ദേവികുളം മുന്‍ എംഎല്‍എ സിപിഐയിലേക്ക്?; സിപിഐഎം പാളയം വിടാനൊരുങ്ങുന്നത് പാര്‍ട്ടി അന്വേഷണത്തിനിടെ, പ്രതികരിച്ച് രാജേന്ദ്രന്‍

മൂന്നാര്‍: നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ദേവികുളം എംഎല്‍എ എസ് രാജയെ പരാജയപ്പെടുത്താന്‍ ശ്രമം നടത്തിയെന്ന ആരോപണത്തില്‍ സിപിഐഎം അന്വേഷണം നേരിരുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നെന്ന് സൂചന. രാജേന്ദ്രന്‍ സിപിഐഎം വിട്ട് സിപിഐ പാളയത്തിലെത്തിയേക്കുമെന്നാണ് വിവരം. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് വരുമ്പോള്‍ തനിക്കെതിരെ കടുത്ത നടപടിയുണ്ടായേക്കുമെന്ന് ഉറപ്പായതോടെയാണ് സിപിഐഎം വിട്ട് സിപിഐയില്‍ ചേക്കേറേന്‍ രാജേന്ദ്രന്‍ ആലോചിക്കുന്നത്.

15 വര്‍ഷം ദേവികുളം എംഎല്‍എയും അഞ്ചുവര്‍ഷം ജില്ലാപഞ്ചായത്തംഗവുമായിരുന്ന രാജേന്ദ്രന് തോട്ടം തൊഴിലാളികള്‍ക്കിടയിലുള്ള സ്വാധീനം മുന്നില്‍ കണ്ടുകൊണ്ടാണ് ഇദ്ദേഹത്തെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് സിപിഐ ചുക്കാന്‍ പിടിക്കുന്നത്. സിപിഐയുടെ രണ്ട് പ്രദേശിക നേതാക്കള്‍ രാജേന്ദ്രനുമായി പഴയ മൂന്നാറിലെ റിസോര്‍ട്ടില്‍വെച്ച് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. സിപിഐയിലെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ക്ക് രാജേന്ദ്രനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതില്‍ എതിര്‍പ്പുണ്ടെന്നാണ് വിവരം.

എന്നാല്‍, സിപിഐയിലേക്ക് മാറുമെന്ന പ്രചാരണം ഊഹാപോഹം മാത്രമാണെന്നാണ് രാജേന്ദ്രന്റെ പ്രതികരണം. താന്‍ 38 വര്‍ഷം പ്രവര്‍ത്തിച്ച പാര്‍ട്ടിയെടുക്കുന്ന എന്ത് തീരുമാനവും അനുസരിക്കും. മറ്റ് പ്രചാരണങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: 75 വര്‍ഷത്തിന് ശേഷം എകെജി സെന്ററില്‍ ദേശീയ പതാക ഉയര്‍ന്നു; സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് അറിയില്ലാത്തതുകൊണ്ടാണ് സുധാകരന്‍ കമ്മ്യൂണിസ്റ്റുകളെ വിമര്‍ശിക്കുന്നതെന്ന് വിജയരാഘവന്‍

എ രാജയെ തോല്‍പിക്കാന്‍ രാജേന്ദ്രന്‍ ശ്രമിച്ചെന്ന പാരാതി തെരഞ്ഞെടുപ്പിന് പിന്നാലെത്തന്നെ ഉയര്‍ന്നിരുന്നു. രാജയ്ക്ക് വോട്ടുലഭിക്കാതിരിക്കാന്‍ തോട്ടം മേഖലയില്‍ ജാതി അടിസ്ഥാനത്തില്‍ പിളര്‍പ്പിന് ശ്രമിച്ചെന്നും ആരോപണമുണ്ട്. തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് മുമ്പാകെ സിപിഐഎം നേതാക്കള്‍ രാജേന്ദ്രനെതിരെ മൊഴി നല്‍കിയിരുന്നു. ദേവികുളം മണ്ഡലത്തിലെ ജില്ലാ-ഏരിയ കമ്മറ്റി അംഗങ്ങളില്‍ നിന്നാണ് കമ്മീഷന്‍ മൊഴിയെടുത്തത്. ഭൂരിപക്ഷം അംഗങ്ങളും രാജേന്ദ്രനെതിരെ മൊഴി നല്‍കിയെന്നാണ് വിവരം.

മുന്‍ എംഎല്‍എയായിരുന്ന തന്നെ പരിഗണിക്കാതെ രാജയ്ക്ക് സീറ്റുകൊടുക്കാന്‍ പാര്‍ട്ടി ശ്രമിച്ചതാണ് രാജേന്ദ്രനെ ചൊടിപ്പിച്ചതെന്നാണ് വിവരം. രാജയെ മാറ്റി സ്ഥാനാര്‍ത്ഥിയാകാന്‍ രാജേന്ദ്രന്‍ പല ശ്രമങ്ങളും നടത്തിയിരുന്നു. രാജയ്‌ക്കെതിരെ കുപ്രചരണങ്ങള്‍ നടത്തി, തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സഹകരിച്ചില്ല, ഭിന്നിപ്പിന് ശ്രമിച്ചു, ജാതി അധിക്ഷേപം നടത്തി തുടങ്ങിയവയാണ് രാജേന്ദ്രനെതിരെയുള്ള ആരോപണങ്ങള്‍. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സിവി വര്‍ഗ്ഗീസും വിഎന്‍ മോഹനനുമാണ് അന്വേഷണ കമ്മീഷനിലുള്ളത്.