നാലാം ഫോൺ ഹൈക്കോടതിയിൽ ഹാജരാക്കാതെ ദിലീപ്; ക്രൈം ബ്രാഞ്ച് ആവശ്യം തള്ളി നടൻ

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ പദ്ധതിയിട്ടുവെന്ന കേസ്സിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ട നാലാമത്തെ മൊബൈൽ ഫോൺ ഹൈക്കോടതിയിൽ ഹാജരാക്കാതെ നടൻ ദിലീപ്. ദിലീപിന്റെ മറ്റ് മൂന്ന് ഫോണുകളും കൂട്ടുപ്രതികളുടെ മൂന്ന് ഫോണുകളും ഹൈക്കോടതി രജിസ്ട്രാർ ജനറലിന് മുൻപാകെ ഹാജരാക്കി. ദിലീപ് നാല് ഫോണുകൾ ഉപയോഗിച്ചിരുന്നുവെന്നും നാലാമത്തെ ഫോൺ നിർണായകമാണെന്നുമാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഫോണുകൾ കൈമാറാൻ പ്രതിക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു.

ദിലീപ് ഉപയോഗിച്ചിരുന്ന നാലാമത്തെ ഫോണിന്റെ ഐഎംഇഐ നമ്പർ ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. 2021ൽ വാങ്ങിയ ഈ ഐ ഫോൺ 13 പ്രോയിൽ അതിപ്രധാന വിവരങ്ങൾ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഈ ഫോണിൽ നിന്നും ആറ് കോളുകൾ മാത്രമാണ് പുറത്തേക്ക് പോയത് എന്നതും ദുരൂഹത വർധിപ്പിക്കുന്നു എന്നാണ് അന്വേഷണ സംഘം അഭിപ്രായപ്പെടുന്നത്. നാലാമത്തെ ഫോണിൽ ദിലീപിന്റെ പേരിലുള്ള സിം ഉപയോഗിച്ചിരുന്നു. നടന്റെ ഡ്രൈവറാണ് ഇത് കൈവശം വെച്ചിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്. മറ്റു ഫോണുകളിലെ വിവരങ്ങൾ നാലാം ഫോണിലേക്ക് മാറ്റിയേക്കാമെന്ന സാധ്യതയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഈ ഫോൺ കണ്ടെത്തുന്നതിന് മാത്രമായി പ്രത്യേക അന്വേഷണ സംഘത്തെയും പൊലീസ് നിയോഗിച്ചിട്ടുണ്ട്.

തനിക്ക് മൂന്ന് ഫോൺ മാത്രമേ ഉള്ളു, നാലാമത്തെ ഫോണിനെക്കുറിച്ച് അറിയില്ല എന്നുമാണ് ദിലീപ് ശനിയാഴ്ച്ച കോടതിയിൽ വാദിച്ചത്. തന്റെ ഫോണുകളിൽ സ്വകാര്യ വിവരങ്ങൾ ഉണ്ടെന്നും അതിനാൽ അന്വേഷണത്തിന് നൽകാൻ കഴിയില്ലെന്നുമാണ് നടൻ കോടതിയിൽ വാദിച്ചത്. എന്നാൽ ദിലീപിന്റെ വാദങ്ങൾ തള്ളി മുഴുവൻ ഫോണുകളും കോടതി മുൻപാകെ ഹാജരാക്കാൻ ജസ്റ്റിസ് സോമനാഥ് ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതോടെയാണ് തിങ്കളാഴ്ച്ച രാവിലെ ഫോണുകൾ സമർപ്പിച്ചത്.

തിങ്കളാഴ്ച്ച ഉച്ചക്ക് നടന്റെ മുൻ‌കൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. നാലാമത്തെ ഫോൺ കൈമാറാത്തത് ചൂണ്ടിക്കാട്ടി നടന് കുരുക്കിടാനാണ് അന്വേഷണ സംഘം പദ്ധതിയിടുന്നത്. കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ഫോറൻസിക് പരിശോധനക്ക് വിടുന്ന കാര്യത്തിലും ഇന്ന് തീരുമാനം ഉണ്ടാകും.

ഫോണുകൾ കൈമാറാതിരിക്കാൻ ശക്തമായ വാദമായിരുന്നു ദിലീപ് മുന്നോട്ടുവെച്ചത്. ഫോണുകളിൽ സ്വകാര്യ വിവരങ്ങളും സാമ്പത്തിക രേഖകളും ഉണ്ട്. അന്വേഷണ ഉദ്യോഗസ്ഥർ അത് ദുരുപയോഗം ചെയ്യും, അതിനാൽ അത് കൈമാറാൻ കഴിയില്ല എന്നാണ് ദിലീപ് വാദിച്ചത്. സംവിധായകൻ ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങൾ വീണ്ടെടുക്കാൻ ഫോണുകൾ താൻ തന്നെ മുംബൈയിൽ ഫോറൻസിക് പരിശോധനക്ക് നൽകിയിരിക്കുകയാണെന്നും നടൻ പറഞ്ഞു.

എന്നാൽ കോടതി ഈ വാദങ്ങൾ അംഗീകരിച്ചില്ല. ഫോൺ ആര് പരിശോധിക്കണം എന്ന് തീരുമാനിക്കേണ്ടത് ദിലീപല്ല എന്നും തെളിവുകൾ ഹാജരാകാനുള്ള ബാധ്യത നടനുണ്ടെന്നും അത് ചെയ്യാതിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റാരോപിതർ മൊബൈൽ ഫോണുകൾ അന്വേഷണത്തിനായി ഹാജരാക്കണം എന്ന സുപ്രീം കോടതി ഉത്തരവുകൾ ചൂടിക്കാട്ടിയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.

തിങ്കളാഴ്ച രാവിലെ ഹാജരാക്കണം എന്ന് കോടതി നിർദേശിച്ചപ്പോൾ മുംബൈയിൽ നിന്നും എത്തിക്കാൻ താമസുള്ളതിനാൽ ചൊവ്വാഴ്ച്ച ഹാജരാക്കാം എന്ന് നടൻ പറഞ്ഞു. ഈ ആവശ്യവും ജസ്റ്റിസ് പി ഗോപിനാഥ് ചെവിക്കൊണ്ടിരുന്നില്ല.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകളോടെയാണ് നടനെതിരെ വധ ഗൂഢാലോചനാ കേസ് രജിസ്റ്റർ ചെയ്‌തത്‌. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ ഉൾപ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടു എന്ന് സൂചിപ്പിക്കുന്ന ശബ്ദസന്ദേശങ്ങളായിരുന്നു ബാലചന്ദ്രകുമാർ പുറത്ത് വിട്ടത്.