വൻ വിജയമായി ആരും കാണേണ്ടതില്ല: ഫ്രാങ്കോ വിധിയിൽ സിസ്റ്റർ ലൂസി കളപ്പുര

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കികൊണ്ടുള്ള വിചാരണാ കോടതി വിധി വൻ വിജയമായി ആരും കാണേണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര. അഭയാ കേസ് തെളിയാൻ 28 കൊല്ലമാണ് എടുത്തത്. കോടതി മുറിക്കുള്ളിൽ നീതി ദേവത അരുംകൊല ചെയ്യപ്പെട്ട ദിവസമാണ് ഇന്നെന്നും സംസ്ഥാന സർക്കാർ എത്രയും വേഗം അപ്പീലിന് പോകുമെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ടുകൊണ്ടുള്ള നിയപോരാട്ടത്തിൽ മുൻപന്തിയിലുള്ള ആളാണ് സിസ്റ്റർ ലൂസി.

‘നീതിക്കായി പോരാടിയ എല്ലാവരോടും ചേർന്നുനിന്നുകൊണ്ട് ഖേദം പ്രകടിപ്പിക്കുന്നു. നമുക്കൊക്കെ അന്തസോടെ ജീവിക്കാനുള്ള സാഹചര്യം ഈ വിധിയിലൂടെ കൂടുതൽ ഭീഷണിയിലാകുകയാണ്,’ എന്ന് ലൂസി കളപ്പുര പ്രതികരിച്ചു.

ALSO READ: ഫ്രാങ്കോ മുളക്കൽ കുറ്റവിമുക്തൻ; കന്യാസ്ത്രീ പീഡനക്കേസിൽ നിർണായക വിധി

കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയാണ് ഫ്രാങ്കോ മുളക്കലിനെ വെറുതെ വിട്ടുകൊണ്ടുള്ള നിർണായക വിധി പുറപ്പെടുവിച്ചത്. അദ്ദേഹത്തിനെതിരെ ചുമത്തിയ കേസുകൾ നിലനിൽക്കില്ല എന്നാണ് ജഡ്ജി ജി ഗോപകുമാറിന്റെ സിംഗിൾ ബെഞ്ച് കണ്ടെത്തിയത്. ഒറ്റ വാചകത്തിലായിരുന്നു വിധി പ്രസ്‌താവം.

അംഗീകരിക്കാനാകാത്ത വിധിയാണെന്നും വിധിക്കെതിരെ അപ്പീൽ പോകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഹരിശങ്കർ ഐപിഎസ് പ്രതികരിച്ചു. ശക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും കോടതി മുഖവിലക്കെടുത്തില്ല എന്നും ഞെട്ടലോടെ ഈ വിധിയെ നോക്കികാണുന്നുവെന്നും കോട്ടയം മുൻ എസ്‌പി കൂടിയായ അദ്ദേഹം പറഞ്ഞു.

അപ്പീലിന് പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ജിതേഷ് ജെ ബാബുവും അറിയിച്ചു.

ഏഴു കുറ്റങ്ങളാണ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിരുന്നത്. ആവർത്തിച്ചുള്ള ബലാൽസംഗം, അധികാരം ഉപയോഗിച്ച് ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, അധികാര ദുർവിനിയോഗത്തിലൂടെ ലൈംഗിക ചൂഷണം, ഭീഷണിപ്പെടുത്തൽ, സ്ത്രീകൾക്കെതിരായ അതിക്രമം, അന്യായമായ തടഞ്ഞുവെയ്ക്കൽ എന്നിവയായിരുന്നു ചുമത്തിയ കുറ്റങ്ങൾ. ഇവ നിലനിൽക്കുന്നതല്ല എന്നാണ് കോടതി കണ്ടെത്തിയത്.

പൊട്ടിക്കരഞ്ഞുകൊണ്ട് വിധിയോട് പ്രതികരിച്ച ഫ്രാങ്കോ ദൈവത്തിനും കൂടെ നിന്നവർക്കും അദ്ദേഹം നന്ദി പറഞ്ഞു. വിധി വന്ന് നിമിഷങ്ങൾക്കുള്ളിൽ ജലന്ധർ അതിരൂപത പത്രക്കുറിപ്പും പുറത്തിറക്കി. നിയമപോരാട്ടത്തിൽ കൂടെനിന്നവർക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു പത്രക്കുറിപ്പ്. കോടതി പരിസരത്ത് ഫ്രാങ്കോയുടെ സുഹൃത്തുക്കൾ മധുരം വിതരണം ചെയ്‌തു.