കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ പോലും ഭൂരിപക്ഷം ലഭിച്ചില്ല; ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസില്‍ വലിയ പ്രതിഷേധം

ബാലുശ്ശേരി: ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായെത്തിയ നടന്‍ ധര്‍മ്മജന്റെ തെരഞ്ഞെടുപ്പ് തോല്‍വി കോണ്‍ഗ്രസിനകത്ത് വലിയ ചര്‍ച്ചകള്‍ സൃഷ്ടിക്കുന്നു. ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥിത്വം നിയോജക മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിക്കകത്ത് ഇപ്പോള്‍ തന്നെ ചര്‍ച്ചയായി കഴിഞ്ഞു. അടുത്ത ദിവസം നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ഇത് വലിയ പ്രതിഷേധത്തിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബാലുശ്ശേരിയില്‍ അട്ടിമറി നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചാണ് സെലിബ്രിറ്റി സ്ഥാനാര്‍ത്ഥിയായി ധര്‍മ്മജനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം അവതരിപ്പിച്ചത്. എന്നാല്‍ ഈ പരീക്ഷണം അമ്പേ പരാജയപ്പെടുകയായിരുന്നു. 20327 വോട്ടിനാണ് ധര്‍മ്മജന്റെ പരാജയപ്പെട്ടത്. കഴിഞ്ഞ തവണ 15464 വോട്ടിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. ബാലുശ്ശേരിയുടെ നാല് പതിറ്റാണ്ടായുള്ള വികസന പോരായ്മ മാറ്റാനും ഒരു മാറ്റവും എന്നതായിരുന്നു യുഡിഎഫ് മുദ്രാവാക്യം.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കോണ്‍ഗ്രസ് എ ഗ്രൂപ്പിലെ ഒരു വിഭാഗം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചിരുന്നു. അതേ സമയം എ ഗ്രൂപ്പിലെ ഒരു വിഭാഗം തന്നെ ഈ പരിപാടികളില്‍ പങ്കെടുക്കാതിരിക്കുകയും ചെയ്തിരുന്നു.

ധര്‍മ്മജനെ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്നതിനെതിരെ ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗതെത്തിയിരുന്നു. എന്‍ജിഓ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗമായ എ ഗ്രൂപ്പുകാരനായ ഒരു യുവാവും സ്ഥാനാര്‍ത്ഥി മോഹവുമായി രംഗത്തുണ്ടായിരുന്നു. എ ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഇദ്ദേഹത്തിനുണ്ടായിരുന്നു.

നിയോജക മണ്ഡലം യുഡിഎഫ് കമ്മറ്റിയുടെ പേരില്‍ ധര്‍മ്മജന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പരാതിയും കെപിസിസിക്ക് പോയിരുന്നു. ഇത് മണ്ഡലം കോണ്‍ഗ്രസ് സംവിധാനത്തില്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇത്തരം കോലാഹലങ്ങള്‍ക്ക് ശേഷമാണ് ധര്‍മ്മജന് അവസാനം സീറ്റ് ലഭിച്ചത്.

പ്രചരണത്തിനായി മണ്ഡലത്തിലെത്തിയ ധര്‍മ്മജന് വലിയ സ്വീകരണമാണ് ആദ്യ ദിവസങ്ങളില്‍ ലഭിച്ചത്. വലിയ സഹകരണവും ലഭിച്ചു. പിന്നിടുള്ള ദിവസങ്ങളില്‍ അതുണ്ടായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ലീഗ് പ്രവര്‍ത്തകരും ഐ ഗ്രൂപ്പ് പ്രവര്‍ത്തകരും ധര്‍മ്മജന് വേണ്ടി സജീവമായി നിലകൊണ്ടെങ്കിലും എ ഗ്രൂപ്പിലെ ഒരു വിഭാഗം തന്നെ പ്രചരണത്തില്‍ സജീവമായില്ല.

ധര്‍മ്മജനോടപ്പമുണ്ടായിരുന്ന ജനക്കൂട്ടം സെല്‍ഫി ഭ്രമത്തിനപ്പുറത്തേക്ക് പോയില്ല എന്ന ഫലം കാണിക്കുന്നത്. രണ്ടാം ഘട്ട വാഹന പര്യടനം പോലും നടത്താന്‍ യുഡിഎഫിന് കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധിയായിരുന്നു കാരണം. നേതാക്കളുടെ വാക്കുകള്‍ കേള്‍ക്കാതെയാണ് ധര്‍മ്മജന്‍ പലപ്പോഴും പ്രചരണം തീരുമാനിച്ചു.

പ്രചരണം മുറുകിയ അവസാന ഘട്ടത്തില്‍ രാഷ്ട്രീയം പറയാതെ കോമഡി സിനിമാ താരങ്ങളും മിമിക്രി താരങ്ങളുമെത്തിയ പരിപാടികളാണ് കൂടുതല്‍ നടന്നത്. ഇത് തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ഗൗരവം തന്നെ നഷ്ടപ്പെടുത്തിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ വിലയിരുത്തല്‍. മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകള്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. ഇതില്‍ ഒരു പഞ്ചായത്തില്‍ മാത്രമാണ് ധര്‍മ്മജന് നേരിയ ഭൂരിപക്ഷം നേടാനായത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടം കൈവരിക്കാന്‍ കഴിയാത്ത അവസ്ഥയെ കുറിച്ചുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് മണ്ഡലത്തിലെ അടുത്ത തോല്‍വി. ലീഗ് പോലും കുറ്റപ്പെടുത്ത അവസ്ഥയിലേക്ക് പോകുമോ എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേടി.