‘തിരക്കഥ കലൂര്‍ ഡെന്നീസ് എഴുതിയാല്‍ ശരിയാകില്ലെന്ന് ദിലീപ് പറഞ്ഞു’; താരത്തിന്റെ ആജ്ഞാനുവര്‍ത്തി ആകുന്നതിലും നല്ലത് സിനിമ ചെയ്യാതിരിക്കലാണെന്ന് വിനയന്‍

അന്തരിച്ച തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസ് ‘നിറഭേദങ്ങള്‍’ എന്ന പേരില്‍ മാധ്യമം ആഴ്ച്ചപ്പതിപ്പിലെഴുതുന്ന ആത്മകഥ ശ്രദ്ധേയമായിരുന്നു. ആത്മകഥാ പരമ്പരയിലൊരിടത്ത് നടന്‍ ദിലീപ് തന്നെ ഒരു സിനിമയില്‍ നിന്നൊഴിവാക്കാന്‍ സംവിധായകന്‍ വിനയനോട് ആവശ്യപ്പെട്ടതിനേക്കുറിച്ച് കലൂര്‍ ഡെന്നീസ് വെളിപ്പെടുത്തി. ജയസൂര്യയേയും കാവ്യ മാധവനേയും പ്രധാന കഥാപാത്രങ്ങളാക്കി 2002ല്‍ പുറത്തിറങ്ങി സൂപ്പര്‍ ഹിറ്റായ ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു കലൂര്‍ ഡെന്നീസ്. എന്നാല്‍ ചിത്രത്തിന്റെ ആദ്യ വട്ട ആലോചനകളില്‍ നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത് ദിലീപിനെയായിരുന്നു. തന്നെ മാറ്റണമെന്ന് ആവശ്യപ്പെട്ട ദിലീപിനെ മാറ്റി വിനയന്‍ ജയസൂര്യയെ നായകനാക്കിയെന്നും കലൂര്‍ ഡെന്നീസ് എഴുതി. വിഷയം ചര്‍ച്ചയായതോടെ പ്രതികരണവുമായെത്തിയിരിക്കുകയാണ് വിനയന്‍.

നല്ല കഥയാണന്നും പക്ഷേ തിരക്കഥ കലൂര്‍ ഡെന്നീസെഴുതിയാല്‍ ശരിയാകില്ലെന്നും ദീലിപ് എന്റെ വീട്ടില്‍ വന്ന് പറഞ്ഞു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ജയറാമിനും ഒക്കെ വേണ്ടി ധാരാളം ഹിറ്റ് സിനിമകളുടെ തിരക്കഥ രചിച്ച ആളാണന്നും ഞാന്‍ വാക്കു കൊടുത്തു പോയി എന്നു പറഞ്ഞിട്ടും ദിലീപ് നിര്‍ബന്ധം തുടര്‍ന്നു.

വിനയന്‍

പക്ഷേ ഡെന്നീസു ചേട്ടന്റെ പങ്കാളിത്തം ഉണ്ടായാല്‍ ആ സിനിമ ഓടില്ല എന്ന ഒറ്റ പിടിവാശിയില്‍ ദിലീപ് നിന്നു. അതിനു കാരണമായി ചൂണ്ടിക്കാണിച്ചത് ആ സമയത്തെ അദ്ദേഹം എഴുതിയ ചില സിനിമകളുടെ പരാജയമാണ്. ചില സിനിമകളുടെ പരാജയം വച്ച് മൊത്തത്തില്‍ വിലയിരുത്തരുതെന്നും. ‘അങ്ങനെയെങ്കില്‍ ദിലീപ് അഭിനയിക്കുന്ന വേറെ ചില ചിത്രങ്ങള്‍ പരാജയപ്പെടുന്നില്ലേ?’ എന്നും ഞാന്‍ ചോദിച്ചു. മാത്രമല്ല. ‘എന്റെ ഈ സബ്ജക്ട് തിരക്കഥയാക്കുമ്പോള്‍ ഞാന്‍ പുര്‍ണ്ണമായും കൂടെയുണ്ടാകും’ എന്നു പറഞ്ഞിട്ടും ദിലീപ് തന്റെ തീരുമാനത്തില്‍ നിന്നു മാറുന്നില്ല എന്നു മനസ്സിലാക്കിയ ഞാന്‍ തെല്ലൊന്നാലോചിച്ച ശേഷം പറഞ്ഞു.

‘ദിലീപേ.. ഇതെന്റെ സിനിമയാണ്. ഇതു വിജയിക്കേണ്ടത് ദിലീപിനേക്കാള്‍ കൂടുതല്‍ എന്റെ ആവശ്യമാണ്. പക്ഷേ അതിനായി ഒരാളോടു പറഞ്ഞ വാക്കു മാറ്റാനോ? എടുത്ത നിലപാടില്‍ നിന്ന് ഒളിച്ചോടാനോ എനിക്കു പറ്റില്ല. എന്നു മാത്രമല്ല നിര്‍മ്മാതാവു കഴിഞ്ഞാല്‍ സിനിമയുടെ ക്യാപ്റ്റന്‍ സംവിധായകനാണന്ന് വിശ്വസിക്കുന്ന ആളാണു ഞാന്‍. തിരക്കഥാകൃത്തിനെയും, ക്യാമറാമാനെയും, നായികയേയും ഒക്കെ തീരുമാനിക്കുന്നത് സംവിധായകന്റെ ചുമതലയാണ്. അല്ലാതെ നടന്റെ അല്ല. അതുകൊണ്ട് നമുക്കൊരു കാര്യം ചെയ്യാം. ഏതായാലും ഡെന്നിസു ചേട്ടനെ മാറ്റുക എന്ന ദിലീപിന്റെ ആവശ്യം ഈ സിനിമയില്‍ നടക്കില്ല. പിന്നെ ഒരു പോംവഴിയേ ഉള്ളു. വളരെ വിഷമത്തോടെ ആണങ്കിലും പറയട്ടേ. തല്‍ക്കാലം ദിലീപ് ഈ സിനിമയില്‍ നിന്നു മാറുക. നമുക്ക് അടുത്ത സിനിമ ചെയ്യാം.’

ദിലീപ് പൊട്ടിച്ചിരിച്ചു. ‘പിന്നെ വിനയേട്ടന്‍ ആരെ വച്ചു ചെയ്യും.’ ദിലീപിന്റെ ആ ചോദ്യം പ്രസക്തമായിരുന്നു. കാരണം ഹ്യൂമറും സെന്റിമെന്‍സും നിറഞ്ഞ ആ ഊമയുടെ വേഷത്തിന് ദിലീപ് കഴിഞ്ഞേ അന്നാരുമുണ്ടായിരുന്നൊള്ളു. മാത്രമല്ല പഞ്ചാബി ഹൗസും, ഈ പറക്കും തളികയും, ഇഷ്ടവും ഒക്കെ തകര്‍ത്തോടിയ സമയം. പക്ഷേ ഒരു ഫിലിം മേക്കറുടെ വ്യക്തിത്വം ബലികഴിച്ചു കൊണ്ട് താരത്തിന്റെ ആജ്ഞാനുവര്‍ത്തി ആകുന്നതിലും നല്ലത് സിനിമ ചെയ്യാതിരിക്കുന്നതല്ലേ എന്നു ഞാന്‍ ചിന്തിച്ചു. പിള്ളച്ചേട്ടനോട് ദിലീപിനു കൊടുത്ത അഡ്വാന്‍സ് തുക തിരിച്ചു വാങ്ങിക്കോളാന്‍ പറഞ്ഞു. അദ്ദേഹം ആ തുക തിരിച്ചു വാങ്ങി. അതിന്റെ തൊട്ടടുത്ത ദിവസം എസിവിയില്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന വെളുത്തു കൊലുന്നനെയുള്ള ഒരു പയ്യനെ കാണുന്നു. (അന്ന് അഞ്ചാം ക്ലാസ്സില്‍ പഠിച്ചിരുന്ന എന്റെ മകന്‍ വിഷ്ണുവാണ് അതിനു കാരണമായത്) എന്റെ കഥാപാത്രമായി ഇയാളെ മാറ്റിയാലോ എന്നു ചിന്തിച്ചു. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് രാജന്‍ ഫിലിപ്പിനെ വിട്ട് തൃപ്പൂണിത്തുറയില്‍ നിന്നും അയാളെ വിളിപ്പിക്കുന്നു. അങ്ങനെ ജയസൂര്യ തന്റെ മുന്നിലെത്തിയെന്നും വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.