‘ക്രിസ്തു പഠിപ്പിച്ച ഭാഷയാണോ ഇത്?’; ‘ഈശോ’യെ പിന്തുണച്ചതിന് തെറി വിളിച്ചയാളോട് ടിനി ടോം

നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ‘ഈശോ’ സിനിമയുടെ ടൈറ്റിലിനേ ചൊല്ലിയുള്ള വിവാദത്തിനിടെ സംവിധായകന് ടിനി ടോം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഒരു വിഭാഗം ക്രിസ്ത്യന്‍ യാഥാസ്ഥികരില്‍ നിന്നും ഫേക്ക് ഐഡികളില്‍ നിന്നും നടന്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. കടുത്ത അധിക്ഷേപങ്ങളും അസഭ്യങ്ങളും നടന്റെ കമന്റ് ബോക്‌സിലെത്തുന്നുണ്ട്. തെറി വിളിച്ചയാള്‍ക്ക് താന്‍ നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചിരിക്കുകയാണ് ടിനി ടോം.

മതം കൊണ്ട് ഞാനൊരു ക്രിസ്ത്യാനിയാണ്. സംസ്‌കാരം കൊണ്ട് ഞാനൊരു ഹിന്ദുവാണ്. മുസ്ലീംകള്‍ എന്റെ സഹോദരങ്ങളാണ്. എനിക്ക് ഇങ്ങനെയേ ജീവിക്കാന്‍ പറ്റൂ.

ടിനി ടോം

ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കിടയില്‍ വര്‍ഗീയ-വിദ്വേഷ പ്രചരണം നടത്തുന്ന ‘കാസ’യുടെ ലോഗോയുള്ള ഒരു ചീത്തവിളി മീം ആന്റണി എബ്രഹാം ആരണ്‍ എന്ന യൂസര്‍ ടിനി ടോമിന്റെ പോസ്റ്റില്‍ കമന്റ് ചെയ്തിരുന്നു. ‘ഒരു ക്രിസ്ത്യാനി പറയേണ്ട ഭാഷയാണോ ഇത്, ക്രിസ്തു ഇതാണോ പഠിപ്പിച്ചത്?’ എന്ന് ടിനി ടോം മറുപടി നല്‍കി.

Also Read: ‘ദൈവം വലിയവനാണ്’; ‘ഈശോ’ അനുകൂല ഹൈക്കോടതി വിധിയോട് പ്രതികരിച്ച് നാദിര്‍ഷാ

‘ഈശോ’ എന്ന ടൈറ്റിലും ദീലിപിനെ നായകനാക്കി ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമാപ്പേരും ക്രിസ്തീയ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നു എന്നാണ് മതയാഥാസ്ഥികരുടെ വാദം. ഈശോയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തതിന് പിന്നാലെ നാദിര്‍ഷായ്ക്കെതിരെ രൂക്ഷമായ വിദ്വേഷ പ്രചരണമുണ്ടായി. രണ്ട് സിനിമകളുടേയും പേര് മാറ്റില്ല എന്ന ഉറച്ച നിലപാടിലാണ് സംവിധായകന്‍. നാദിര്‍ഷായെ പിന്തുണച്ച് സിനിമാ ലോകത്തെ പ്രമുഖര്‍ രംഗത്തെത്തുന്നുണ്ട്. ഈശോ സിനിമക്ക് പൂര്‍ണ പിന്തുണയാണ് ഫെഫ്ക പ്രഖ്യാപിച്ചത്.

സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവാദം സാംസ്‌കാരിക കേരളത്തിന് ഒട്ടും ഭൂഷണമല്ലെന്ന് മാക്ട ചൂണ്ടിക്കാട്ടി. ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് മാക്ട പോലുള്ള സാംസ്‌കാരിക സംഘടനയുടെ ഉത്തരവാദിത്വമാണ്. മലയാള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേര്‍ത്തുപിടിക്കലല്ല. സിനിമ പൊതുവേ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കലാരൂപമാണ്. നാദിര്‍ഷായ്ക്കു ഭാരവാഹി സമതി എല്ലാ പിന്തുണയും അറിയിക്കുന്നെന്നും മാക്ട വ്യക്തമാക്കി.

അതിനിടെ ഈശോ വിവാദം അനാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയും സംവിധായകനെ പിന്തുണച്ചും ഓര്‍ത്തഡോക്സ് സഭയുടെ തൃശൂര്‍ മെത്രാപ്പൊലീത്തയെത്തി. കഴിഞ്ഞ ദിവസമാണ് കത്തോലിക്കാ സഭ വിവാദത്തില്‍ നിലപാട് വ്യക്തമാക്കിയത്. കലാരംഗത്ത് ക്രൈസ്തവ വിരുദ്ധ വികാരം കൂടുകയാണെന്നാണ് കെസിബിസിയുടെ ആരോപണം.

വിവാദമുണ്ടാക്കുന്നവരേയും കത്തോലിക്ക സഭയുടെ നിലപാടിനേയും മുതിര്‍ന്ന സംവിധായകന്‍ സിബി മലയില്‍ രൂക്ഷമായി വിമര്‍ശിച്ചു. ചില രാഷ്ട്രീയ നേതാക്കന്മാരുടെ അതേ ഭാഷയിലാണ് കത്തോലിക്കാ സഭയും സംസാരിക്കുന്നത്. ഇത് വളരെ ഭയപ്പെടുത്തുന്നതും എതിര്‍ക്കപ്പെടേണ്ടതുമായ നിലപാടാണ്. ക്രിസ്തുവിന് ആരുടേയും സംരക്ഷണം ആവശ്യമില്ല. തന്നെ പിന്തുടരാനാണ് ക്രിസ്ത് പറഞ്ഞത്. സംരക്ഷിക്കാനല്ല. കത്തോലിക്കാ സമുദായത്തിലെ ഭൂരിപക്ഷവും സഭയുടെ നിലപാടിനെ പിന്തുണക്കുമെന്ന് തോന്നുന്നില്ലെന്നും സിബി മലയില്‍ ചൂണ്ടിക്കാട്ടി.

ഈശോ ടൈറ്റിലിനെതിരെയുള്ള എതിര്‍പ്പുകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന പ്രസ്താവനയുടെ പേരില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന് ക്രിസ്ത്യന്‍ വര്‍ഗീയവാദികളുടെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നു.