കെ കെ ബാലകൃഷ്ണന് ദേവസ്വം വകുപ്പ് തിരിച്ചുകിട്ടി, പിന്നേയും പോയി; വിക്കിപീഡിയ പേജില്‍ എഡിറ്റിങ്ങ് തുടരുന്നു

കേരളത്തില്‍ ദളിത് വിഭാഗത്തില്‍ നിന്ന് ആദ്യം ദേവസ്വം വകുപ്പ് മന്ത്രിയായത് ആരെന്നതിനേച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ തര്‍ക്കം തുടരവെ കെ കെ ബാലകൃഷ്ണന്റെ വിക്കിപീഡിയ പേജില്‍ എഡിറ്റിങ്ങ് തുടരുന്നു. രാവിലെ മുന്‍മന്ത്രിയുടെ വകുപ്പുകളില്‍ നിന്ന് ദേവസ്വം മാത്രം എടുത്തുമാറ്റിയത് വിവാദമായിരുന്നു. എഡിറ്റിങ്ങിന്റെ സ്‌ക്രീന്‍ ഷോട്ടുകളുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. സരിന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇത് വാര്‍ത്തയായതിന് പിന്നാലെ പേജില്‍ വീണ്ടും തിരുത്തല്‍ നടന്ന് ദേവസ്വം കൂടി മുന്‍മന്ത്രിയുടെ കുപ്പ് വിവരങ്ങള്‍ക്കൊപ്പം ചേര്‍ക്കപ്പെട്ടു. ഏറ്റവും ഒടുവില്‍ വിക്കിപീഡിയയില്‍ കെ കെ ബാലകൃഷ്ണനെ തെരഞ്ഞപ്പോള്‍ കൈകാര്യം ചെയ്ത വിഷയങ്ങള്‍ക്കൊപ്പം ദേവസ്വമില്ല.

ദളിത് പശ്ചാത്തലത്തില്‍ നിന്നെത്തി ദേവസ്വം വകുപ്പ് കൈകാര്യം ചെയ്യുന്ന നാലാമത്തെയാളും ആദ്യ കമ്മ്യൂണിസ്റ്റ് നേതാവുമാണ് ഇപ്പോള്‍ ചുമതലയേല്‍ക്കാന്‍ പോകുന്ന കെ രാധാകൃഷ്ണന്‍. മുന്‍പ് ഉപവകുപ്പായിരുന്ന ദേവസ്വത്തിന്റെ ചുമതല വി ഈച്ചരന്‍, കെ കെ ബാലകൃഷ്ണന്‍, ദാമോദരന്‍ കാളാശ്ശേരി എന്നിവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മൂവരും കോണ്‍ഗ്രസ് നേതാക്കളായിരുന്നു. ഇക്കൂട്ടത്തില്‍ വി ഈച്ചരനാണ് ഏറ്റവുമാദ്യം ദേവസ്വം ചുമതലയേറ്റ ദളിത് പശ്ചാത്തലമുള്ള നേതാവ്. 1970ല്‍ സംവരണ മണ്ഡലമായ തൃത്താലയില്‍നിന്ന് നിയമസഭയിലെത്തിയ വെള്ള ഈച്ചരന്‍(197077), സി. അച്യുതമേനോന്‍ മന്ത്രിസഭയില്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. പിന്നാക്കക്ഷേമ വകുപ്പിന്റെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു. 1980 ഫെബ്രുവരി 11-ന് അന്തരിച്ചു.

1973ല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ വിളക്കുമാടം 14 ലക്ഷം രൂപ ചെലവിട്ട് വെള്ള ഈച്ചരന്‍ പുതുക്കിപ്പണിതതിനേക്കുറിച്ച് കഴിഞ്ഞ ഏപ്രില്‍ 14ന് ഗുരുവായൂര്‍ ദേവസ്വം ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ‘ദേവസ്വം വകുപ്പ് മന്ത്രി വെള്ള ഈച്ചരന്‍ ഉദ്ഘാടനച്ചടങ്ങ് ഔപചാരികമായി നിര്‍വ്വഹിച്ചു’ എന്ന് ഗുരുവായൂര്‍ ദേവസ്വത്തിന്റെ കുറിപ്പിലുണ്ട്.

1977-78ല്‍ കെ കരുണാകരന്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കെ കെ ബാലകൃഷ്ണന്‍ ഹരിജന്‍ ക്ഷേമത്തിന്റെയും ജലവിഭവ വകുപ്പിന്റെയും ചുമതലയോടൊപ്പം ദേവസ്വം വകുപ്പിന്റെ ചുമതലകൂടി വഹിച്ചിരുന്നു. പികെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായ തൊട്ടടുത്ത മന്ത്രിസഭയില്‍ ദേവസ്വം വകുപ്പിന്റെ ചുമതല കോണ്‍ഗ്രസിന്റെ മുന്‍ നിര നേതാവായിരുന്ന ദാമോദരന്‍ കാളാശ്ശേരിക്കായിരുന്നു.