ലണ്ടന്‍ തെരുവില്‍ ഗാങ്സ്റ്ററായി ധനുഷും ജോജുവും; ഗയ് റിച്ചി മൂഡില്‍ ജഗമേ തന്തിരം ട്രെയ്‌ലര്‍

കാര്‍ത്തിക് സുബ്ബരാജിന്റെ ആക്ഷന്‍ ഡ്രാമ ജഗമേ തന്തിരത്തിന്റെ ട്രെയ്‌ലര്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടു. ബ്രിട്ടീഷ് ഗാങ്ങ്‌സ്റ്റര്‍ ചിത്രങ്ങളിലൂടെ ഒട്ടേറെ ആരാധകരെ നേടിയ ഗയ് റിച്ചിയുടെ വയലന്റ് ആക്ഷന്‍ കോമഡി ശൈലിയോട് സാമ്യം തോന്നിക്കുന്നതാണ് ജഗമേ തന്തിരത്തിന്റെ ട്രെയിലര്‍. ധനുഷിനൊപ്പം ജോജു ജോര്‍ജും ഐശ്വര്യ ലക്ഷ്മിയും ജെയിംസ് കോസ്‌മോയും കലൈയരശനും ട്രെയിലറിലെത്തുന്നുണ്ട്.

ജോജു ജോര്‍ജിന്റെ ‘ശിവദാസി’നേയും ഗാങ്ങിനേയും നേരിടാന്‍ ലണ്ടനിലെ രാഷ്ട്രീയ നേതാവും അധോലോക നായകനുമായ പീറ്റര്‍ മധുരയില്‍ നിന്ന് വിളിക്കുന്ന കൊട്ടേഷനായാണ് ധനുഷിന്റെ ‘സുരുളി’യെത്തുന്നത്. ട്രോയ്, ബ്രേവ് ഹാര്‍ട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രക്ഷേകര്‍ക്ക് പരിചിതനായ ജെയിംസ് കോസ്‌മോയാണ് ലണ്ടന്‍ ഡോണായ ‘പീറ്ററി’നെ അവതരിപ്പിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സില്‍ ലോര്‍ഡ് മോര്‍മണ്ടായെത്തിയ കോസ്‌മോ ഏറെ ജനപ്രീതിയുള്ള നടനാണ്.

ഭൂരിഭാഗവും ബ്രിട്ടനില്‍ ചിത്രീകരിച്ച ജഗമേ തന്തിരം മധുര മുതല്‍ ലണ്ടന്‍ വരെയുള്ള ഒരു ഗാങ്സ്റ്ററുടെ കഥയാണ് പറയുന്നത്. ഏപ്രില്‍ 2020ല്‍ തിയേറ്ററില്‍ പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് കൊവിഡ് വ്യാപനത്തേത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. കാര്‍ത്തിക് സുബ്ബരാജും ധനുഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജഗമേ തന്തിരം. ജൂണ്‍ 18നാണ് നെറ്റ്ഫ്‌ളിക്‌സ് റിലീസ്.