ദിലീപിനെ ചോദ്യം ചെയ്യുന്നു; ഇനി മൂന്ന് ദിവസം ക്രൈം ബ്രാഞ്ചിന് മുന്നിൽ

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തി എന്ന കേസിൽ നടൻ ദിലീപിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ഹൈക്കോടതി നിർദേശപ്രകാരം ഞായറാഴ്‌ച രാവിലെ ഒൻപതോടെ നടൻ ചോദ്യം ചെയ്യലിനായി ഹാജരായത്. ഞായറാഴ്ച്ച മുതൽ മൂന്ന് ദിവസത്തേക്ക് രാവിലെ ഒൻപത് മുതൽ രാത്രി എട്ടുവരെ നടനെ പൊലീസിന് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി ശനിയാഴ്ച്ച ഇടക്കാല ഉത്തരവിറക്കിയിരുന്നു.

ആദ്യം ദിലീപിനെയും മറ്റുപ്രതികളെയും വെവ്വേറെ ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. നടപടിക്രമങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ക്യാമറയിൽ പകർത്തുന്നുണ്ട്.

ശനിയാഴ്ച പ്രത്യേക സിറ്റിംഗ് നടത്തി നടന്റെ മുൻ‌കൂർ ജാമ്യ ഹരജിജിയും പുതിയ തെളിവുകളും പരിഗണിച്ച ശേഷമാണ് നടനെ ചോദ്യം ചെയ്യാൻ അനുവദിച്ചുകൊണ്ട് ജസ്റ്റിസ് പി.ഗോപിനാഥ് ഉത്തരവിറക്കിയത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധു അപ്പു, സുഹൃത്ത്, ബൈജു ചെങ്ങമനാട് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

ചോദ്യം ചെയ്യലിന് ശേഷം അന്വേഷണ പുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ വ്യാഴാഴ്ച കോടതിയിൽ സമർപ്പിക്കണം. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്നും അറസ്റ്റ് പാടില്ലെന്നും ഇടക്കാല ഉത്തരവിൽ നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണ പുരോഗതി റിപ്പോർട്ട് കൂടി പരിഗണിച്ച് ഈ മാസം 27ന് ജാമ്യഹരജിയിൽ ഹൈക്കോടതി തുടർവാദം കേൾക്കും.

വിശദമായ വാദപ്രതിവാദങ്ങളാണ് ശനിയാഴ്ച്ച കോടതിയിൽ നടന്നത്. നടന് മുൻ‌കൂർ ജാമ്യം നൽകിയാൽ പിന്നെ കേസന്വേഷണത്തിൽ കാര്യമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഒരാളെ കൊല്ലും എന്ന് വെറുതെ വാക്കാൽ പറഞ്ഞാൽ ക്രിമിനൽ ഗൂഡാലോചനയാകില്ല എന്ന് കോടതി വാദം തുടങ്ങിയപ്പോൾ നിരീക്ഷിച്ചു. വാക്കാൽ ഭീഷണിപ്പെടുത്തി എന്നതിനപ്പുറം പ്രതികൾ എന്തെങ്കിലും കൃത്യത്തിൽ ഏർപ്പെട്ടോ എന്നും കോടതി ചോദിച്ചു. എന്നാൽ ശബ്ദരേഖയുടെ വിശദാംശങ്ങൾ മാത്രമല്ല മറ്റ് തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സമർപ്പിച്ച പുതിയ തെളിവുകൾ കോടതി പരിശോധിച്ചു.

ഉച്ചകഴിഞ്ഞു വാദം തുടർന്നപ്പോൾ അസ്വസ്ഥപ്പെടുത്തുന്ന വിശദാംശങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരുടെ പക്കലുണ്ടെന്ന് നിരീക്ഷിച്ചു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം സംരക്ഷിക്കപ്പെടണം എന്നാണ് വാദത്തിനിടെ ഹൈക്കോടതി നിലപാടെടുത്തത്. പ്രതികളെ അഞ്ചുദിവസം കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം കോടതി പരിഗണിച്ചിരുന്നില്ല.

വധഭീഷണിയല്ല ശാപവാക്കുകൾ പറയുക മാത്രമാണ് ചെയ്‌തത്‌ എന്നാണ് ദിലീപിന്റെ വാദം.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകൾക്ക് ശേഷം രജിസ്റ്റർ ചെയ്ത കേസാണ് ഇത്. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടു എന്ന് സൂചിപ്പിക്കുന്ന ശബ്ദസന്ദേശങ്ങളായിരുന്നു ബാലചന്ദ്രകുമാർ പുറത്ത് വിട്ടത്.

നടനെതിരെ നേരത്തെ ചുമത്തിയ വകുപ്പുകളിൽ മാറ്റംവരുത്തി ദിലീപിനെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റം കൂടി അന്വേഷണ സംഘം ചുമത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദീലിപ് പദ്ധതിയിട്ടു എന്നതായിരുന്നു ഐപിസി 120 ബി പ്രകാരമുള്ള നിലവിലെ കേസ്. എന്നാൽ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടനെതിരെ കൊലപാതക ഗൂഢാലോചന വകുപ്പ് കൂടി ചേർക്കാൻ അന്വേഷണ സംഘം തീരുമാനിക്കുകയായിരുന്നു.