സലിംകുമാര്‍ ‘കമ്മ്യൂണിസ്റ്റ്’ എന്ന വാക്ക് മനപ്പൂര്‍വ്വം ഒഴിവാക്കിയതോ?; ഏതാണ് ‘ഒറിജിനല്‍’ നീമൊളര്‍ കവിത?

ലക്ഷദ്വീപ് ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടന്‍ സലിംകുമാര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ തിരുത്തല്‍ വേണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് അനുകൂലികളെത്തിയിരിക്കുകയാണ്. ജര്‍മന്‍ പാസ്റ്ററും നാസിഭരണകൂടത്തിന്റെ വിമര്‍ശകനുമായിരുന്ന മാര്‍ട്ടിന്‍ നീമൊളറുടെ വരികള്‍ക്കൊപ്പമാണ് സലിംകുമാര്‍ ലക്ഷദ്വീപ് വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ചുറ്റുമുള്ളവര്‍ ഫാസിസത്തിന് ഇരയാക്കപ്പെടുമ്പോള്‍ ഒന്നും ചെയ്യാതെ, പ്രതികരിക്കാതെ നിഷ്‌ക്രിയരായിരിക്കുന്നവരെ വിമര്‍ശിക്കുന്നതാണ് കവിത.

പോസ്റ്റ് വാര്‍ത്തയാകുകയും 28,000ലധികം പേര്‍ ഷെയര്‍ ചെയ്യുകയുമുണ്ടായി. ഒരുലക്ഷത്തിലധികം പേര്‍ പ്രതികരണത്തോട് റിയാക്ട് ചെയ്യുകയും 13,000 പേര്‍ കമന്റിടുകയും ചെയ്തു. സലിംകുമാറിന്റെ നിലപാടിനെ പ്രശംസിക്കുന്നതിനൊപ്പം തന്നെ വിയോജിപ്പും രേഖപ്പെടുത്തി ഒരുവിഭാഗമാളുകളെത്തി. ‘അവര്‍ സോഷ്യലിസ്റ്റുകളെ തേടി വന്നു’ എന്നാണ് സലിംകുമാര്‍ പങ്കുവെച്ചിരിക്കുന്ന കവിതയിലെ ആദ്യവരി. ‘ഫസ്റ്റ് ദെ കെയിം ഫോര്‍’ എന്ന കവിതയില്‍ നിന്ന് കോണ്‍ഗ്രസ് അനുഭാവിയായ സലിംകുമാര്‍ ‘കമ്മ്യൂണിസ്റ്റ്’ എന്ന വാക്ക് മാറ്റിയെന്നാണ് ഇടതുപക്ഷ അനുകൂലികളുടെ ആരോപണം.

ബോസ്റ്റണ്‍ ന്യൂ ഇഗ്ലണ്ട് ഹോളോകോസ്റ്റ് സ്മാരകത്തിലെ ശിലാഫലകം

അമേരിക്കയിലെ ബോസ്റ്റണ്‍ ന്യൂ ഇഗ്ലണ്ട് ഹോളോകോസ്റ്റ് സ്മാരകത്തിലെ ശിലാഫലകത്തില്‍ നീമൊളറുടെ കവിത കൊത്തിവെച്ച ചിത്രം പലരും സലിംകുമാറിന്റെ പോസ്റ്റിന് കീഴിലായി ചേര്‍ക്കുന്നുണ്ട്. ‘ആദ്യം അവര്‍ കമ്മ്യൂണിസ്റ്റുകളെ തേടി വന്നു’ എന്ന വരിയാണ് സ്മാരകത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കവിതയിലുള്ളത്.

‘ഫസ്റ്റ് ദെ കെയിം ഫോര്‍’ എന്ന കവിതയ്ക്ക് പല ഭാഷ്യങ്ങളും രൂപാന്തരങ്ങളുമുണ്ടെന്നതാണ് വസ്തുത. ഫസ്റ്റ് ദെ കെയിം ഫോര്‍ എന്ന ഗൂഗിളില്‍ തെരഞ്ഞാല്‍ പല രൂപത്തിലുള്ള മാര്‍ട്ടിന്‍ നീമൊളര്‍ കവിതാ പതിപ്പുകള്‍ ലഭിക്കും. ചിലതില്‍ കമ്മ്യൂണിസ്റ്റെന്നും മറ്റ് ചില പതിപ്പുകളില്‍ സോഷ്യലിസ്റ്റ് എന്നുമാണ്. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് എന്നീ രണ്ടുവാക്കുകളും തൊട്ടടുത്ത വരികളിലായി ഉള്‍പ്പെടുത്തിയ കവിതാഭേദങ്ങളുമുണ്ട്. യുഎസ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയത്തിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കവിതയില്‍ ‘കമ്മ്യൂണിസ്റ്റ്’ ഇല്ല.

ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴിലുള്ള ഹോളോകോസ്റ്റ് മെമ്മോറിയല്‍ ട്രസ്റ്റിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കവിതയില്‍ കമ്മ്യൂണിസ്റ്റുകളേയും സോഷ്യലിസ്റ്റുകളേയും അടുത്തടുത്ത വരികളില്‍ പരാമര്‍ശിക്കുന്നുണ്ട്.

‘ഒറിജിനല്‍’ കവിത

1946 ജനുവരി ആറിന് ഫ്രാങ്ക്ഫുട്ടിലെ ഒരു ദേവാലയത്തില്‍ ലൂഥറന്‍ പാസ്റ്ററായിരുന്ന നീമൊളര്‍ നടത്തിയ ഒരു ‘പശ്ചാത്താപ’ പ്രസംഗമാണ് പിന്നീട് കവിതയായി രൂപാന്തരം പ്രാപിച്ചത്. നാസി ഭരണകൂടം സമൂഹത്തെ കള്ളികളായി തിരിച്ച് ഓരോ വിഭാഗത്തേയും പടിപടിയായി വേട്ടയാടിയതിനേക്കുറിച്ചും ഭൂരിപക്ഷ സമൂഹം അത് നോക്കിനിന്നതിനേക്കുറിച്ചുമായിരുന്നു നീമൊളറുടെ പ്രസംഗം.

‘ പിന്നീട് കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകളിലാക്കപ്പെട്ടവര്‍ കമ്മ്യൂണിസ്റ്റുകളാണ്. ആരും അവരെ ഗൗനിച്ചില്ല. അത് നമ്മള്‍ അറിഞ്ഞിരുന്നു. പത്രത്തില്‍ അച്ചടിച്ചു വന്നിരുന്നു. ആര് ശബ്ദമുയര്‍ത്തി. കണ്‍ഫെസിങ്ങ് ചര്‍ച്ച് ശബ്ദിച്ചോ? നമ്മള്‍ കരുതി; കമ്മ്യൂണിസ്റ്റുകാരല്ലേ, മതത്തെ എതിര്‍ക്കുന്നവര്‍, ക്രിസ്ത്യാനികളുടെ ശത്രുക്കള്‍’. കൂട്ടക്കൊല ചെയ്യാന്‍ ഭിന്നശേഷിക്കാരെ കൊണ്ടുപോയപ്പോഴും ജൂതരെ കൊണ്ടുപോയപ്പോഴും ഓരോ കാരണങ്ങള്‍ കണ്ടെത്തി ഭൂരിപക്ഷ സമൂഹം നിശ്ശബ്ദരായിരുന്നതിനേക്കുറിച്ചും നീമൊളര്‍ പ്രസംഗിക്കുന്നുണ്ട്.

1947ഓടെ ജര്‍മന്‍ ഭാഷയില്‍ നിന്ന് വിവര്‍ത്തനം ചെയ്യപ്പെട്ട പ്രസംഗം കവിതയായി ചുരുക്കപ്പെട്ടു. ആദ്യകാലങ്ങളില്‍ ഹിറ്റ്‌ലറുടേയും നാസി പാര്‍ട്ടിയുടേയും അനുകൂലിയായിരുന്നെന്ന് പേരില്‍ നീമൊളര്‍ക്കെതിരെ ആരോപണങ്ങളുമുയര്‍ന്നു. 1955ല്‍ ഒരു ജര്‍മന്‍ പ്രൊഫസര്‍ ഒരു അഭിമുഖത്തില്‍ നടത്തിയ പ്രതികരണത്തില്‍ നീമൊളറെ ഉദ്ധരിച്ചപ്പോള്‍ ‘കമ്മ്യൂണിസ്റ്റുകള്‍, സോഷ്യലിസ്റ്റുകള്‍, സ്‌കൂളുകള്‍, ജൂതര്‍, മാധ്യമങ്ങള്‍, സഭ’ എന്നീ വാക്കുകളും പരാമര്‍ശിക്കുന്നുണ്ട്. 1968ല്‍ അമേരിക്കന്‍ പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാള്‍ അവതരിപ്പിച്ച കവിതയില്‍ ‘വ്യവസായികള്‍’ ഉള്‍പ്പെടുത്തുകയും കമ്മ്യൂണിസ്റ്റുകളെ ഒഴിവാക്കുകയും ചെയ്തു. അര നൂറ്റാണ്ട് പിന്നിടുമ്പോള്‍ പല തരത്തില്‍ എഡിറ്റ് ചെയ്യപ്പെട്ട വകഭേദങ്ങളാണ് നീമൊളര്‍ കവിതയ്ക്കുള്ളത്. ഓരോ ഇടത്തേയും രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഇപ്പോഴും നീമൊളര്‍ കവിതയ്ക്ക് പുതിയ പുതിയ രൂപാന്തരങ്ങളുണ്ടാകുന്നു.