ഫാദര്‍ ബെനഡിക്ട് ജോര്‍ജ് കുട്ടിയെ മറികടന്നോ?; ടെലിവിഷന്‍ പ്രീമിയര്‍ ടിആര്‍പി റേറ്റിങ്ങില്‍ മുന്നിലാര്?

ജൂണ്‍ നാലിനാണ് മമ്മൂട്ടിയുടെ ഹൊറര്‍ ത്രില്ലര്‍ ദ പ്രീസ്റ്റ് വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി ഏഷ്യാനെറ്റില്‍ റിലീസ് ചെയ്തത്. ജൊഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍, നിഖില വിമല്‍, ബേബി മോണിക്ക തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. കൊവിഡ് കാലത്ത് തിയേറ്റര്‍ ഉടമകള്‍ക്ക് ആശ്വാസമായി റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി. ആമസോണ്‍ പ്രൈമില്‍ ഏപ്രില്‍ 14നെത്തിയ ഫാദര്‍ ബെനഡിക്ട് ഒടിടി റിലീസിലും മികച്ച അഭിപ്രായങ്ങള്‍ നേടി. ഇതിന് ശേഷമാണ് ‘ദ പ്രീസ്റ്റ്’ ടിവി പ്രദര്‍ശനത്തിനെത്തിയത്.

ഇതുവരെയുള്ള ടിആര്‍പി റെക്കോഡുകളെല്ലാം ഭേദിക്കാനെന്നവണ്ണം വന്‍ ഹൈപ്പോടെയായിരുന്നു ഏഷ്യാനെറ്റിന്റെ റിലീസ്. പത്രങ്ങളിലും ചാനലുകളിലും വെബ്‌സൈറ്റുകളിലും ദ പ്രീസ്റ്റ് ടിവി പ്രീമിയറിന്റെ പരസ്യമുണ്ടായിരുന്നു. മെയ് 21ന് ഏഷ്യാനെറ്റില്‍ തന്നെ പ്രീമിയര്‍ ചെയ്ത ദൃശ്യം 2വിനെ മറികടക്കാന്‍ പ്രീസ്റ്റിന് കഴിഞ്ഞില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.

ദൃശ്യം 2 ടിപിആര്‍

എന്നാല്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടിവിആര്‍ പോയിന്റാണ് പ്രീസ്റ്റ് നേടിയ 21.95 എന്ന് മമ്മൂട്ടി ആരാധകര്‍ അവകാശപ്പെടുന്നു. പ്രീസ്റ്റ് അഞ്ചാമതോ ആറാമതോ ആണെന്ന് ഒരു വിഭാഗവും ഇതുവരെയുള്ള കണക്കില്‍ രണ്ടാമതെത്തിയെന്ന് മമ്മൂട്ടി ആരാധകരും പറയുന്നു. പ്രീമിയര്‍ കഴിഞ്ഞ് ഒരാഴ്ച്ചയായെങ്കിലും ട്വിറ്ററിലും ഫേസ്ബുക്കിലും യുട്യൂബ് കമന്റ് ബോക്‌സുകളിലും തര്‍ക്കം തുടരുകയാണ്.

ഏറ്റവും കൂടുതല്‍ ടി വി പ്രേക്ഷകരെ നേടിയ പത്ത് ചിത്രങ്ങളില്‍ നാലെണ്ണം മോഹന്‍ലാലിന്റേതാണ്. പുലിമുരുകന്‍, ദൃശ്യം, ദൃശ്യം 2, ലൂസിഫര്‍ എന്നിവ അദ്യപത്തില്‍ ഇടം പിടിച്ചു. ബാഹുബലി രണ്ടാം ഭാഗമാണ് ആദ്യ പത്തിലെ ഏക ഇതരഭാഷാ ചിത്രം. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, ഫോറന്‍സിക്, പ്രേമം, അഞ്ചാം പാതിര എന്നീ ചിത്രങ്ങളും പട്ടികയിലുണ്ട്.