‘ഭക്തരെ തടയുക സര്‍ക്കാര്‍ ലക്ഷ്യമല്ല’; ആരാധനാലയങ്ങള്‍ തുറന്നാല്‍ രോഗവ്യാപനം കൂടുമെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോഴും ആരധാനാലയങ്ങള്‍ തുറക്കാത്തതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാവും. ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാര്‍ ലക്ഷ്യം വെച്ചുള്ളതല്ലെന്നും മന്ത്രി പറഞ്ഞു.

ഭക്ത ജനങ്ങളെ തടയുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപനം കുറയുന്നതിനനുസരിച്ച് ഇളവുകള്‍ നല്‍കും. ക്ഷേത്രങ്ങളില്‍ വരുന്ന ആളുകള്‍ക്കും രോഗം ഉണ്ടാവുന്നുവെന്നതാണ് പ്രത്യേകത. ക്ഷേത്രങ്ങളില്‍ കൂടുതല്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗ വ്യാപനത്തിന് കാരണമാവും. അതുകൊണ്ടാണ് ക്ഷേത്രങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ഇടപെടല്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ഈ ഓണത്തിന് മരക്കാറുണ്ടാവും; റിലീസ് തിയ്യതി പ്രഖ്യാപിച്ച് ആന്റണി പെരുമ്പാവൂര്‍

ഓണ്‍ലൈനില്‍ കര്‍മ്മങ്ങള്‍ നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആരെയെങ്കിലും ദ്രോഹിക്കാനല്ല സര്‍ക്കാരിന്റെ നടപടി. എല്ലാ മേഖലയിലും രോഗവ്യാപനം നടയുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടും ആരാധനാലയങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിനെതിരെ സമസ്തയും എന്‍എസ്എസുമടക്കം നിരവധി സാമുദായിക സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തിയത്. ബിജെപി നേതാക്കളും ഇതിനെതിരെ പ്രതികരിച്ചിരുന്നു.