കോണ്‍ഗ്രസില്‍ നിന്ന് നീതി കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടെന്ന് ധര്‍മ്മജന്‍; ‘പരാതിയില്‍ മറുപടി പറയാനുള്ള മര്യാദ മുല്ലപ്പള്ളി കാട്ടിയില്ല’

കോഴിക്കോട്: മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വിമര്‍ശനമുന്നയിച്ച് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ കെപിസിസിക്ക് നല്‍കിയ പരാതിയില്‍ ഒരു മറുപടി പറയാന്‍ പോലുമുള്ള മര്യാദ മുല്ലപ്പള്ളി രാമചന്ദ്രന്‍ കാട്ടിയില്ലെന്ന് ധര്‍മ്മജന്‍ പറഞ്ഞു. മനോരമ ന്യൂസ് ചാനലില്‍ നേരെ ചൊവ്വ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാലുശ്ശേരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മണ്ഡലം ഭാരവാഹികളായ ഒരു കെപിസിസി സെക്രട്ടറിയും പ്രാദേശിക നേതാവും ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫണ്ടിനാണെന്ന് പറഞ്ഞ് പിരിച്ചെടുത്ത പണം തട്ടിയെടുത്തതായി തെളിവ് സഹിതം കെപിസിസിക്ക് പരാതി നല്‍കിയിരുന്നുവെന്ന് ധര്‍മ്മജന്‍ പറഞ്ഞു.

എന്നാല്‍ ഇങ്ങനെയൊരു പരാതി നല്‍കാന്‍ മാത്രം എന്തുണ്ടായി എന്ന് ചോദിക്കാനുള്ള മര്യാദ പോലും മുന്‍ പ്രസിഡണ്ട് കാട്ടിയിട്ടില്ല. പുതിയ പ്രസിഡണ്ട് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ എന്നറിയില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു.

പാര്‍ട്ടിയേക്കാളും വലുതല്ല പ്രവര്‍ത്തകര്‍ എന്ന് വിശ്വസിച്ചത് കൊണ്ടാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ കെപിസിസിക്ക് മുമ്പാകെ തെളിവ് സഹിതം പരാതി നല്‍കിയത്. കോണ്‍ഗ്രസില്‍ നിന്ന് നീതി കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടാണെന്നും ധര്‍മ്മജന്‍ പറഞ്ഞു.