ചൊവ്വാഴ്ച വരെ അറസ്റ്റില്ല; ദിലീപിന്റെ മുൻ‌കൂർ ജാമ്യഹരജി മാറ്റി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു എന്ന കേസിൽ നടൻ ദിലീപിന് മുൻ‌കൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ചൊവ്വാഴ്ചവരെ നടന്റെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. അതുവരെ അറസ്റ്റുണ്ടാകില്ലെന്ന് പൊലീസും അറിയിച്ചു.

ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലിൽ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്‌ത കേസിൽ മുൻ‌കൂർ ജാമ്യം തേടിയാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.ഗോപിനാഥാണ് ഹര്‍ജിയിൽ വിധിപറഞ്ഞത്. ദിലീപിന്റെ വീട്ടിലും സ്ഥാപനങ്ങളിലും വ്യാഴാഴ്‌ച നടന്ന റെയ്‌ഡിന്റെ വിശദാംശങ്ങളും അന്വേഷണ സംഘം കോടതിയെ ധരിപ്പിച്ചു.

അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടു എന്ന് സൂചിപ്പിക്കുന്ന ശബ്ദസന്ദേശങ്ങളായിരുന്നു ബാലചന്ദ്രകുമാർ പുറത്ത് വിട്ടത്. ബാലചന്ദ്രകുമാറിന്റെ മൊഴി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

ദിലീപിന്റെയും അജ്ഞാതനായ ഒരു വിഐപിയുടെയും സംഭാഷണം എന്ന തരത്തിലാണ് ശബ്ദരേഖ പുറത്തുവന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും ശബ്ദരേഖയിൽ സംസാരിക്കുണ്ട്. ‘ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരും’ എന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്നതും എല്ലാവരും പൊട്ടിച്ചിരിക്കുന്നതും ശബ്‌ദരേഖയിലുണ്ട്.

ശബ്ദരേഖ ഇങ്ങനെ:

ദിലീപ്: അഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ നിങ്ങള്‍ കണ്ടോ അനുഭവിക്കാന്‍ പോവുന്നത്

വിഐപി: കോപ്പന്‍മാര്‍ ഒക്കെ ഇറങ്ങിയാല്‍ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തുള്ളൂ

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ്: ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരും.

ബൈജു കെ പൗലോസ് നൽകിയ പരാതിയിലിയാണ് ക്രൈം ബ്രാഞ്ച് നടനെതിരെ കേസെടുത്തത്. ദിലീപ്, ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത്, ബൈജു ചെങ്ങമനാട് എന്നിവരാണ് കേസിലെ പ്രതികള്‍.

തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ പൊലീസ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് ദിലീപ് വാദിക്കുന്നത്.

ALSO READ: ദിലീപിന്റെ മൊബൈലും ഹാർഡ് ഡിസ്‌കുകളും പിടിച്ചെടുത്തു; റെയ്‌ഡ്‌ നീണ്ടത് ഏഴ് മണിക്കൂർ

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങവെയാണ് ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്.

പുതിയ തെളിവുകളും ശബ്ദരേഖകളും മുഖവിലക്കെടുത്ത വിചാരണാ കോടതി നടനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. ക്രൈംബ്രാഞ്ച് മേധാവി ശ്രീജിത്ത് ഐപിഎസ് നേതൃത്വത്തിലുള്ള സംഘമാണ് പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്നത്. ജനുവരി 20നുള്ളിൽ അന്വേഷണം പൂർത്തിയാക്കണം എന്നാണ് കോടതി നിർദേശം.

ദൃശ്യങ്ങളും പൊലീസ് ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ദിലീപിന്റെ കൈവശമുണ്ടായിരുന്നു എന്ന് പറയുന്ന തോക്കും ഉൾപ്പെടെയുള്ള തെളിവുകൾ കെണ്ടെടുക്കുന്നതിനായി ക്രൈം ബ്രാഞ്ച് സംഘം വ്യാഴാഴ്‌ച ദിലീപിന്റെ വീട്ടിലും, ഓഫീസിലും സഹോദരന്റെ വീട്ടിലും റെയ്‌ഡ്‌ നടത്തിയിരുന്നു. ഏഴുമണിക്കൂറോളം നീണ്ട റെയ്‌ഡിൽ ദിലീപിന്റെ പേഴ്‌സണൽ ഫോൺ ഉൾപ്പടെ മൂന്ന് മൊബൈലുകളും ഹാർഡ് ഡിസ്‌കുകളും മെമ്മറി കാർഡുകളും ചില രേഖകളും സംഘം പിടിച്ചെടുത്തിരുന്നു.