസോര്‍ട്ട് അധികൃതര്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. നടപടികള്‍ ആറുമാസത്തിനകം പൂര്‍ത്തിയാക്കാമെന്നാണ് ജില്ലാഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. കെട്ടിടാ അവശിഷ്ടങ്ങള്‍ കായലില്‍ വീഴരുത് എന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊളിച്ചുമാറ്റുന്ന കെട്ടിടാ അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത വിധത്തില്‍ ആറുമാസത്തിനകം നീക്കാനാണ് മാസ്റ്റർപ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. മത്സ്യ പ്രജനന മേഖല കൂടിയായ കായല് തീരത്ത് അതീവ ശ്രദ്ധയോടെയാണ് പൊളിക്കല് നടപടികള് നടത്തുന്നതെന്ന് മലിനീകരണ നിയന്ത്രണ ബോര്ഡ് ഉദ്യോഗസ്ഥരും അറിയിച്ചിട്ടിട്ടുണ്ട്.