ഭ്രാന്തനായ ബുദ്ധിശാലിയോ അതോ ആകസ്മിക തട്ടിപ്പുകാരനോയെന്ന് കണ്ടറിയൂയെന്ന് ഡിക്യു; ‘കുറുപ്പ്’ ഡോക്യുമെന്ററിയല്ലെന്ന് നിര്‍മ്മാതാക്കള്‍

കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമിടെ ‘കുറുപ്പ്’ ട്രെയിലര്‍ പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍. രാജ്യം ഏറ്റവും നീണ്ടകാലമായി തിരയുന്ന പിടികിട്ടാപ്പുള്ളിയാണ് കുറുപ്പെന്ന് നടന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറുപ്പ് ഭ്രാന്തനായ ബുദ്ധിശാലിയാണോ, അതോ യാദൃശ്ചികമായി തട്ടിപ്പുകാരനായി മാറിയ ആളാണോ എന്ന് സിനിമ തിയേറ്ററുകളിലെത്തുമ്പോള്‍ കാണാമെന്നും ദുല്‍ഖര്‍ പറഞ്ഞു. കൊലയാളിയായ സുകുമാരക്കുറുപ്പിനെ മഹത്വവല്‍കരിക്കുകയാണെന്ന വിമര്‍ശനങ്ങളും ചര്‍ച്ചകളും തുടരുന്നതിനിടെയാണ് ട്രെയ്‌ലറെത്തിയിരിക്കുന്നത്.

ദുല്‍ഖറിനൊപ്പം പൊലീസ് അന്വേഷണ ഉദ്യോഗസ്ഥനായി ഇന്ദ്രജിത്തും ഭാസ്‌കര പിള്ളയായി ഷൈന്‍ ടോം ചാക്കോയും ശാരദ കുറുപ്പായി ശോഭിത ധുലിപാലയും ട്രെയ്‌ലറിലെ രംഗങ്ങളിലുണ്ട്. ക്രൈം ത്രില്ലര്‍ ഴോണ്‍റെയിലുള്ള ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത് ആഗ്രഹിച്ചത് നേടാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത കഥാപാത്രമാണെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പതിവിന് വിപരീതമായി ഒരു വിശദീകരണക്കുറിപ്പും ട്രെയിലര്‍ ആരംഭിക്കുന്നതിന് മുന്‍പ് നല്‍കിയിട്ടുണ്ട്. ആരുടെയെങ്കിലും വികാരത്തെ അപമാനിക്കാനോ നീതിന്യായ നിര്‍വ്വഹണത്തില്‍ ഇടപെടാനോ ഉദ്ദേശിക്കുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. കുറുപ്പ് സിനിമ ഡോക്യുമെന്ററിയല്ലെന്നും സംഭവങ്ങള്‍ കൃത്യമായി ആവിഷ്‌കരിക്കല്‍ തങ്ങളുടെ ലക്ഷ്യമല്ലെന്നും നിരാകരണക്കുറിപ്പിലുണ്ട്.

ചാക്കോ വധവും സുകുമാരക്കുറുപ്പിന്റെ തിരോധാനവും പശ്ചാത്തലമായൊരുക്കുന്ന ചിത്രത്തിന്റെ പ്രചാരണ രീതികള്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തോട് നീതികേട് കാണിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം സിനിമാസ്വാദകര്‍ രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ചാക്കോയുടെ കുടുംബം മുന്‍പ് ആശങ്ക പ്രകടിപ്പിച്ചതും വീണ്ടും ചര്‍ച്ചയായി. പ്രമോഷന്റെ ഭാഗമായി കുറുപ്പ് ടീഷര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ‘കുറുപ്പ്: വാണ്ടഡ് സിന്‍സ് 1984’ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ച് നടി സാനിയ ഇയ്യപ്പന്‍ പോസ് ചെയ്ത ചിത്രങ്ങള്‍ ദുല്‍ഖര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെയ്ക്കുകയും ചെയ്തു. വിമര്‍ശനങ്ങള്‍ രൂക്ഷമായതിനേത്തുടര്‍ന്ന് ‘കുറുപ്പ് മെര്‍ച്ചന്‍ഡൈസ്’ പോസ്റ്റ് നടന്‍ പിന്‍വലിക്കുകയുണ്ടായി.

കുറുപ്പിനെ ദുല്‍ഖറിലൂടെ ഹീറോയാക്കിയാണ് ചിത്രീകരിക്കുന്നതെന്ന വാദങ്ങള്‍ തിടുക്കപ്പെട്ടുള്ളതാണന്ന മറുവാദവും സോഷ്യല്‍ മീഡിയയിലെ സിനിമാസ്വാദകര്‍ക്കിടയില്‍ ഉയരുന്നുണ്ട്. ഇത്തരം മുന്‍വിധികള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നാണ് ചിലരുടെ പക്ഷം. ‘കുറുപ്പ്’ റിലീസ് ചെയ്ത് സിനിമ മുഴുവനായി കാണാതെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ അനാവശ്യമാണെന്നും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

ട്രെയിലറിലെ ഒരു രംഗം

കുറുപ്പ് നിര്‍മ്മാതാക്കളുടെ നിരാകരണ കുറിപ്പ്

“പൊതുസഞ്ചയത്തില്‍ ലഭ്യമായതോ അല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായ ചില സംഭവങ്ങളും സന്ദര്‍ഭങ്ങളുമാണ് ഈ സിനിമയ്ക്ക് പ്രചോദനമായത്. ഈ സിനിമ ഒരു ഡോക്യുമെന്ററി അല്ല. സംഭവിച്ചിരിക്കാവുന്ന സംഭവങ്ങള്‍ കൃത്യമായി ആവിഷ്‌കരിക്കാന്‍ ഈ സിനിമ കൊണ്ട് ഉദ്ദേശിച്ചിട്ടില്ല.

ഈ സിനിമയിലെ ചില കഥാപാത്രങ്ങളും സംഭവങ്ങളും സ്ഥാപനങ്ങളും സാങ്കല്‍പികം മാത്രമാണ്. ചലച്ചിത്ര ആവിഷ്‌കരണത്തിന് വേണ്ടി ചിത്രത്തിലെ രംഗങ്ങള്‍ നാടകീയമാക്കുവാന്‍ അവ ഉപയോഗിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ ഏതെങ്കിലും വ്യക്തിയുമായുള്ള സാദൃശ്യം മനഃപൂര്‍വ്വം അല്ലാത്തതും തികച്ചും യാദൃശ്ചികവുമാണ്. ഏതെങ്കിലും യഥാര്‍ത്ഥ വ്യക്തികള്‍, സ്ഥലങ്ങള്‍, കെട്ടിടങ്ങള്‍, ഉല്‍പന്നങ്ങള്‍ എന്നിവ തിരിച്ചറിയാന്‍ ഉദ്ദേശിച്ചിട്ടില്ല. മാത്രമല്ല അത്തരത്തിലുള്ള ഒരു തിരിച്ചറിയലും അനുമാനിക്കാന്‍ പാടുള്ളതുമല്ല. ഈ സിനിമയുമായി ബന്ധപ്പെട്ട അണിയറപ്രവര്‍ത്തകരും മറ്റെല്ലാ വ്യക്തികളും ന്യായമായ വിചാരണ എന്ന ഏവരുടേയും അവകാശത്തെ മാനിക്കുന്നു.

കൂടാതെ ആരെയും അപകീര്‍ത്തിപ്പെടുത്താനോ ഏതെങ്കിലും കേസുകളുടെ തെളിവുകളിലോ വിചാരണയിലോ കൈകടത്തുവാനോ ഈ സിനിമകൊണ്ട് ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും വ്യക്തികളുടെയോ സമുദായങ്ങളുടെയോ മതത്തിന്റെയോ ദേശത്തിന്റെയോ വിശ്വാസത്തെയോ വികാരത്തെയോ അപമാനിക്കാനോ അവഹേളിക്കാനോ അല്ലെങ്കിലും ഏതെങ്കിലും വിധത്തില്‍ നീതിന്യായനിര്‍വ്വഹണത്തില്‍ ഇടപെടുവാനോ ഈ സിനിമകൊണ്ട് ഉദ്ദേശിക്കുന്നില്ല.”

വെയ്ഫാറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 35 കോടിയോളം നിര്‍മ്മാണ ചെലവ് അവകാശപ്പെടുന്ന ചിത്രം ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ബജറ്റുള്ള ചിത്രമാണ്. 2012ല്‍ ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ ‘സെക്കന്‍ഡ് ഷോ’ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനമെന്നതും മറ്റൊരു പ്രത്യേകതയാണ്. കെ എസ് അരവിന്ദ്, ജിതിന്‍ കെ ജോസ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. എഡിറ്റിങ്ങ് വിവേക് ഹര്‍ഷന്‍. നവംബര്‍ 12ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം വമ്പന്‍ ഇനീഷ്യല്‍ ക്രൗഡ് പുള്‍ പ്രതീക്ഷിക്കുന്നുണ്ട്.