കുട്ടിത്തം മാറും മുമ്പേ മാനേജിങ് എഡിറ്റര്‍ പദവി; ഡിങ്കന്റെ ബാലമംഗളത്തിന് 40 വയസ്

ജനപ്രിയ ബാലസാഹിത്യ വാരികയായ ബാലമംഗളത്തിന് 40 വയസ് തികയവെ ഓര്‍മ്മകള്‍ പങ്കുവെച്ച് മംഗളം എഡിറ്റര്‍ ഇന്‍ ചീഫ് സാബു വര്‍ഗീസ്. മംഗളം വാരികയ്ക്ക് ലഭിച്ച സ്വീകാര്യതയാണ് 1981 ജൂണ്‍ ഒന്ന് മുതല്‍ ബാലമംഗളം പ്രസിദ്ധീകരിച്ചുതുടങ്ങാന്‍ പിതാവ് എം സി വര്‍ഗീസിന് പ്രചോദനമായതെന്ന് സാബു വര്‍ഗീസ് പറഞ്ഞു. കേവലം 18 ആം വയസില്‍ അദ്ദേഹം എന്നെ ബാലമംഗളത്തിന്റെ മാനേജിങ് എഡിറ്റര്‍ പദവിയിലേക്ക് കൈ പിടിച്ചു കയറ്റി. അന്ന് പ്രസിദ്ധ നോവലിസ്റ്റ് ഏറ്റുമാനൂര്‍ ശിവകുമാര്‍ ആയിരുന്നു എഡിറ്റര്‍. അവിടെ നിന്നങ്ങോട്ട് സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ പടവുകളില്‍ ഒപ്പം നില്‍ക്കാന്‍ സാധിച്ചെന്നും സാബു വര്‍ഗീസ് പറഞ്ഞു.

ഞാന്‍ മംഗളത്തില്‍ ഒരു ഔദ്യോഗിക പദവിയില്‍ എത്തിയിട്ട് ഈ ജൂണ്‍ മാസത്തില്‍ 40 വയസ് തികയുന്നു.

സാബു വര്‍ഗീസ്

ബാലമംഗളം ആദ്യ ലക്കം എഡിറ്റോറിയല്‍ പേജിന്റെ ചിത്രവും സാബു വര്‍ഗീസ് ഫേസ്ബുക്ക് കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ‘മറ്റനേകം ബാലപ്രസിദ്ധീകരണങ്ങള്‍ ഉണ്ടെങ്കില്‍ പോലും ബാലമംഗളം അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു രീതി അവലംബിക്കുന്നതാണ്. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കണം.’ എന്നും എഡിറ്റോറിയലിലുണ്ട്. 40 വര്‍ഷത്തിന് മുന്‍പിറങ്ങിയ ബാലമംഗളം ആദ്യ ലംഘത്തിന്റെ വില ഒന്നര രൂപയാണ്.

സാബു വര്‍ഗീസിന്റെ കുറിപ്പ്

“ഔദ്യോഗിക പദവിയില്‍ 40 വര്‍ഷം

മംഗളം വാരിക കേരളീയ വായനാ സമൂഹത്തിലെ നിറസാന്നിധ്യമായിരുന്ന കാലം. ആ വിജയം നല്‍കിയ പ്രചോദനം ആവാം 1981 ജൂണ്‍ 1 ന് എന്റെ പിതാവ് ശ്രീ. എം സി വര്‍ഗീസ് ബാലമംഗളം എന്ന പേരില്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണം ആരംഭിക്കുന്നത്. അങ്ങനെ കേവലം 18 ആം വയസില്‍ അദ്ദേഹം എന്നെ ബാലമംഗളത്തിന്റെ മാനേജിങ് എഡിറ്റര്‍ പദവിയിലേക്ക് കൈ പിടിച്ചു കയറ്റി. അന്ന് പ്രസിദ്ധ നോവലിസ്റ്റ് ഏറ്റുമാനൂര്‍ ശിവകുമാര്‍ ആയിരുന്നു എഡിറ്റര്‍.

അവിടെ നിന്നങ്ങോട്ട് സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ പടവുകളില്‍ ഒപ്പം നില്‍ക്കാന്‍ സാധിച്ചു. കന്നട മംഗള, ബാല മംഗള, ഗിളി വണ്ടു, കന്യക, മംഗളം ദിനപത്രം, മംഗളം ഓണ്‍ലൈന്‍, ആരോഗ്യ മംഗളം, ജ്യോതിഷ ഭൂഷണം, സിനിമാ മംഗളം…എന്നിങ്ങനെ വ്യത്യസ്ത സ്വഭാവമുള്ള പ്രസിദ്ധീകരണങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഭാഗ ഭാക്കായി. പിന്നീട് ചീഫ് എഡിറ്ററും ചെയര്‍ മാനുമായി. ഞാന്‍ മംഗളത്തില്‍ ഒരു ഔദ്യോഗിക പദവിയില്‍ എത്തിയിട്ട് ഈ ജൂണ്‍ മാസത്തില്‍ 40 വയസ് തികയുന്നു. ഇത്തരം ഒരു അവസരം നല്‍കിയ ജഗദീശ്വരനും പിതാവിനും, എല്ലാക്കാലത്തും എനിക്കൊപ്പം നിന്ന സഹപ്രവര്‍ത്തകര്‍ക്കും ഏജന്റുമാര്‍ക്കും പരസ്യ ദാതാകള്‍ക്കും സര്‍വോപരി വായനക്കാര്‍ക്കും എന്റെ ഹൃദയം ഗമമായ നന്ദി. നിങ്ങളായിരുന്നു എക്കാലവും മംഗളത്തിന്റെ ശക്തി. ആ കൂട്ടായ്മയില്‍ ചെറുതെങ്കിലും സുപ്രധാനമായ ഒരു പങ്ക് വഹിക്കാന്‍ കഴിഞ്ഞു എന്നത് കൃതാര്‍ത്ഥതയോടെ ഓര്‍ക്കുന്നു. ബാലമംഗളം ആദ്യ ലക്കത്തിന്റെ എഡിറ്റോറിയല്‍ ഇതോടൊപ്പം.