സത്യസന്ധനായ ഐഎഎസ് ഓഫീസര്‍ ശക്തനായ രാഷ്ട്രീയ നേതാവായി മാറുന്നു; ശങ്കര്‍-രാം ചരണ്‍ ചിത്രം ആരംഭിച്ചു

രാം ചരണ്‍ നായകനായെത്തുന്ന ശങ്കര്‍ ചിത്രം ഹൈദരാബാദില്‍ ആരംഭിച്ചു. പൂജ ചടങ്ങുകളോടെയാണ് ആരംഭിച്ചത്. ആര്‍സി 15 എന്ന് വിളിക്കപ്പെടുന്ന ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറാണ്.

രാം ചരണ്‍ ആദ്യമായാണ് ശങ്കറിനോടൊപ്പം കൈകോര്‍ക്കുന്നത്. ചിത്രം ആരംഭിച്ച വിവരം രാം ചരണ്‍ ട്വിറ്ററിലൂടെ അറിയിച്ചു.

സത്യസന്ധനായ ഒരു ഐഎഎസ് അഴിമതിക്കാരനായ മുഖ്യമന്ത്രിയോട് ഏറ്റുമുട്ടുന്നതും പിന്നീട് ശക്തനായ രാഷ്ട്രീയ നേതാവായ മാറുന്നതുമാണ് ചിത്രം പറയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാം ചരണ്‍ ഇരട്ട വേഷങ്ങളിലാണെത്തുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

രാം ചരണിനോടൊപ്പം നേരത്തെ വിനയ വിധേയ രാമ എന്ന ചിത്രത്തില്‍ അഭിനയിച്ച കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. അഞ്ജലി, സുനില്‍, നവീന്‍ ചന്ദ്ര, ജയറാം എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പൂജാ ചടങ്ങില്‍ ചിരജ്ഞീവി, രണ്‍വീണ്‍ സിങ്, എസ്.എസ് രാജമൗലി എന്നിവര്‍ പങ്കെടുത്തു. ദില്‍ രാജുവാണ് നിര്‍മ്മിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. എസ്.എസ് തമനാണ് സംഗീതം നിര്‍വഹിക്കുന്നത്.