ചില കാര്യങ്ങള്‍ മണത്തറിഞ്ഞതുകൊണ്ട് മാത്രം ഞാന്‍ കൊല്ലപ്പെട്ടില്ല: സനല്‍ കുമാര്‍ ശശിധരന്‍

തനിക്കെതിരെ കൊലപാതക ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ചില കാര്യങ്ങള്‍ നേരത്തെ മണത്തറിഞ്ഞതുകൊണ്ട് മാത്രമാണ് താന്‍ കൊല്ലപ്പെടാതിരുന്നത് എന്നും ഇക്കാര്യത്തിലെ വസ്തുത നേരിട്ടറിയാവുന്നവര്‍ അതൊന്നും വെളിപ്പെടുത്താന്‍ മുന്നോട്ട് വരാത്തതില്‍ ഏറെ വേദനയുണ്ടെന്നും സനല്‍ കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

തന്റേയും തന്റെ കുടുംബത്തിന്റേയും ജീവന്‍ അപകടത്തിലാണെന്നും തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കാഴ്ച്ച ഫിലിം ഫോറം ഓഫീസില്‍ അന്വേഷണങ്ങള്‍ നടത്തണമെന്ന് സനല്‍ കുമാര്‍ നേരത്തേ പറഞ്ഞിരുന്നു. സനലും അംഗമായിരുന്ന കാഴ്ച്ച ഫിലിം ഫോറത്തിനെതിരെ ഗുരുതരമായ ആരോപണമാണ് സംവിധായകന്‍ ഉയര്‍ത്തിയിരുന്നത്. ഇക്കാര്യം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയും നല്‍കിയിരുന്നു.

സനല്‍ കുമാറിന്‌റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണരൂപം:

എന്റെ സിനിമകളെ ഒന്നടങ്കം കുഴിച്ചുമൂടാനുള്ള ശ്രമം നടക്കുന്നു എന്ന് ഞാന്‍ മുറവിളികൂട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ആദ്യമൊക്കെ അതൊരു തമാശയായിട്ടാണ് പലരും കരുതിയിരുന്നത്. ഇപ്പോള്‍ ചിലര്‍ക്കെങ്കിലും അതില്‍ വസ്തുതയുണ്ടെന്ന് മനസിലായിരിക്കുന്നു. അതിനു കാരണം ഒരു വലിയ അപകീര്‍ത്തി കഥയുണ്ടാക്കി എന്നെ കൊന്നുകളയുക എന്ന പ്ലോട്ട് ഇതുവരെയും പ്രാവര്‍ത്തികമാകാത്തതുകൊണ്ട് മാത്രമാണ്. ചിലകാര്യങ്ങള്‍ ഞാന്‍ മണത്തറിഞ്ഞതുകൊണ്ട് മാത്രം എനിക്ക് കൊല്ലപ്പെടാതിരിക്കാന്‍ കഴിഞ്ഞു.

സാമാന്യജനം ഞാന്‍ പറയുന്നത് ഗൗരവത്തോടെ കാണാത്തത് സ്വാഭാവികമാണ്. പക്ഷെ ഞാന്‍ പറയുന്നതിലെ വസ്തുതകള്‍ നേരിട്ടറിയാവുന്ന ധാരാളം പേര്‍ ഉണ്ട്. പലരെയും ഏറെ അടുപ്പത്തോടെ ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയവരാണ്. അവരൊന്നും ഞാന്‍ പറയുന്നതിലെ വസ്തുത വെളിപ്പെടുത്താന്‍ മുന്നോട്ട് വന്നില്ല എന്നതില്‍ സങ്കടം തോന്നിയിരുന്നു. ചിലപ്പോള്‍ അവരുടെ സ്വകാര്യതകള്‍ സംരക്ഷിക്കാന്‍ വേണ്ടി മൗനം പാലിക്കുന്നതാവും. പരസ്യമായി ആരും ഒന്നും പറഞ്ഞില്ലെങ്കിലും സാരമില്ല. പക്ഷെ കാര്യങ്ങള്‍ നേരിട്ടറിയാവുന്ന ആളുകള്‍ ആരും സ്വകാര്യമായിപ്പോലും ഞാന്‍ നേരിടുന്ന അപകടത്തെക്കുറിച്ച് എനിക്കൊരു സൂചന നല്‍കിയില്ല. അവരൊക്കെ സ്വന്തം മുഖവും സ്വകാര്യതയും സുരക്ഷിതമാക്കി ജീവിതം മുന്നോട്ട് കൊണ്ടുപോയി.

ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എല്ലാം ഒരു പാഠമാണെന്ന് മാത്രം തോന്നുന്നു. സ്‌നേഹം, സൗഹൃദം എല്ലാം വെറും ഉപകരണങ്ങള്‍ മാത്രമാണ്. മറ്റൊരാളില്‍ നിന്നും അവരവര്‍ക്ക് വേണ്ടത് അടര്‍ത്തിയെടുക്കാനുള്ള വെറും തന്ത്രം. നമ്മള്‍ നേരിടുന്ന പ്രശ്‌നത്തിന്റെ ആഴം കൂടുമ്പോള്‍ മാത്രമാണ് ആത്മാര്‍ത്ഥതയില്ലാത്തതാണ് എല്ലാ ബന്ധങ്ങളും എന്ന് മനസിലാകുന്നത്. ആര്‍ക്കും രക്ഷിക്കാനാകാത്ത ചുഴിയിലാണ് വീണുപോയതെങ്കില്‍ ഏറ്റവും അടുത്ത സുഹൃത്തുപോലും ഒന്ന് നിലവിളിച്ച് ആളെക്കൂട്ടാന്‍ പോലും മെനക്കെടാതെ സ്വന്തം കാര്യം നോക്കി സ്ഥലം കാലിയാക്കും. ചുഴിയില്‍ വീണയാള്‍ എങ്ങനെയെങ്കിലും നീന്തിക്കയറി വന്നാല്‍ സ്വന്തം മാളങ്ങളില്‍ നിന്നും ഇവരൊക്കെ തിരികെ വന്ന് അയാളെ നക്കിത്തോര്‍ത്താന്‍ കൂട്ടം കൂടുകയും ചെയ്യും. പലരുടെയും പ്രശ്‌നങ്ങളില്‍ സ്വയം മറന്ന് ഇടപെടുന്ന ദാസനെ ഒടുവില്‍ എല്ലാവരും ചേര്‍ന്ന് ഒറ്റുകൊടുക്കുന്ന കളി എന്റെകൂടി കഥയാവുന്നത് രസാവഹമായ കാഴ്ചയാണ്. ദാസന്‍ മരിച്ചില്ലായിരുന്നെങ്കില്‍ പില്‍ക്കാലജീവിതത്തില്‍ സൗഹൃദത്തെകുറിച്ചുള്ള അയാളുടെ കാഴ്ചപ്പാട് എന്തായിരിക്കുമെന്ന് ഞാന്‍ ഓര്‍ത്തുപോയി!