കൊല്‍ക്കത്ത: ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയ്ക്കെതിരെ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്ന കാര്യത്തെ ചൊല്ലി സിപിഐഎം-കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍. സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കേണ്ട എന്ന നിലപാടാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും സംസ്ഥാന നേതൃത്വത്തവും സ്വീകരിക്കുന്നത്. എന്നാല്‍ മമതയ്ക്കെതിരെ മത്സരിക്കണം എന്ന നിലപാടാണ് സിപിഐഎമ്മിനുള്ളത്.
ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സിപിഐഎമ്മും കോണ്‍ഗ്രസും മുസ്ലിം മതപണ്ഡിതന് അബ്ബാസുദ്ദീന് സിദ്ധിഖി പുതുതായ രൂപീകരിച്ച ഐഎസ്എഫും ചേര്‍ന്ന് രൂപീകരിച്ച സംയുക്ത മോര്‍ച്ചക്ക് ഒരു സീറ്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. മമത ബാനജി നേതൃത്വം നല്കിയ തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റുകള്‍ തൂത്തുവാരുകയായിരുന്നു. ബംഗാളിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇടതുപക്ഷത്തിനോ കോണ്‍ഗ്രസിനോ നിയമസഭയില്‍ സീറ്റില്ലാതെ പോകുന്നത്.
നന്ദിഗ്രാമില്‍ പരാജയപ്പെട്ട മമതക്ക് മുഖ്യമന്ത്രിയായി തുടരണമെങ്കില്‍ ആറ് മാസത്തിനകം മറ്റൊരു മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എംഎല്‍എയാവണം. അതിനാലാണ് ഭവാനിപൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഭവാനീപൂര്‍ തങ്ങളുടെ സീറ്റാണ്. അവിടെ ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് സാമാന്യബുദ്ധിക്ക് നിരക്കുന്ന ഒന്നായി തോന്നുന്നില്ലെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രജ്ഞന്‍ ചൗധരി പറഞ്ഞു. അതേ സമയം ഭവാനീപൂരിലെ തെരഞ്ഞെടുപ്പ് ഒരു തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി മത്സരം എന്ന രീതിയിലേക്ക് വിടാനാവില്ലെന്നാണ് സിപിഐഎം നേതാക്കളുടെ അഭിപ്രായം.
ഇടതുപക്ഷമോ കോണ്‍ഗ്രസോ അവിടെ മത്സരിച്ചില്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ പൂര്‍ണ്ണമായി ബിജെപിക്ക് പോകുന്ന അവസ്ഥയുണ്ടാകും. അത് ഒഴിവാക്കാന്‍ നിര്‍ബന്ധമായും ഭവാനിപൂരില്‍ സ്ഥാനാര്‍ത്ഥി ഉണ്ടായേ പറ്റൂ എന്ന നിലപാടാണ് സിപിഐഎം നേതാക്കള്‍ക്കുള്ളത്.
കോണ്‍ഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കണമെന്ന ആവശ്യം ഇടതുചേരിയില്‍ തെരഞ്ഞെടുപ്പിന് ശേഷം സജീവമായിട്ടുണ്ട്. ഇടതുപക്ഷം ഒറ്റക്ക് നിന്ന് അവരുടെ വോട്ടുകള്‍ ഉറപ്പിക്കുകയും ശക്തിപ്പെടുകയുമാണ് വേണ്ടതെന്നും ഇടതുകക്ഷികളിലെ ചില നേതാക്കള്‍ പറഞ്ഞു കഴിഞ്ഞു.
കോണ്‍ഗ്രസിലാണെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിലെത്തണം എന്ന അഭിപ്രായവും ശക്തിപ്പെട്ടുവരികയാണ്. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കണം. അതിലേക്കുള്ള പാതയായി ഭവാനിപൂരിലെ തെരഞ്ഞെടുപ്പ് കാണണം എന്നും അവര്‍ പറയുന്നു.