ചിന്മയിയെ മാനസിക രോഗിയെന്നും മനോനില ശരിയല്ലെന്നും ആക്ഷേപിച്ച് ഡോക്ടര്‍; മാപ്പ് പറച്ചില്‍

ഗായിക ചിന്മയി ശ്രീപദയിയെ അധിക്ഷേപിച്ച് യുവഡോക്ടര്‍. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമില്‍ നടന്ന പൊതുചര്‍ച്ചയിലാണ് ഡോക്ടര്‍ അരവിന്ദ് രാജ് ചിന്മയിക്കെതിരെ സംസാരിച്ചത്.

ഗായികയുടെ മനോനില ശരിയല്ല. അവര്‍ മനശാസ്ത്രജ്ഞന്റെ അടുത്ത് ചികിത്സ നേടിയിട്ടുണ്ട്. ചികിത്സയുടെ എല്ലാ റിപ്പോര്‍ട്ടുകളും തനിക്ക് അറിയാമെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ചിന്മയിയുടെ ഹോര്‍മോണ്‍ തോതിനെ കുറിച്ചും തനിക്ക അറിയാമെന്നും ഡോക്ടര്‍ വാദിച്ചു.

ഡോക്ടറുടെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പിന്നീട് പ്രചരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ചിന്മയി ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ്. തന്നെ ഒരു മാനസിക രോഗിയാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് ഡോക്ടര്‍ നടത്തിയതെന്ന് ചിന്മയി പറഞ്ഞു.

ഡോക്ടര്‍ അരവിന്ദ് രാജ് പറഞ്ഞതൊക്കെ അടിസ്ഥാന രഹിതമാണ്. ഒരു ഡോക്ടറുടെ ഭാഗത്ത് നിന്നും ഇത്തരം പൊള്ളയായ വാക്കുകള്‍ കേള്‍ക്കേണ്ടി വരുന്നതില്‍ കഷ്ടം തോന്നുന്നു.

അരവിന്ദിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ചിന്മയി പരാതി നല്‍കും. വിഷയത്തെ എങ്ങനെയാണ് നിയമപരമായി സമീപിക്കേണ്ടതെന്ന് അറിയാന്‍ എല്ലാവരും സഹായിക്കണമെന്ന് ചിന്മയി സമൂഹമാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥി. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഡോ. അരവിന്ദ് രാജ് ചിന്മയിയെ ഫോണില്‍ ബന്ധപ്പെട്ട് മാപ്പ് ചോദിച്ചു. എന്നാല്‍ പരാതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ചിന്മയിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.