തിരുവള്ളുവറുടെ കാവി അഴിച്ചുമാറ്റി തമിഴ്‌നാട് സര്‍ക്കാര്‍; ആദ്ധാത്മിക കവി ഇനിയും വെള്ളപുതച്ചിരിക്കും

കോയമ്പത്തൂര്‍: തമിഴ്‌നാട് അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയിലെ കാവിയണിഞ്ഞ ആദ്ധാത്മിക കവി തിരുവള്ളുവറിന്റെ ചിത്രം എടുത്തുമാറ്റി ഡിഎംകെ മന്ത്രി. ശേഷം ‘അയ്യന്‍ തിരുവള്ളുവറുടെ’ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരമുള്ള വെള്ള പുതച്ചുള്ള ചിത്രം തല്‍സ്ഥാനത്ത് ക്രമീകരിക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. നീട്ടിവളര്‍ത്തിയ കറുത്ത താടിയും മുടിയും ഉള്ള തിരുവള്ളുവറുടെ പ്രസിദ്ധമായ ചിത്രമാണിത്.

കാവിയണിഞ്ഞ തിരുവള്ളുവറുടെ ഛായാചിത്രം തമിഴ്‌നാട്ടില്‍ പുതിയ കാഴ്ചയല്ല. നേരത്തെയും ആദ്ധാത്മിക കവിയെ കാവിയണിയിച്ചത് സംസ്ഥാനത്ത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എഐഎഡിഎംകെ സര്‍ക്കാരാണ് ഈ കാവിവല്‍ക്കരണത്തിന് പിന്തുണ നല്‍കിയതെന്നാണ് ചിത്രം എടുത്തുമാറ്റിയ ഡിഎംകെ മന്ത്രി എംആര്‍കെ പനീര്‍സെല്‍വം ആരോപിക്കുന്നത്. 2017നും 2018നും ഇടയിലാണ് ഈ പൊതുലൈബ്രറിയില്‍ കാവിയണിഞ്ഞ ചിത്രം ഇടംപിടിച്ചതെന്നും അദ്ദേഹം ട്വീറ്റില്‍ ചൂണ്ടിക്കാട്ടി.

Also Read: രാജീവ് ഗാന്ധി വധക്കേസ് പ്രതികള്‍ക്ക് ദീര്‍ഘകാല പരോള്‍ നല്‍കാന്‍ നീക്കം; നിര്‍ണായക തീരുമാനത്തിനൊരുങ്ങി സ്റ്റാലിന്‍ സര്‍ക്കാര്‍

നേരത്തെ എട്ടാംതരത്തിലെ ഹിന്ദി പാഠപുസ്തകത്തില്‍ കാവിയണിഞ്ഞും ഭസ്മം പൂശിയും തിരുവള്ളുവറെ ചിത്രീകരിച്ചത് വിവാദമായിരുന്നു. ബ്രാഹ്‌മണ സങ്കല്‍പത്തിലേതിന് സമാനമായ മുടിക്കെട്ടും രുദ്രാക്ഷവും തുരുവള്ളുവറുടെ ഈ ചിത്രത്തിലുണ്ടായിരുന്നു. സാധാരണ തൂവെള്ള വസ്ത്രത്തില്‍ മതപരമായ സൂചനകളൊന്നുമില്ലാതെയാണ് തിരുവള്ളുവറിന്റെ ചിത്രം വരയ്ക്കാറുള്ളത്. തമിഴ് എഴുത്തുകാരന്‍ ഉമ്മനത്ത് വിഴ്യാന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയതോടെ ചിത്രം വിവാദമാവുകയും പിന്നീട് നീക്കം ചെയ്യുകയുമായിരുന്നു. ‘എട്ടാംക്ലാസിലെ പാഠപുസ്തകത്തില്‍ തിരുവള്ളുവറിനെ ആര്യന്‍ പ്രച്ഛന്ന വേഷക്കാരനാക്കി. ബിജെപി സര്‍ക്കാരാണ് അതിന് അനുമതി നല്‍കിയത്, എഐഎഡിഎംകെ സര്‍ക്കാര്‍ അത് നോക്കിനിന്നു. തമിഴ് സംസ്‌കാരത്തില്‍ ആര്യന്‍ ജാലവിദ്യ കലര്‍ത്താന്‍ തമിഴ്‌നാട് സമ്മതിക്കില്ല. ഡിഎംകെ ക്ഷമയോടെ നോക്കിനിക്കില്ല. ഇതൊരു മുന്നറിയിപ്പാണ്’, എംകെ സ്റ്റാലിന്‍ വ്യക്തമാക്കി.