‘സിനിമ നിര്‍മ്മിക്കാന്‍ പണം വാങ്ങി പറ്റിച്ചു’; സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസില്‍ സംവിധാനയകന്‍ ശ്രീകുമാര്‍ മേനോന്‍ അറസ്റ്റില്‍. ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് ഒരുകോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. പാലക്കാട്ടെ വീട്ടില്‍നിന്ന് രാത്രിയോടെയാണ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

സിനിമ നിര്‍മ്മിക്കാനായി ആലപ്പുഴ ശ്രീവത്സം ഗ്രൂപ്പില്‍നിന്ന് ശ്രൂകുമാര്‍ ഒരു കോടി രൂപ വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ഇക്കാര്യത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും ചോദിക്കുമ്പോള്‍ ശ്രീകുമാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു എന്നുമാണ് പരാതിക്കാര്‍ പറയുന്നത്. ഇതോടെയാണ് പരാതിയുമായി മുന്നോട്ടുപോയത്.

കേസില്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി ഇത് തള്ളി. അതോടെയാണ് അറസ്റ്റ്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് നിലവില്‍ ശ്രീകുമാര്‍. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ് എന്നാണ് വിവരം. ആലപ്പുഴ ഡിവൈഎസ്പി പൃഥ്വിരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

മോഹന്‍ലാല്‍ നായകനായ ഒടിയടന്‍ ആണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത അവസാന ചിത്രം. നേരത്തെ എംടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായിരുന്നു. കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിനെത്തുടര്‍ന്ന് എംടി തന്നെയായിരുന്നു കോടതിയെ സമീപിച്ചത്. തുടര്‍ന്ന് തിരക്കഥ തിരിച്ചുനല്‍കും എന്ന ഒത്തുതീര്‍പ്പില്‍ എത്തിച്ചേരുകയായിരുന്നു.