‘നിങ്ങൾ എത്ര നശിപ്പിക്കാൻ ശ്രമിച്ചാലും, സിനിമ നല്ലതെങ്കിൽ വിജയിക്കുക തന്നെ ചെയ്യും’; മോശം കമന്റിന് മറുപടിയുമായി വൈശാഖ്

മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കുന്ന ചിത്രം ‘മോൺസ്റ്റർ’ 21ാം തിയതി ദീപാവലി റിലീസ് ആയി തിയേറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ അവസാനഘട്ടം തകൃതിയായി നടക്കുകയാണ്. അതിനിടെ ചിത്രത്തെ കുറിച്ച് മോശം കമന്റുമായി എത്തിയ ഒരാൾക്ക് സംവിധായകൻ വൈശാഖ് നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.

‘സോംബി വരുന്നു, സോംബി ഇറങ്ങുന്നു’ എന്ന തരത്തിലാണ് ഒരാൾ വന്ന് കമന്റ് ചെയ്തത്. ഇതിനു വൈശാഖ് തന്നെ മറുപടി നൽകി.

‘എന്റെ പേജിൽ വന്ന് സോംബി എന്നെഴുതാൻ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ? ഇത് സോംബി പടമല്ലെന്നും, ഒരു സാധാരണ ത്രില്ലർ ആണെന്നും ഞാൻ ഇതിനു മുൻപും പലതവണ പറഞ്ഞതാണ്. പിന്നെ നിങ്ങൾ എത്ര ഓവർ ഹൈപ്പ് കൊടുത്ത് നശിപ്പിക്കാൻ ശ്രമിച്ചാലും, ഈ സിനിമ നല്ലതെങ്കിൽ, അത് ജനങ്ങൾക്കിഷ്‌ടപ്പെട്ടാൽ, പിന്നെയത് വിജയിക്കുക തന്നെ ചെയ്യും’, വൈശാഖ് കുറിച്ചു.

ചിത്രത്തിലെ എൽജിബിടിക്യു ഉള്ളടക്കത്തിന്റെ പേരിൽ നേരത്തെ ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ റീസെൻസറിങ്ങിലൂടെ 13 മിനുട്ട് ട്രിം ചെയ്ത പുതിയ വേർഷന് ബഹ്റൈൻ പ്രദർശനനാനുമതി നൽകി. യുഎഇയില്‍ ചിത്രത്തിന് ഇതുവരേയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ല.

ലക്ഷ്മി മാഞ്ചു, ലെന, ഹണി റോസ്, സുദേവ് നായര്‍, സിദ്ദിഖ്, ഗണേഷ് കുമാര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെയാണ് മോൺസ്റ്ററിൽ അണിനിരക്കുന്നത്. ചിത്രം ഒരു മിസ്റ്ററി ത്രില്ലർ ആണെന്നാണ് സൂചന.  ഉദയ് കൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലക്കി സിംഗ് എന്ന കഥാപാത്രത്തേയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുക