ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാം; ജാമ്യത്തിൽ വിധി 27ന്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തി എന്ന കേസിൽ അടുത്ത മൂന്ന് ദിവസം ദിലീപ് ഉൾപ്പടെയുള്ള പ്രതികളെ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. നടന്റെ ജാമ്യ ഹരജി തീർപ്പാക്കുന്നത് കോടതി ജനുവരി 27ലേക്ക് മാറ്റി. ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ വ്യാഴാഴ്ച കോടതിയിൽ സമർപ്പിക്കണം. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും അറസ്റ്റ് പാടില്ലെന്നും ഇടക്കാല ഉത്തരവിൽ നിർദേശം നൽകി.

വിശദമായ വാദം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം. അന്വേഷണം സംരക്ഷിക്കപ്പെടണം എന്നാണ് വാദത്തിനിടെ ഹൈക്കോടതി നിലപാടെടുത്തത്. നടന് മുൻ‌കൂർ ജാമ്യം നൽകിയാൽ പിന്നെ കേസന്വേഷണത്തിൽ കാര്യമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യത്തിൽ തീരുമാനമില്ല എന്ന് വ്യക്തമാക്കിയതോടെ അഞ്ചുദിവസം നടൻ ഉൾപ്പടെയുള്ള പ്രതികളെ കസ്റ്റഡിയിൽ വിടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ കസ്റ്റഡിയിൽ പിന്നീട് തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു.

ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. ഒരാളെ കൊല്ലും എന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ ക്രിമിനൽ ഗൂഡാലോചനയാകില്ല എന്ന് കോടതി വാദം തുടങ്ങിയപ്പോൾ നിരീക്ഷിച്ചു. വാക്കാൽ ഭീഷണിപ്പെടുത്തി എന്നതിനപ്പുറം പ്രതികൾ എന്തെങ്കിലും കൃത്യത്തിൽ ഏർപ്പെട്ടോ എന്നും കോടതി ചോദിച്ചു. എന്നാൽ ശബ്ദരേഖയുടെ വിശദാംശങ്ങൾ മാത്രമല്ല മറ്റ് തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സമർപ്പിച്ച പുതിയ തെളിവുകൾ കോടതി പരിശോധിച്ചു. എന്നാൽ ഉച്ചകഴിഞ്ഞു വാദം തുടർന്നപ്പോൾ അസ്വസ്ഥപ്പെടുത്തുന്ന വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കലുണ്ടെന്ന് നിരീക്ഷിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു.

ശാപവാക്കുകൾ പറയുന്നത് ക്രിമിനൽ കുറ്റമാകില്ലെന്നാണ് ദിലീപ് വാദിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാർ കെട്ടിയിറക്കിയ സാക്ഷിയാണെന്നും എന്തും പറയാനായി നടക്കുന്ന വ്യക്തിയാണെന്നും നടന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ പിന്നീട് അന്വേഷണവുമായി താൻ സഹകരിക്കാം എന്ന് ദിലീപ് കോടതിയിൽ ബോധിപ്പിച്ചു. ദിവസവും രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറുമണിവരെ ചോദ്യം ചെയ്യാൻ ഹാജരാകാമെന്നും ദിലീപ് ഉപാധി വെച്ചു.

പലതവണ മാറ്റിവെച്ച ഹരജിയിൽ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഹൈക്കോടതി ശനിയാഴ്ച്ച വാദം കേട്ടത്. വിശദമായ വാദം കേൾക്കാൻ സമയം വേണമെന്നു വിലയിരുത്തിയ ജസ്റ്റിസ് പി.ഗോപിനാഥ് ഓൺലൈൻ സിറ്റിങ് ഒഴിവാക്കി കോടതിമുറിയിൽ നേരിട്ടു വാദം കേൾക്കാനായി മാറ്റിയത്.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകൾക്ക് ശേഷം രജിസ്റ്റർ ചെയ്ത കേസാണ് ഇത്. വിശദമായ വാദം കേൾക്കാൻ സമയം വേണമെന്നു വിലയിരുത്തിയ ജസ്റ്റിസ് പി.ഗോപിനാഥ് ഓൺലൈൻ സിറ്റിങ് ഒഴിവാക്കി കോടതിമുറിയിൽ നേരിട്ടു വാദം കേൾക്കാനായി മാറ്റുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടു എന്ന് സൂചിപ്പിക്കുന്ന ശബ്ദസന്ദേശങ്ങളായിരുന്നു ബാലചന്ദ്രകുമാർ പുറത്ത് വിട്ടത്.

നടൻ വലിയ സ്വാധീനമുള്ള ആളാണെന്നും ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും എന്നുമാണ് സർക്കാർ വാദിച്ചത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെയും ബൈജു കെ പൗലോസിന്റെയും മൊഴി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

ഇതിനിടെ നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റംവരുത്തി ദിലീപിനെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റം കൂടി അന്വേഷണ സംഘം ചുമത്തി. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദീലിപ് പദ്ധതിയിട്ടു എന്നതായിരുന്നു ഐപിസി 120 ബി പ്രകാരമുള്ള നിലവിലെ കേസ്. എന്നാൽ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടനെതിരെ കൊലപാതക ഗൂഢാലോചന വകുപ്പ് കൂടി ചേർക്കാൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ചു.

ദിലീപിന്റെയും അജ്ഞാതനായ ഒരു വിഐപിയുടെയും സംഭാഷണം എന്ന തരത്തിലാണ് ശബ്ദരേഖ പുറത്തുവന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും ശബ്ദരേഖയിൽ സംസാരിക്കുണ്ട്. ‘ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരും’ എന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്നതും എല്ലാവരും പൊട്ടിച്ചിരിക്കുന്നതും ശബ്‌ദരേഖയിലുണ്ട്.

ശബ്ദരേഖ ഇങ്ങനെ:

ദിലീപ്: അഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ നിങ്ങള്‍ കണ്ടോ അനുഭവിക്കാന്‍ പോവുന്നത്

വിഐപി: കോപ്പന്‍മാര്‍ ഒക്കെ ഇറങ്ങിയാല്‍ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തുള്ളൂ

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ്: ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരും.

ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത്, ബൈജു ചെങ്ങമനാട് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ബൈജു കെ പൗലോസ് നൽകിയ പരാതിയിലിയാണ് ക്രൈം ബ്രാഞ്ച് നടനെതിരെ കേസെടുത്തത്.

തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ പൊലീസ് കെട്ടിച്ചമച്ച കേസാണ് ഇതെന്നാണ് ദിലീപ് വാദിക്കുന്നത്.