റവന്യൂ മന്ത്രി കെ രാജനെ അഭിനന്ദിച്ച് സംവിധായകന് രഞ്ജിത്ത് ശങ്കര്‍. ഔദ്യോഗിക വസതി 23 ലക്ഷം രൂപ ചെലവിട്ട് മോടി പിടിപ്പിക്കേണ്ട ആവശ്യമില്ലെന്ന് കെ രാജന്റെ നിലപാടിനാണ് രഞ്ജിത്ത് ശങ്കറിന്റെ കയ്യടി.
മികച്ച ഒരു തുടക്കം, മറ്റുള്ളവരും അനുകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും മന്ത്രി മന്ദിരങ്ങള്‍ നവീകരിക്കുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ? മുന്‍ മന്ത്രിമാര്‍ വസതികള്‍ അത്ര മോശം അവസ്ഥയിലാക്കി പോയെന്നാണോ അതിന്റെ അര്‍ത്ഥം?
രഞ്ജിത് ശങ്കര്‍
കന്റോണ്‍മെന്റ് ഹൗസ് വളപ്പിലുള്ള ഗ്രേസ് കോട്ടേജ് നവീകരിക്കാന്‍ ടൂറിസം വകുപ്പ് തയ്യാറാക്കിയ ടെന്‍ഡര്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വെട്ടിക്കുറിച്ചു. പൊതുമരാമത്ത് ബില്‍ഡിങ്ങ്സ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റിലാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മാറ്റം വരുത്തിയത്.
പൈപ്പുകളുടേയും ഇലക്ട്രിക്കല്‍ ലൈനുകളുടേയും അത്യാവശ്യ ജോലികള്‍ മാത്രം തീര്‍ത്താല്‍ മതിയെന്ന് മന്ത്രി ടൂറിസം വകുപ്പിനെ അറിയിച്ചു. ഇതോടെ 23 ലക്ഷത്തിന്റെ നവീകരണം ഒറ്റയടിക്ക് 15,000ല്‍ ഒതുങ്ങി. അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതിനാല്‍ കെ രാജന് എംഎല്‍എ ഹോസ്റ്റല്‍ മുറിയിലാണ് ഇപ്പോള്‍ താമസം.
പുതിയ സര്‍ക്കാരുകള്‍ വരുമ്പോള്‍ മന്ത്രിമാരുടെ ഔദ്യോഗിക വസതികള്‍ നവീകരിക്കുന്നത് പതിവാണ്. മന്ത്രിമാരുടെ നിര്‍ദ്ദേശത്തിന് അനുസരിച്ച് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ നല്‍കും. അടിയന്തരമായി പൂര്‍ത്തിയാക്കേണ്ട ജോലികളായതിനാല്‍ ടെന്‍ഡര്‍ വിളിക്കാതെ സര്‍ക്കാരിന്റെ അക്രഡിറ്റഡ് കരാറുകാര്‍ക്ക് നിര്‍മ്മാണച്ചുമതല കൈമാറുന്ന പതിവുണ്ട്. ഇത്തരം മോടിപിടിപ്പിക്കലുകള്‍ പല തവണ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പില്‍ 98 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണി നടത്തുന്നത് വാര്‍ത്തയായിരുന്നു. ക്ലിഫ് ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍, ഡ്രൈവര്‍മാര്‍, ഗണ്മാന്, ഗാര്‍ഹിക ജീവനക്കാര്‍ എന്നിവര്‍ക്കുള്ള വിശ്രമമുറികളാണ് 98 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുന്നത്. ടെന്‍ഡറില്ലാതെ പൊതുമരാമത്ത് വകുപ്പ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്കാന് തീരുമാനിച്ചു. ഇതോടെ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തി. സംസ്ഥാനം പകര്ച്ചവ്യാധിയിലൂടേയും സാമ്പത്തിക പ്രതിസന്ധിയിലൂടേയും കടന്നുപോകുമ്പോള്‍ 98 ലക്ഷം രൂപ ചെലവിട്ടുള്ള നവീകരണം ധൂര്‍ത്ത് ആണെന്നാണ് വിമര്‍ശകരുടെ ആരോപണം.
വി എസ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിച്ചത് വിവാദമായതിനേത്തുടര്ന്ന്് മന്ത്രിമാരായിരുന്ന കോടിയേരി ബാലകൃഷ്ണനും സി ദിവാകരനും ഔദ്യോഗിക വസതികള്‍ ഉപേക്ഷിച്ച് സ്വന്തം വീടുകളിലേക്ക് മാറിയിരുന്നു. കോടിയേരി 17 ലക്ഷം രൂപയും സി ദിവാകരന് 11 ലക്ഷം രൂപയുമാണ് നവീകരണത്തിനായി ചെലവിട്ടത്. വേണ്ടതില്‍ കൂടുതല്‍ പണി ചെയ്തു എന്ന പേരില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയുണ്ടായി.