‘ഉയര്‍ച്ചയ്ക്കിടെ ആരേയും ദ്രോഹിക്കരുത്, വീഴുമ്പോള്‍ അവര്‍ താഴെ കാത്തിരിക്കുന്നുണ്ടാകും’; ‘സിനിമാ വിദ്യാര്‍ത്ഥികളോട്’ അല്‍ഫോണ്‍സ് പുത്രന്‍

സിനിമയിലെത്തി ഉയരങ്ങളിലേക്ക് സഞ്ചരിക്കുമ്പോള്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്യരുതെന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഫിലിംമേക്കിങ്ങില്‍ താല്‍പര്യമുള്ളവരുമായി നടത്തിയ ഫേസ്ബുക്ക് ചര്‍ച്ചയിലാണ് സംവിധായകന്റെ പ്രതികരണം. ‘നല്ലൊരു സ്‌ക്രിപ്റ്റ് കയ്യിലുണ്ട് സിനിമയാക്കല്‍ എങ്ങനെ നടക്കും’ എന്ന ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന്റെ മറുപടി ഇങ്ങനെ.

“ഒരു നിര്‍മ്മാതാവിനെ കണ്ടെത്തുക. പ്രൊഡ്യൂസറെ കണ്ടെത്താന്‍ പറ്റിയില്ലെങ്കില്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും ചോദിക്കുക. കുറച്ച് പണം കണ്ടെത്തി ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുക. ഉയര്‍ച്ചയ്ക്കിടെ ആരോടും ഒരു ദ്രോഹവും ചെയ്യാതിരിക്കുക. കാരണം, നിങ്ങള്‍ വീണുകൊണ്ടിരിക്കുമ്പോള്‍ അവര്‍ താഴെ കാത്തിരിക്കുന്നുണ്ടാകും. നിങ്ങള്‍ക്ക് നല്ലത് ചെയ്യുന്നവരോട് നന്നായി പെരുമാറുക. ഇതിനിടയില്‍ നിങ്ങളെ വഞ്ചിക്കുന്നവരേക്കുറിച്ച് ആകുലപ്പെടരുത്. ഒരു സിനിമയുണ്ടാക്കുകയാണ് നിങ്ങളുടെ ലക്ഷ്യം. നിങ്ങളെ പറ്റിച്ചവരെ ശിക്ഷിക്കലല്ല. എല്ലാ ദിക്കുകളില്‍ നിന്നും അസ്വസ്ഥതകളുണ്ടാകും. ആത്മവിശ്വാസത്തോടെ നിങ്ങളുടെ മനസിലുള്ളത് സൃഷ്ടിച്ചെടുക്കുക. നിങ്ങളുടെ ലക്ഷ്യം നല്ലതാണെങ്കില്‍ അത് നിങ്ങളെ രക്ഷിക്കും.”

ഫിലിം മേക്കിങ്ങിനേക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങള്‍ പങ്കുവെയ്ക്കാമെന്ന് അല്‍ഫോണ്‍സ് കഴിഞ്ഞ ദിവസം തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് കീഴെ ചോദ്യങ്ങളുമായി കേരളത്തിന് പുറത്തുനിന്നുള്ളവരുള്‍പ്പെടെ നിരവധി പേരെത്തി. മിക്കവര്‍ക്കും സംവിധായകന്‍ മറുപടി നല്‍കി. ഫിലിം മേക്കിങ്ങിനേക്കുറിച്ച് രണ്ട് വാചകത്തില്‍ പറയാമോയെന്ന ചോദ്യത്തിന് ‘ഹി..ഹി..ഹി’ എന്നാണ് അല്‍ഫോണ്‍സ് പ്രതികരിച്ചത്. ചോദ്യോത്തര ത്രെഡ് ശനിയാഴ്ച്ച വൈകുന്നേരത്തോടെ സംവിധായകന്‍ ഡിലീറ്റ് ചെയ്തു.

Also Read: ‘ഹാര്‍ഡ് ഡിസ്‌കില്‍ സ്‌പേസുണ്ടെങ്കില്‍ ഇഷ്ടം പോലെ ഷൂട്ട് ചെയ്യും’: അല്‍ഫോണ്‍സ് പുത്രന്‍

ഫേസ്ബുക്ക് സംവാദത്തിലെ പ്രസക്ത ഭാഗങ്ങള്‍

പ്രദീപ് സുകുമാരന്‍: ഷൂട്ട് ചെയ്യുമ്പോള്‍ തന്നെ എഡിറ്റിങ്ങിനേക്കുറിച്ച് ചിന്തിക്കാറുണ്ടോ? സംവിധാനത്തിനിടെ എഡിറ്റര്‍ സഹായമാണോ തടസമാണോ?

അല്‍ഫോണ്‍സ് പുത്രന്‍: ഷൂട്ട് ചെയ്യുമ്പോഴും അതിന് ശേഷവും എഡിറ്റ്‌സിനേക്കുറിച്ച് ചിന്തിക്കാറുണ്ട്.

റോയലിന്‍ റോബര്‍ട്ട്: തിരക്കഥ നന്നായി എഴുതിയില്ലെങ്കിലും മേക്കിങ്ങില്‍ ശരിയാക്കുമെന്ന തോന്നലുണ്ടോ?

അല്‍ഫോണ്‍സ് പുത്രന്‍: അതെ. എപ്പോഴും ഞാന്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട്. എനിക്ക് സര്‍ ആര്‍തര്‍ കോനന്‍ ഡോയലിനേപ്പോലെ എഴുതാന്‍ കഴിയില്ലെന്ന് ഉറപ്പാണ്. പക്ഷെ, എനിക്ക് വേണ്ടതുപോലെ സിനിമ ചെയ്യാന്‍ പറ്റും.

ശരത് കെ ആര്‍: സംവിധായകന്‍ തന്നെ എഴുതുമ്പോള്‍ സിനിമയ്ക്ക് സ്‌ക്രിപ്റ്റ് ആവശ്യമാണോ?

അല്‍ഫോണ്‍സ് പുത്രന്‍: സ്‌ക്രിപ്റ്റ് ഉണ്ടെങ്കില്‍ അത് എല്ലാ ടെക്‌നീഷ്യന്‍സിനും മനസിലാകും. ഇല്ലെങ്കില്‍ ഡയറക്ടര്‍ തന്നെ പെടും.

രോഹിത് സത്യനാരായണന്‍: സംവിധാനത്തിലെ പ്രചോദനം ആരൊക്കെയാണ്?

അല്‍ഫോണ്‍സ് പുത്രന്‍: പ്രിയദര്‍ശന്‍, സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ഫാസില്‍, ശ്രീനിവാസന്‍, ബാലു മഹേന്ദ്ര, സത്യന്‍ അന്തിക്കാട്, അകിര കുറസോവ, ജയിംസ് കാമറൂണ്‍, സെര്‍ജിയോ ലിയോണ്‍, മണിരത്‌നം, ഷങ്കര്‍, വെട്രിമാരന്‍, അന്‍വര്‍ റഷീദ്, ക്വന്റിന്‍ ടറന്റിനോ (ഫ്‌ളോയില്‍ ആശാനെ പറയാന്‍ വിട്ടുപോയി)

രാജാറാം പന്ത്: സ്‌ക്രീന്‍ പ്ലേ സീക്രട്ട് എന്താണ്?

അല്‍ഫോണ്‍സ് പുത്രന്‍: ടൈറ്റിലിനോട് ചേര്‍ന്നുതന്നെ മുന്നോട്ടുപോകുക. എനിക്ക് അതാണ് ശരിയാകുന്നത്.

ബിബിന്‍ ജി: പല സ്‌ക്രിപ്റ്റുകള്‍ക്ക് വേണ്ടി 4-5 ഐഡിയകളുണ്ട്. എങ്ങനെ ഇവയൊന്ന് ക്രമപ്പെടുത്തി തീരുമാനമെടുക്കാന്‍ പറ്റും?

അല്‍ഫോണ്‍സ് പുത്രന്‍: നിങ്ങള്‍ ഒരു സ്‌കൂളിലാണെന്ന് കരുതുക. സ്‌കൂളിലെ പീരിയഡുകള്‍ പോലെ ജോലി സമയം വിഭജിക്കുക. എഴുതാന്‍ ഒരു വിഷയമെടുക്കുക. ഭാവനയില്‍ കാണുക. ജോഗ്രഫി – ഒരു കോമഡി സ്‌ക്രിപ്റ്റ്, ഹിസ്റ്ററി – ഒരു പീരിയോഡിക് സ്‌ക്രിപ്റ്റ്, കണക്ക് – ഒരു സയന്‍സ് ഫിക്ഷന്‍. നിങ്ങളുടെ സമയം നിങ്ങള്‍ തന്നെ കണ്ടെത്തണം.

എക്‌സിക്യൂട്ട് ചെയ്യുമ്പോള്‍ പെട്ടെന്ന് ചെയ്യാവുന്നത് തെരഞ്ഞെടുക്കുക. എന്നിട്ട് വലിയവ പതുക്കെ മുന്നോട്ടുകൊണ്ടുപോകുക. ഒറ്റയടിക്ക് ഡിജിപിയാകണമെന്ന് ചിന്തിക്കരുത്. ആദ്യം എസ്‌ഐ ആകുക, പിന്നീട് സിഐ, പിന്നെ പതുക്കെ സമയമെടുത്ത് കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഡിജിപിയാകുക.

ത്യാഗരാജന്‍ ഇരുളാണ്ടി: നന്നായി എഴുതപ്പെട്ട ഒരു സീന്‍ എങ്ങനെ ചെയ്‌തെടുക്കും?

അല്‍ഫോണ്‍സ് പുത്രന്‍: നിങ്ങള്‍ക്ക് 20 മുതല്‍ 100ലധികം വരെ തരത്തിലുള്ള ലെന്‍സുകളുണ്ടാകും. ട്രാക്ക് ആന്‍ഡ് ട്രോളി, പാന്തര്‍, സ്‌കോര്‍പിയോ, പല നീളത്തിലുള്ള ക്രെയിനുകള്‍, ജിംബലുകള്‍ അങ്ങനെ പല തരത്തിലുള്ള ഉപകരണങ്ങളുണ്ടാകും. നിങ്ങള്‍ ആഗ്രഹിക്കുന്ന നടീനടന്മാരെ ഉപയോഗിക്കാം. സീനിന്റെ ആവശ്യകതയനുസരിച്ച് ഇഷ്ടമുള്ള വസ്ത്രത്തിലും മേക്കപ്പിലും അവരെ അവതരിപ്പിക്കാം. നിങ്ങളുടെ മനസിലുള്ളത് പറയാന്‍ പല തരത്തിലുള്ള ആംഗിളുകള്‍ തെരഞ്ഞെടുക്കാം. പിന്നെ സംഗീതമുണ്ട്. എഡിറ്റിങ്ങ് പാറ്റേണുകളുണ്ട്. പിന്നെ സൗണ്ട് എന്ന വലിയ ഡിപ്പാര്‍ട്‌മെന്റ് തന്നെയുണ്ട്. കേട്ട് മാത്രമേ അതില്‍ തീരുമാനമെടുക്കാന്‍ കഴിയൂ. സീനുകളുടെ ലക്ഷ്യത്തിന് അനുസരിച്ച് ഇവയെല്ലാം ചേര്‍ത്താല്‍ നന്നായി എഴുതപ്പെട്ട ഒരു തിരക്കഥ നിങ്ങള്‍ക്ക് ചെയ്‌തെടുക്കാനാകും.

പ്രവീണ്‍ ഉണ്ണികൃഷ്ണന്‍: കേട്ടാല്‍ എക്‌സൈറ്റ് ചെയ്യിക്കുന്ന കഥയാണെങ്കിലും മലയാളത്തില്‍ വിജയിക്കില്ലെന്ന് തോന്നിയാല്‍ എന്ത് തീരുമാനിക്കും?

അല്‍ഫോണ്‍സ് പുത്രന്‍: വേണ്ടാന്ന് വെയ്ക്കും. അതല്ലേ കറക്ട് ബ്രോ?

Also Read: ‘വേണ്ടെന്ന് വെച്ചത് വിനായകനെ പരിഗണിച്ച റോള്‍, ആദിവാസിയായി ടൈപ് ചെയ്യപ്പെടുന്നതില്‍ എന്താണ് കുഴപ്പം?’; മൂര്‍ അഭിമുഖം

അബ്ദുസമദ് ചെന്ത്രാപ്പിന്നി: ഞാന്‍ ഒരു സിനിമ ചെയ്യാന്‍ പോകുകയാണ്. ലൈറ്റിങ്ങ് സജ്ജീകരണത്തേക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണോ? അതോ ക്യാമറാമാനെ വെച്ച് അത് ശരിയാക്കാന്‍ പറ്റുമോ?

അല്‍ഫോണ്‍സ് പുത്രന്‍: നിങ്ങള്‍ക്ക് അറിയാവുന്നതെല്ലാം സിനിമയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും.

കുളന്ത രാജ്: നല്ലൊരു സ്‌ക്രിപ്റ്റ് കൈയിലുണ്ട്. സിനിമയാക്കല്‍ എങ്ങനെ നടക്കും?

അല്‍ഫോണ്‍സ് പുത്രന്‍: ഒരു നിര്‍മ്മാതാവിനെ കണ്ടെത്തുക. പ്രൊഡ്യൂസറെ കണ്ടെത്താന്‍ പറ്റിയില്ലെങ്കില്‍ സുഹൃത്തുക്കളോടും ബന്ധുക്കളോടും ചോദിക്കുക. കുറച്ച് പണം കണ്ടെത്തി ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുക. ഉയര്‍ച്ചയ്ക്കിടെ ആരോടും ഒരു ദ്രോഹവും ചെയ്യാതിരിക്കുക. കാരണം, നിങ്ങള്‍ വീണുകൊണ്ടിരിക്കുമ്പോള്‍ അവര്‍ താഴെ കാത്തിരിക്കുന്നുണ്ടാകും. നിങ്ങള്‍ക്ക് നല്ലത് ചെയ്യുന്നവരോട് നന്നായി പെരുമാറുക. ഇതിനിടയില്‍ നിങ്ങളെ വഞ്ചിക്കുന്നവരേക്കുറിച്ച് ആകുലപ്പെടരുത്. ഒരു സിനിമയുണ്ടാക്കുകയാണ് നിങ്ങളുടെ ലക്ഷ്യം. നിങ്ങളെ പറ്റിച്ചവരെ ശിക്ഷിക്കലല്ല. എല്ലാ ദിക്കുകളില്‍ നിന്നും അസ്വസ്ഥതകളുണ്ടാകും. ആത്മവിശ്വാസത്തോടെ നിങ്ങളുടെ മനസിലുള്ളത് സൃഷ്ടിച്ചെടുക്കുക. നിങ്ങളുടെ ലക്ഷ്യം നല്ലതാണെങ്കില്‍ അത് നിങ്ങളെ രക്ഷിക്കും.

മദന്‍ കെ രാജ: സൗണ്ട് ഓഫ് ആംബിയന്‍സ് ഒരു സിനിമയില്‍ എത്രത്തോളം പ്രധാനമാണ്? സാധാരണ ചിത്രങ്ങളില്‍ ആദ്യം സംഭാഷണം, പിന്നെ പശ്ചാത്തലസംഗീതം അത് കഴിഞ്ഞാണ് ആംബിയന്‍സ് വരുന്നത്. പ്രേമത്തില്‍ എല്ലാ സീനുകളിലും സൗണ്ട് ഓഫ് ആംബിയന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്? വിശദീകരിക്കാമോ?

അല്‍ഫോണ്‍സ് പുത്രന്‍: ആ അനുപാതത്തില്‍ തന്നെ വേണമെന്നില്ല. എന്റെ സിനിമകളില്‍ ഈ രീതിയാണ് എനിക്കിഷ്ടം. എന്റെ സൗണ്ട് ഡിസൈന്‍ ടീമുമായി ചര്‍ച്ച ചെയ്താണ് അക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.

Also Read: ‘ഞാന്‍ കൂറ് മാറുന്നവന്‍ അല്ല, എന്ത് തടസമുണ്ടായാലും മനസാക്ഷിയുടെ കോടതിയില്‍ തലയുയര്‍ത്തി നില്‍ക്കും’; കുഞ്ചാക്കോ ബോബന്‍ അഭിമുഖം